നിലയ്ക്കൽ: ശബരിമലയിലെ യുവതി പ്രവേശനത്തെ വിശ്വാസികളാണ് എതിർക്കുന്നത്. ഇവർക്കൊപ്പമാണ് ബിജെപിയും സംഘപരിവാറും. എന്നാൽ പരിവാറുകാർക്ക് മാത്രമാണ് എതിർപ്പെന്നും അവർ ബോധപൂർവ്വം വിശ്വാസികളെ തടയുന്നുവെന്നും സർക്കാരും സിപിഎമ്മും പറയുന്നു. എന്നാൽ ശബരിമലയിൽ യുവതികളെത്തിയാൽ തടയാൻ ഭക്തരാണ് മുന്നിലുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. യുവതികളുമായി ശബരിമല ദർശനത്തിനെത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളുടെ ബസിന്റെ ചില്ലുകൾ എറിഞ്ഞുതകർത്തത് തമിഴ്‌നാട്ടുകാരാണ്. വലിയ പ്രതിഷേധമാണ് ഇവർ ഉയർത്തിയത്.

സംഭവത്തിൽ തമിഴ്‌നാട് കാളിയമ്മൻകോവിൽ സ്വദേശിയായ പവൻ രാജി(56)നെ നിലയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽവിട്ടു. വ്യാഴാഴ്ച രാവിലെ 11-ന് നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലാണ് സംഭവം. ഒന്നാംപാർക്കിങ് ഗ്രൗണ്ടിൽ നിർത്തുന്നതിനായി എത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളുടെ ബസിൽ യുവതികളെ കണ്ടതോടെ തമിഴ്‌നാട്ടിൽനിന്നെത്തിയവർ ബസ് തടയുകയും വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. ഇതിനിടെയാണ് ബസിന്റെ ചില്ലെറിഞ്ഞുതകർത്തത്. ബസിലുണ്ടായിരുന്ന സ്ത്രീകളെ പൊലീസ് കൺട്രോൾ റൂമിൽ എത്തിച്ചു.

ശബരിമല ദർശനത്തിന് എത്തിയതല്ലെന്നും നിലയ്ക്കൽവരെയേ ഉള്ളൂവെന്നും യുവതികളും വ്യക്തമാക്കിയതോടെ പ്രതിഷേധക്കാർ പിൻവലിഞ്ഞു. ഇതോടെ യുവതി പ്രവേശനത്തിൽ ഭക്തരുടെ പ്രതിഷേധത്തിന്റെ തോതും വ്യക്തമായി. അതിനിടെ കൂടുതൽ യുവതികളെ ശബരിമലയിൽ എത്തിക്കാൻ നീക്കം നടക്കുന്നതായി സൂചനയുണ്ട്. ഇതിനെ ചെറുക്കാൻ സന്നിധാനത്തും മരക്കൂട്ടത്തും പമ്പയിലും എല്ലാം ഭക്തരും സജീവമായി നിരീക്ഷണം നടത്തുന്നു. വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തുന്ന സാഹചര്യം സന്നിധാനത്തും മറ്റുമുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.