ന്യൂഡൽഹി: കോവിഡ് വൈറസിന് എതിരായ പോരാട്ടത്തിൽ കേരളം വളരെ പിന്നിലാണ്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്ന അവസ്ഥയാണുള്ളത്. ടിപിആർ കുറയാത്ത സാഹചര്യത്തിലും കേരളം സ്‌കൂൾ തുറക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നു. ഇതിൽ കടുത്ത ആശങ്ക നിലനിൽക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ചില ആശ്വാസ വാർത്തകളും പുറത്തുവരുന്നുണ്ട് താനും.

കോവിഡ് വൈറസ് ഒരാളിൽ നിന്ന് എത്ര പേരിലേക്ക് പകരുന്നു എന്നു സൂചിപ്പിക്കുന്ന ആർ വാല്യു (റീപ്രൊഡക്ഷൻ നമ്പർ) രാജ്യത്ത് ഒന്നിനു താഴെയെത്തിയെന്നു വിദഗ്ദ്ധർ വെളിപ്പെടുത്തി. ഓഗസ്റ്റ് അവസാനം 1.17 ആയിരുന്നത് സെപ്റ്റംബർ 4 7 സമയത്ത് 1.11 ആയി. സെപ്റ്റംബർ പകുതിയോടെ 0.92 ആയി. കേരളത്തിലും മഹാരാഷ്ട്രയിലും ആർ വാല്യു ഒന്നിനു താഴെയായി.

വാല്യു ഒന്നിനു മുകളിലാകുന്നതു പകർച്ചവ്യാധി വ്യാപിക്കുന്നതിന്റെ സൂചനയാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും ആർ വാല്യു കുറയുന്നത് ശുഭവാർത്തയാണെന്നു ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ സിതഭ്ര സിൻഹ പറഞ്ഞു. മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു പോലെയുള്ള നഗരങ്ങളിൽ ആർ വാല്യു ഇപ്പോഴും ഒന്നിനു മുകളിലാണ്.

രാജ്യത്ത് കോവിഡ് സജീവ കേസുകളും 3.09 ലക്ഷമായി കുറഞ്ഞു. 184 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 26,115 പുതിയ കേസുകളാണ്. മരണം 252. ഇതിൽ 92 എണ്ണം കേരളത്തിൽ നിന്നാണ്.

കേരളത്തിൽ കോവിഡ് വാക്‌സിനേഷൻ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിൽ എത്തിയിട്ടും ആശങ്ക ഒഴിയുന്നില്ലെന്നത് പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം കോവിഡ്-19 നെ പ്രതിരോധിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും ഫലപ്രദമായ മാർഗ്ഗം വാക്സിനേഷനാണെന്ന് വിദഗ്ദ്ധന്മാർ ഒറ്റസ്വരത്തിൽ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം എല്ലാവരിലും വാക്സിനേഷൻ എത്തിക്കാനുള്ള ശ്രമമാണ് സർക്കാർ ചെയ്തുവരുന്നത്.

അതേസമയം വാക്‌സിനേഷൻ കൂടുമ്പോഴും രോഗം കുറയുന്നില്ലെന്നത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നു. ഇങ്ങനെ ദ്രുതഗതിയിൽ വാക്സിനേഷൻ മുന്നേറുന്നതിനിടയിലാണ് ബ്രേക്ക്ത്രൂ അണുബാധ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ബ്രേക്ക് ത്രൂ അണുബാധ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോവിഡ് വാക്സിനേഷന് ശേഷമുണ്ടാക്കുന്ന കോവിഡ് രോഗബാധയെയാണ്.

കോവിഡ് ഒന്നാം തരംഗത്തിൽ ഉണ്ടായ രോഗബാധയുടെ നിരക്ക് കുറവായിരുന്നാൽ പോലും ഈ വർഷം മാർച്ച് അവസാനം മുതൽ തുടരുന്ന ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ, കേരളീയ സമൂഹത്തിൽ നല്ലൊരു ശതമാനം ജനങ്ങൾക്കും കാര്യമായ അളവിൽ രോഗബാധയുണ്ടായി കഴിഞ്ഞതായി കരുതാം.