- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനക ദുർഗയും; ശശികല ശബരിമലയിലെത്തിയപ്പോൾ ഇതുണ്ടായില്ല; ഇനിയും ശബരിമല ദർശനം നടത്തുമെന്നും ഇരുവരും; കടുത്ത വിമർശനവുമായി മന്ത്രിമാരും സർക്കാറും രംഗത്തു വന്നതിന്റെ പിന്നാലെ തന്ത്രിക്ക് മേൽ സമ്മർദ്ദമേറുന്നു
തിരുവനന്തപുരം: യുവതീ പ്രവേശനത്തിന്റെ പിന്നാലെ നടത്തിയ ശുദ്ധികലശത്തിന്റെ പേരിൽ ശബരിമല തന്ത്രിക്കെതിരെ വിമർശനം കടുക്കുന്നതിനിടെ കണ്ഠരര് രാജീവരിനെതിരെ നിയമ നടപടിയുമായി ബിന്ദുവും കനകദുർഗ്ഗയും. ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനക ദുർഗയും അറിയിച്ചു. ഇതിനായി സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഇരുവരും വ്യക്തമാക്കി.
ശുദ്ധികലശം സ്ത്രീകൾക്കും ദലിതുകൾക്കുമെതിരായ വിവേചനമാണ്. താൻ ദലിതയായതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് ബിന്ദു പറഞ്ഞു. ശശികല ശബരിമലയിലെത്തിയപ്പോൾ ഇതുണ്ടായില്ല. ഇനിയും ശബരിമല ദർശനം നടത്തുമെന്നും ഇരുവരും അറിയിച്ചു. നേരത്തെ ബിന്ദുവും കനകദുർഗയും ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധികലശം നടത്തിയിരുന്നു. ഒരു മണിക്കൂർ നടയടച്ചാണ് ശുദ്ധികലശം നടത്തിയത്.
പൊലീസ് സംരക്ഷണയിൽ കഴിഞ്ഞ ദിവസം ഇരുവരും ശബരിമല ദർശനം നടത്തിയതിന് പിന്നാലെ ശ്രീകോവിൽ അടച്ചിട്ട് തന്ത്രി ശുദ്ധിക്രിയകൾ ചെയ്തത് ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ബോർഡിനോട് ആലോചിക്കാതെ ശ്രീകോവിൽ അടച്ചിട്ടത് ഗുരുതര പിഴവാണെന്ന് നിലപാടെടുത്ത ദേവസ്വം ബോർഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു. ദേവസ്വം ബോർഡിനോട് ആലോചിച്ചാണെങ്കിൽ പോലും ശ്രീകോവിൽ അടച്ചിട്ടത് കോടതിയലക്ഷ്യമാണെന്നും ഇക്കാര്യത്തിൽ അദ്ദേഹം കോടതിയോട് തന്നെ വിശദീകരണം നൽകട്ടെയെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. എന്നാൽ തന്ത്രിക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജികൾ സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിക്കാൻ തയ്യാറായില്ല.
നേരത്തെ കടുത്ത വിമർശനയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തുണ്ട്. ഇതോടെ തന്ത്രിക്ക് മേൽ കടുത്ത സമ്മർദ്ദമാണുള്ളത്. ഇന്ന് കടുത്ത വിമർശനമാണ് മന്ത്രി ജി സുധാകരൻ ഉന്നയിച്ചത്. സ്ത്രീയെ മ്ലേച്ഛയായി കണ്ട് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ എന്ന് സുധാകരൻ ചോദിച്ചു. തന്ത്രിക്ക് മനുഷ്യത്വമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്ത്രി ജാതിപ്പിശാശിന്റെ പ്രതീകമാണ്. ബ്രാഹ്മണ രാക്ഷസൻ. സ്ത്രീയെ മ്ലേച്ഛയായി കരുതി ശുദ്ധിക്രിയ നടത്തിയ തന്ത്രി മനുഷ്യനാണോ -ജി സുധാകരൻ ചോദിച്ചു.
ബ്രാഹ്മണ മേധാവിത്വത്തിന്റെ വീഴ്ചയുടെ ആരംഭമാണ് ഇവിടെ കുറിച്ചത്. ഇനി എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ജാതിക്കാരും കയറും. തന്ത്രിയെ സ്ഥാനത്തു നിന്ന് മാറ്റണം. എന്നാൽ, ഇക്കാര്യം തീരുമാനിക്കേണ്ടത് സർക്കാരല്ല ദേവസ്വം ബോർഡാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ എത്തിയ സ്ത്രീകളാരും അക്രമം കാണിച്ചിട്ടില്ല. ബിജെപിയും ആർ.എസ്.എസും കാണിക്കുന്നത് സ്ത്രീ വിരോധമാണ്. ആർ.എസ്.എസുകാർ നടത്തിയ അക്രമത്തെയും വർഗീയ പ്രചാരണങ്ങളെയും സർക്കാർ നിയമപരമായി നേരിടും. അക്രമത്തിനെ നേരിടേണ്ടത് സർക്കാരാണ് പാർട്ടിയല്ലെന്നും സുധാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ