തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ, കനത്തസുരക്ഷയിൽ രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പൊതുജനങ്ങൾക്ക് ചടങ്ങുകളിൽ പ്രവേശനമുണ്ടായിരുന്നില്ല.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. റിപ്പബ്ലിക് ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ അഭിനന്ദിച്ചു. നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് ഗവർണറുടെ അഭിനന്ദനം.

അടിസ്ഥാന സൗകര്യ വികസനത്തിൽ മികച്ച പുരോഗതി കേരളം കൈവരിച്ചുവെന്ന് തിരുവനന്തപുരത്ത് നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തുകൊണ്ട് ഗവർണർ പറഞ്ഞു. ഹൈവേ വികസനം, ജലപാത, ഗ്യാസ് പൈപ്പ് ലൈൻ എന്നിവ കമ്മീഷൻ ചെയ്തത് മികച്ച നേട്ടമാണ്. കോവിഡ് മൂന്നാം തരംഗത്തിനെ തിരായ പോരാട്ടത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന കേരളത്തിന് നീതി ആയോഗ് റാങ്കിംഗിൽ തുടർച്ചയായി നേട്ടം കൈവരിക്കാൻ സാധിച്ചെന്നും ഗവർണർ പറഞ്ഞു.

നീതി ആയോഗിന്റെ ആരോഗ്യസൂചികയിൽ നാല് വർഷം തുടർച്ചയായി കേരളം ഒന്നാമതാണ്. വാക്‌സിനേഷനിലും കേരളം ദേശീയ തലത്തിൽ ഒന്നാമതെന്ന് ഗവർണർ പറഞ്ഞു. കോവിഡ് ഇന്ത്യയുടെ ശക്തിയും നേതൃപാടവും തിരിച്ചറിച്ച കാലമാണിത്. കേരളത്തിന്റെ നേട്ടങ്ങൾ നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും സമത്വവും സ്വാതന്ത്ര്യവും എല്ലാപേർക്കും ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഗവർണർ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തണം. സാക്ഷരതയിലും ആരോഗ്യത്തിലും സ്‌കുൾ വിദ്യാഭ്യാസത്തിലെയും നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡിനെ രാജ്യം ശക്തമായി നേരിട്ടു. ലോകത്തെ തന്നെ വലിയ വാക്‌സിൻ ഡ്രൈവ് നടത്തിയെന്ന് പറഞ്ഞ ഗവർണർ സ്ത്രീധനത്തിനെതിരെ ആഞ്ഞടിച്ചു.

സ്ത്രീധന പീഡനകൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതികൾ എന്നത് സ്ത്രീധനമെന്ന പൈശാചികതയെ തടയും. ലിംഗസമത്വം അനിവാര്യം. ഉന്നത വിദ്യാഭ്യാസം ഇനിയും ശക്തിപ്പെടുത്തണമെന്ന് ഗവർണർ പറഞ്ഞു.