കോതമംഗലം: വനിത മതിലിൽ പങ്കെടുക്കുന്നതിൽ നിന്നും സഭാവിശ്വാസികളെ വിലക്കണമെന്ന തരത്തിൽ കോൺഗ്രസ്സ് വൃത്തങ്ങളിൽ നിന്നുള്ള ഇടപെടൽ വകവയ്ക്കുന്നില്ലന്ന് യാക്കോബായ സഭ.വനിത ശാക്തീകരണമെന്ന നിലയിലാണ് പരിപാടിയിൽ സഭയുടെ വനിത സമാജം പ്രവർത്തകരും യുവജന സംഘടനാ പ്രവർത്തകരും പങ്കെടുക്കുന്നതെന്നും മറ്റുള്ളവർ പ്രചരിപ്പിക്കും പോലെ ഇക്കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ലന്നും തീരുമാനിച്ചതിൽ നിന്നും ഇക്കാര്യത്തിൽ പിന്നോട്ടില്ലന്നും സഭ മീഡിയ സെൽ ചെയർമാൻ കുര്യക്കോസ് മാർ തെയോഫിലോസ് മെത്രപ്പൊലീത്ത മറുനാടനോട് വ്യക്തമാക്കി.

ഒരു ലക്ഷം വിശ്വാസികളെ മനുഷ്യമതിലിൽ പങ്കെടുപ്പിക്കുമെന്ന് സഭാ നേതൃത്വം വ്യക്തമാക്കിയതിൽ ഏറെ ആശങ്ക കോൺഗ്രസ്സിനായിരുന്നെന്നും ഇതേ തുടർന്ന് ഈ തീരുമാനത്തിൽ നിന്നും സഭാനേതൃത്വത്തെ പിൻ തിരിപ്പിക്കാൻ പാർട്ടി നേതാക്കൾ സഭാവൃത്തങ്ങളുമായി ബന്ധപ്പെട്ടു എന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

കോതമംഗലം .പിറവം ,കരിങ്ങാച്ചിറ എന്നിവിടങ്ങളിൽ നിന്നാണ് മനുഷ്യമതിലിൽ പങ്കെടുക്കാൻ കൂടുതൽ സഭാവിശ്വാസികളെത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.കോതമംഗലം മേഖലയിലെ സഭയുടെ കീഴിലെ 28 പള്ളികളിൽ നിന്നും ഒരു ബസ്സുനിറയെ വിശ്വാസികൾ വനിത മതിലിൽ പങ്കെടുക്കാൻ പോകുമെന്നാണ് അറിയുന്നത്.പിറവത്തുനിന്നും കരിങ്ങാച്ചിറയിൽ നിന്നുമുൾപ്പെടെ മതിലിൽ കണ്ണികളാവാൻ സഭയുടെ കീഴിലെ പള്ളികളിൽ നിന്നും വിശ്വാസികൾ സ്വമനസ്സാലെ തയ്യാറായി എത്തുന്നുണ്ടെന്നും യൂത്ത് അസ്സോസീയേഷൻ ഇക്കാര്യത്തിൽ ഉറച്ച പിൻതുണയുമായി രംഗത്തുണ്ടെന്നും യൂത്ത് അസോസിയേഷൻ ദേശിയ ജനറൽ സെക്രട്ടറി ജോസ് സ്ലീബ ,സെക്രട്ടറി ബൈജു മാത്താറ, ഭാരവാഹികളായ സിന്ധു ഏലിയാസ്, അപർണ്ണ ജോയി, എന്നിവർ അറിയിച്ചു.

മെത്രപ്പൊലീത്ത പറഞ്ഞത് പബ്ളിസിറ്റിക്കാണെന്നും സഭയിൽ നിന്നും ഇടതുപക്ഷ വിശ്വാസികൾ മാത്രമാണ് മതിലിൽ പങ്കെടുക്കുകയുള്ളു എന്നുമായിരുന്നു ഇന്നലെ വലതുപക്ഷ രാഷ്ട്രീയ കക്ഷിനേതാക്കളും മറ്റും പ്രചരിപ്പിച്ചിരുന്നത്.എന്നാൽ ഇക്കാര്യത്തിൽ കഴമ്പില്ലന്നാണ് ഇന്നത്തെ സ്ഥിതിഗതികളിൽ നിന്നും വ്യക്തമാവുന്നത്.കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ നിന്നും 500 -ളം വിശ്വാസികൾ പുറപ്പെടാൻ തയ്യാറായിട്ടുണ്ടെന്നാണ് പള്ളിക്കമ്മറ്റി ഭാരവാഹികളിൽ നിന്നും ഒടുവിൽകിട്ടിയ വിവരം.പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിച്ച സഹാചര്യത്തിൽ വിശ്വാസികൾ കൂടുതൽ ഊർജ്ജസ്വലതയോടെ മതിലിൽ പങ്കെടുക്കാനെത്തുമെന്ന് കരുതുന്നവരും ഏറെയാണ്.