- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവകാശസംരക്ഷണത്തിന്റെ പേരിൽ സ്ത്രീകളെ തെരുവിലിറക്കുന്നതും പരപുരുഷന്മാരോടൊപ്പം വേദി പങ്കിടുന്നതും നടു റോഡിൽ പ്രകടനം നടത്തുന്നതുമെല്ലാം ഇസ്ലാമികവിരുദ്ധ; ഏതുസംഘടന സ്ത്രീകളെ പൊതുരംഗത്തേക്കു കൊണ്ടുവന്നാലും അതു തെറ്റാണ്: മന്ത്രി ജലീലിനെ തള്ളിപ്പറഞ്ഞ് ഉറച്ച സ്ത്രീ വിരുദ്ധ നിലപാടുമായി സമസ്ത രംഗത്ത്
മലപ്പുറം: പൊതുരംഗത്തേക്കുള്ള മുസ്ലിംസ്ത്രീകളുടെ പ്രവേശവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ ആരോപണത്തിന് സ്ത്രീ വിരുദ്ധത നിറച്ച സമസ്തയുടെ മറുപടി. അവകാശസംരക്ഷണത്തിന്റെ പേരിൽ സ്ത്രീകളെ തെരുവിലിറക്കുന്നതും പരപുരുഷന്മാരോടൊപ്പം വേദിയിൽ പങ്കെടുപ്പിക്കുന്നതും പ്രകടനം നടത്തുന്നതുമെല്ലാം ഇസ്ലാമികവിരുദ്ധമാണെന്ന് സമസ്ത ആവർത്തിച്ചു.
ബുധനാഴ്ച കോഴിക്കോട്ട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് നിലപാട് വ്യക്തമാക്കിയത്. ഏതുസംഘടന സ്ത്രീകളെ പൊതുരംഗത്തേക്കു കൊണ്ടുവന്നാലും അതു തെറ്റാണ്. മതനിയമങ്ങൾ പറയുമ്പോൾ സംഘടനാവിവേചനം കാണിക്കാറില്ലെന്നും സമസ്ത വ്യക്തമാക്കി.
വനിതാമതിലിൽ മുസ്ലിംസ്ത്രീകൾ പങ്കെടുക്കുന്നത് ഇസ്ലാമികവിരുദ്ധമാണെന്ന സമസ്ത യുവജന നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രതികരണം വിവാദത്തിനിടയാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഉയർത്തിക്കാട്ടി മന്ത്രി കെ.ടി. ജലീൽ സമസ്തക്കെതിരേ രംഗത്തുവന്നു. മുസ്ലിംസ്ത്രീകൾ ലീഗ് പരിപാടികളിൽ പങ്കെടുക്കുന്നത് ഇസ്ലാമികവും സിപിഎം. പരിപാടികളിൽ പങ്കെടുക്കുന്നത് അനിസ്ലാമികവുമാകുന്നത് എങ്ങനെയാണെന്നായിരുന്നു ജലീലിന്റെ ചോദ്യം. മുസ്ലിം യൂത്ത്ലീഗിന്റെ യുവജനയാത്രയിലെ സ്ത്രീപങ്കാളിത്തവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടെ ഇരുവിഭാഗം സമസ്ത നേതാക്കളും മന്ത്രിക്കെതിരേ രംഗത്തുവന്നു. നിരീശ്വരവാദികളെപ്പോലും കടത്തിവെട്ടുന്ന തരത്തിലാണ് മന്ത്രി പെരുമാറുന്നതെന്നും അദ്ദേഹത്തെ അവഗണിക്കേണ്ട സമയം അതിക്രമിച്ചെന്നുമായിരുന്നു സുന്നി നേതാക്കളുടെ പ്രതികരണം. ഈ വാക്പോര് തുടരുന്നതിനു പിന്നാലെയാണ് മതനിയമങ്ങൾ പറയുന്നതിൽ സമസ്ത പാർട്ടി വിവേചനം കാണിക്കാറില്ലെന്ന നിലപാടുമായി മുശാവറ രംഗത്തുവന്നത്.