കോതമംഗലം: വനവിഭവങ്ങൾ ശേഖരിക്കാനിറങ്ങിയ ആദിവാസികളായ നാലംഗസംഘത്തിനുനേരെ കാട്ടാനയുടെ ആക്രമണം.ചവിട്ടേറ്റ രണ്ട് പേരുടെ നില ഗുരുതരം.രണ്ട് പേർ ഓടി രക്ഷപെട്ടു. ഇന്ന് പുലർച്ച 3 മണിയോടെ ഇടമലയാർ പുഴയ്ക്ക് അക്കരെ അമാന്തുള്ളി വനഭാഗത്ത് കാട്ടിൽ തീക്കുണ്ടമൊരുക്കി കിടന്നുറങ്ങിയിരുന്ന കുട്ടമ്പുഴ പന്തപ്ര ആദിവാസി കോളനിവാസികളായ ചന്ദ്രൻ ഗോപാലൻ(39)കണ്ണൻ നാഗപ്പൻ(43)എന്നിവർക്കാണ് ആനയുടെ ചവിട്ടേറ്റത്.കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇരുവരുടെയും നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ചന്ദ്രന്റെ പുറത്താണ് ചവട്ടേറ്റിട്ടുള്ളത്.ഇയാൾ അബോധാവസ്ഥയിലാണ്.

കാട്ടിൽ ആഴ്ചകളോളം തങ്ങിയ വനവിഭവങ്ങൾ ശേഖരിച്ച ശേഷമാണ് ആദിവാസികളിൽ ചിലർ തിരിച്ച് കുടിയിലേക്ക് എത്താറുള്ളു.മൂന്നും നാലും പേർ കൂട്ടമായി കാട്ടിൽ തമ്പടിക്കുന്നതും പതിവാണ്.ആനകളുടെയും മറ്റും ആക്രണം കണക്കിലെടുത്ത് ഇവരിൽ ചിലരൊക്കെ ഏറുമാടം കെട്ടി ഇതിലാണ് രാത്രികാലങ്ങൾ കഴിച്ചുകൂട്ടിയിരുന്നത്.ആനകളെയും മറ്റ് വന്യമൃഗങ്ങളെയും അകറ്റാൻ വലിയമരക്കഷണങ്ങളും മറ്റും കൂട്ടിയിട്ട് തീകത്തിച്ച ശേഷം നിലത്ത് കിടന്നുറങ്ങന്നവരും ഇവർക്കിടയിലുണ്ട്.

ഇത്തരത്തിൽ നിലത്തുകിടന്ന് ഉറങ്ങിയവർക്ക് നേരെയാണ് ഇന്ന് പുലർച്ചെ ആക്രമണം ഉണ്ടായത്.തീ കെട്ടവിവരം ഉറങ്ങിയിരുന്നവർ അറിഞ്ഞിരിക്കാനിടയില്ലെന്നും ഇതാണ് ആന ഇവർ കിടന്നതിനടുത്തെത്താൻ കാരണ കാരണമെന്നാണ് കോളനിവാസികളുടെ വിലയിരുത്തൽ.3 മണിയോടെ ആക്രമണ മുണ്ടായെങ്കിലും വാഹനസൗകര്യമൊരുക്കി ഇവരെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും 10 മണിയോടടുത്തിരുന്നെന്നാണ് ലഭ്യാമായ വിവരം.

പരിക്കേറ്റവർക്കൊപ്പമുണ്ടായിരുന്നവർ സഹായം തേടി കുട്ടമ്പുഴയിലെ പരിചയക്കാരനെയാണ് മൊബൈലിൽ ബന്ധപ്പെട്ടത്.ഇയാൾ കോളനിവാസികളെ വിവരമറിയിച്ചു.തുടർന്ന് വനംവകുപ്പധികൃതരെയും വിവരമറിയിച്ചു.തുടർന്നാണ് രക്ഷാപ്രവർത്തനത്തിനുള്ള നീക്കം ശക്തമായത്.വിവരമറിഞ്ഞ് വടാട്ടുപാറയിൽ സ്പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘവും വനപാലകർക്കൊപ്പം പരിക്കറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ദൗത്യത്തിൽ പങ്കാളികളായി.

പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ചന്ദ്രനെ സ്ട്രച്ചറിൽകിടത്തി അരകിലോമീറ്ററോളം ചുമന്നാണ് കോളനിവാസികൾ വാഹന സൗകര്യമുള്ളിടത്തേക്ക് എത്തിച്ചത്.മേഖലയിൽ ആന ശല്യം വ്യാപകമായിട്ട് വർഷങ്ങളായി.ആനശല്യം മൂലം വാരിയം ആദിവാസികുടിയിൽ നിന്നും ഉള്ളതെല്ലാം ഉപേക്ഷിച്ച് മലയിറങ്ങിയവരെയാണ് പന്തപ്ര ആദിവാസി കോളനിയിൽ പുനഃരധിവസിപ്പിച്ചിട്ടുള്ളത്.