- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല യുവതീപ്രവേശനം: കണ്ണൂർ ജില്ലയിൽ വ്യാപക പ്രതിഷേധവും അക്രമവും; തലശേരിയിൽ ബിജെപി മാർച്ചിനിടെ സിപിഐ ഓഫീസിന് നേരേ കല്ലേറ്; എഐടിയുസി നേതാവ് പൊന്ന്യം കൃഷ്ണന് പരിക്കേറ്റു
കണ്ണൂർ: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ പ്രതിഷേധവും അക്രമവും. തലശ്ശേരിയിൽ ബിജെപി. നടത്തിയ പ്രകടനത്തിനിടെ സിപിഐ. ഓഫീസിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ എ.ഐ.ടി.യു.സി. നേതാവ് പൊന്ന്യം കൃഷ്ണന് പരിക്കേറ്റു. പരിക്കേറ്റ കൃഷ്ണൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം. തലശ്ശേരിയിൽ പ്രകടനം നടത്തി. യു.ഡി.എഫ് നേതൃത്വത്തിലും നഗരത്തിൽ പ്രകടനം നടന്നു.
കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിനു നേരെ കല്ലേറ് ഉണ്ടായി. ഒരു സംഘമാളുകളെത്തി ബസിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബസിന്റെ മുൻ വശത്തെ ചില്ലുകൾ തകർന്നു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ ബിജെപി, യുവമോർച്ചാ, ശബരിമല കർമ സമിതി പ്രവർത്തകർ കണ്ണൂരിൽ പ്രകടനം നടത്തി.
താളിക്കാവിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കാൽടെക്സിനു സമീപം സമാപിച്ചു. തുടർന്നു പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ശബരിമല കർമസമിതി നേതാവ് കെ.ജി. ബാബു ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സി.സി. രതീഷ്, ജസിൻ, എസ്.വിജയ് എന്നിവർ പ്രസംഗിച്ചു. ഉപരോധം കാരണം അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഉച്ചകഴിഞ്ഞു 3.30 ഓടെ ഒരു സംഘം കണ്ണൂർ പള്ളിക്കുന്ന് വനിതാ കോളജിനു മുന്നിലെ റോഡിൽ ടയർ കൂട്ടിയിട്ടു തീയിട്ടു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം അരമണിക്കുറോളം തടസപ്പെട്ടു. തുടർന്നു പൊലീസ് സ്ഥലത്തെത്തി കത്തുന്ന ടയറുകൾ റോഡിന്റെ ഇരുവശങ്ങളിലേക്കു മാറ്റി. പിന്നീട് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. താഴെചൊവ്വ ദേശീയപാതയിൽ ഒരു സംഘം പ്രവർത്തകർ റോഡിൽ ടയർ കൂട്ടിയിട്ടു തീയിട്ടു. കണ്ണൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണു തീയണച്ചത്. ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം നിലച്ചു.
രഞ്ജിത്ത് ബാബു മറുനാടൻ മലയാളി കണ്ണൂർ റിപ്പോർട്ടർ