- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസർകോട് ജില്ലയിൽ തയ്യാർ; 124 ദിവസം കൊണ്ട് പണി പൂർത്തിയാക്കിയ ആശുപത്രി ഉടൻ സർക്കാരിന് കൈമാറും: ടാറ്റാ ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ ആശുപത്രിയുടെ നിർമ്മാണ ചെലവ് 60 കോടി രൂപ
കാസർകോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസർകോട് ജില്ലയിൽ തയ്യാർ. അഞ്ചേക്കർ ഭൂമിയിൽ ടാറ്റാ ഗ്രൂപ്പ് നിർമ്മിച്ച ആശുപത്രിയിൽ 541 കിടക്കകളാണ് ഉള്ളത്. കാസർകോട് ജില്ലയിലെ ചട്ടഞ്ചാൽ നിർമ്മിച്ച ആശുപത്രിയുടെ അവസാന മിനുക്ക് പണി പുതിയവളപ്പിൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയതായും കൈമാറാൻ ഒരുക്കമാണെന്നും ടാറ്റ ഗ്രൂപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു.
ഏപ്രിൽ 11ന് നിർമ്മാണം തുടങ്ങിയ ആശുപത്രി 60 കോടി ചെലവിൽ 124 ദിവസം കൊണ്ടാണ് ടാറ്റാ ഗ്രൂപ്പ് പണി പൂർത്തിയാക്കിയത്. 51200 ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രിയിൽ 128 യൂണിറ്റുകളാണ് ഉള്ളത്. കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ ജില്ലയിൽ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം കുത്തനെ ഉയരുകയും കാസർകോട്ടെ ചികിത്സാ പരിമിതികൾ ചർച്ചയാവുകയും ചെയ്തപ്പോഴാണ്, ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത കോവിഡ് ആശുപത്രി കാസർകോട്ട് അനുവദിച്ചത്.
ആശുപത്രി നിർമ്മിച്ചു കൈമാറുന്നതോടെ ടാറ്റയുടെ ഉത്തരവാദിത്തം കഴിഞ്ഞു. കട്ടിലിൽ കിടക്കകൾ സ്ഥാപിക്കുന്നതു മുതൽ ആശുപത്രിക്കാവശ്യമുള്ള ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കേണ്ടതും മറ്റു സംവിധാനങ്ങളൊരുക്കേണ്ടതും സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ജില്ലയിലെ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമസ്ഥരുടെ സംഘടനയും കരാറുകാരും ഭൂമി നിരപ്പാക്കുന്നതിനായി അവരവരുടെ വാഹനങ്ങൾ സൗജന്യമായി വിട്ടുനൽകിയിരുന്നു. അൻപതിലേറെ മണ്ണുമാന്തി യന്ത്രങ്ങൾ രണ്ടാഴ്ചയോളം തുടർച്ചയായി ജോലി ചെയ്താണു നിലം നിരപ്പാക്കി എടുത്തത്. റോഡ് നിർമ്മാണം ബാക്കിയാണ്. അതേസമയം ആശുപത്രിയുടെ പരിപാലനവും ജീവനക്കാരെ നിയമിക്കലുമെല്ലാം സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
30 വർഷം വരെ കേടുപാടില്ലാതെ ഉപയോഗിക്കാം. അറ്റകുറ്റപ്പണി കൃത്യമായി നടത്തിയാൽ 50 വർഷം വരെ ഉപയോഗിക്കാം. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് 5 കട്ടിൽ, പോസിറ്റീവ് ആയവരാണെങ്കിൽ 3 കട്ടിൽ ആണ് ഉള്ളത്. വയോധികർക്ക് ഒറ്റ കട്ടിൽ ഉള്ള യൂണിറ്റുമുണ്ട്. ആവശ്യാനുസരണം ബെഡ് കൂട്ടാം കുറയ്ക്കാം. യൂണിറ്റിൽ 2 എസി, 5 ഫാൻ. പ്രത്യേകം ശുചിമുറികൾ, വായു ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്ന ഡക്ട് എസി.
പ്രീഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ
ടാറ്റയുടെ വിവിധ പ്ലാന്റുകളിൽ നിർമ്മിച്ച യൂണിറ്റുകൾ കണ്ടെയ്നർ ലോറികളിൽ എത്തിച്ചു ചട്ടഞ്ചാലിലെ സൈറ്റിൽ ഒരുക്കിയ കോൺക്രീറ്റ് തറയിൽ ഉറപ്പിച്ചാണ് ആശുപത്രി നിർമ്മിച്ചത്. ചണ്ഡീഗഡ്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ്, ഹൗറ എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിന്നാണു യൂണിറ്റ് എത്തിച്ചത്.
മംഗളൂരുവിൽ കരാർ അടിസ്ഥാനത്തിലും യൂണിറ്റ് നിർമ്മിച്ചു. രണ്ട് സ്റ്റീൽ പാളികൾക്കിടയിൽ തെർമോക്കോൾ പഫ് നിറച്ചാണ് യൂണിറ്റുകളുടെ നിർമ്മാണം. ചൂടു കുറയുന്നതിനു സഹായിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ.
മറുനാടന് മലയാളി ബ്യൂറോ