- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളഭാഭിഷേകം നടന്നപ്പോൾ ഉച്ചപൂജ കഴിഞ്ഞു നടയടയ്ക്കുകയാണെന്നു കരുതി പൊലീസ് തീർത്ഥാടകരെ തിരിച്ചുവിട്ടു; ഉച്ചപൂജ തൊഴാൻ അവസരം നഷ്ടമായ ഭക്തർ ദർശനത്തിനായി മൂന്ന് വരെ കാത്തു നിന്നു; സന്നിധാനത്തെ ചടങ്ങുകൾ അറിയാത്ത പൊലീസുകാരും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതോടെ ദുരിതത്തിലായി അയ്യപ്പഭക്തർ
ശബരിമല: സന്നിധാനത്ത് പൊലീസ് സാന്നിധ്യം ഭക്തർക്ക് ഗുണം ചെയ്യുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നൽ, ചടങ്ങുകളെ കുറിച്ച് കാര്യമായി അറിയാത്ത ചില ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ ഭക്തർ ദുരുതത്തിലായി. മകരവിളക്ക് പൂജക്കായി ശബരിമല നട തുറന്ന വേളയാണ് ഇന്നലെയാണ് ഭക്തർക്ക് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നത്. കളഭാഭിഷേകം നടന്നപ്പോൾ ഉച്ചപൂജ കഴിഞ്ഞു നടയടയ്ക്കുകയാണെന്നു കരുതി പൊലീസ് തീർത്ഥാടകരെ തിരിച്ചുവിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. അതുകാരണം ഉച്ചപൂജ തൊഴാൻ അവസരം കിട്ടിയില്ലെന്നു മാത്രമല്ല ദർശനത്തിനായി 3ന് നടതുറക്കും വരെ കാത്തുനിൽക്കേണ്ടി അവസ്ഥയുമുണ്ടായി.
അടുത്തിടെ പുതുതായി നിയോഗിച്ച പൊലീസ് സംഘത്തിനാണ് പൂജാകാര്യങ്ങളെ കുറിച്ച് കാര്യമായ അറിവില്ലാതിരുന്നത്. ഇതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. പൂജകളെപ്പറ്റിയും ആ സമയത്തെ ക്രമീകരണങ്ങളെപ്പറ്റിയും പൊലീസുകാർക്ക് ധാരണയില്ലാത്തതും മുൻകൂട്ടി ചോദിച്ചറിയാതെ തീരുമാനങ്ങൾ നടപ്പാക്കുന്നതുമാണു തീർത്ഥാടകരെ ബുദ്ധിമുട്ടിലാക്കുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നും ഒന്നിനും മധ്യേ പതിനെട്ടാംപടി കയറിയ അയ്യപ്പന്മാർക്കാണ് പൊലീസ് ഉദ്യോഗസ്ഥരുടെ തെറ്റായ നിർദേശങ്ങൾ കാരണം പൂജ തൊഴാൻ അവസരം കിട്ടാതെ വന്നത്. ഉച്ചപൂജയ്ക്കു നട അടച്ചപ്പോൾ പൂജ കഴിഞ്ഞതാണെന്നു പൊലീസ് തെറ്റിദ്ധരിച്ചു നൽകിയ നിർദേശമാണു ഭക്തർക്കു വിനയായത്. ഈ സമയം പതിനെട്ടാംപടി കയറി എത്തിയവരെ വടക്കേനട വഴി തിരിച്ചിറക്കി.
ഇതു തെറ്റായ നടപടിയാണെന്നു ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കുറച്ച് അയ്യപ്പന്മാരെ തിരിച്ചുവിളിച്ചു ദർശനത്തിനായി സോപാനത്തിൽ എത്തിച്ചു. അപ്പോഴേക്കും നല്ലൊരുഭാഗവും മാളികപ്പുറത്തേക്കു പോയിരുന്നു. അവർ വൈകിട്ട് 3ന് നടതുറന്നശേഷം വടക്കേനട വഴി എത്തിയാണു ദർശനം നടത്തിയത്. സന്നിധാനത്തു തിരക്ക് കൂടിയതോടെ വിരി വയ്ക്കാനും ഇടം കിട്ടാതായി. മകരവിളക്കിന്റെ വലിയ തിരക്കിൽ സ്വാമി ഭക്തർ കഷ്ടപ്പെടുമ്പോഴും വാവരുനടയിലെ ബാരിക്കേഡ് നീക്കുന്നില്ല. ഉച്ചയ്ക്കു ശേഷം എത്തുന്ന തീർത്ഥാടകർക്കു നെയ്യഭിഷേകം നടത്തണമെങ്കിൽ സന്നിധാനത്തിൽ തങ്ങിയേപറ്റു. അതിനു വിരിവയ്ക്കാൻ സ്ഥലമില്ലാത്തതാണു പ്രധാന പ്രശ്നം. എല്ലാ സ്ഥലങ്ങളിലും ഇപ്പോൾ തിങ്ങിനിറഞ്ഞ് അയ്യപ്പന്മാരാണ്.
മറുനാടന് മലയാളി ബ്യൂറോ