- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജിനെത്തിയ പാക്കിസ്ഥാൻ സംഘത്തിലൊരാൾ {{മാധ്യമം}} സ്റ്റാളിലെത്തി ചോദിച്ചു; 'മോനേ ഇപ്പോഴും ചന്ദ്രികയുണ്ടോ?' 52ൽ പാക്കിസ്ഥാനിലേക്കു കുടിയേറിയ കൊച്ചുമുഹമ്മദിനു കൊടുങ്ങല്ലൂരിൽ അന്ത്യവിശ്രമം എന്ന മോഹം നടക്കുമോ?
ജിദ്ദ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്ന സാഹചര്യമാണിപ്പോൾ. ഉറിയിലെ ഭീകരാക്രമണവും അതിനു പിന്നാലെ നടന്ന ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കും ഏറ്റവും ഒടുവിലായി ഇന്നലെ രാത്രി ബാരാമുള്ളയിൽ നടന്ന ഭീകരാക്രമണവും ഇരുരാജ്യങ്ങളും തമ്മിലുള്ള അകൽച്ച കൂട്ടുകയാണ്. എന്നാൽ, ഇന്ത്യയിലെത്തി കൊച്ചു കേരളത്തിൽ അന്ത്യവിശ്രമം എന്ന അഭിലാഷവുമായി നടക്കുകയാണ് ഒരു പാക്കിസ്ഥാൻകാരൻ. കൊടുങ്ങല്ലൂർക്കാരനായ കൊച്ചുമുഹമ്മദ് എന്ന വയോധികനാണു സ്വന്തം നാട്ടിൽ എത്താൻ കഴിയുമോ എന്നറിയാതെ അയൽരാജ്യത്തു കഴിയുന്നത്. ഹജ്ജ് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമം പത്രത്തിന്റെ ലേഖകൻ പി ഷംസുദീനാണ് കൊച്ചുമുഹമ്മദിന്റെ കഥ ലോകത്തെ അറിയിച്ചത്. 64 വർഷം മുമ്പ് ജോലി മാത്രം പ്രതീക്ഷിച്ച് അതിർത്തി കടന്ന് കറാച്ചിയിലേക്ക് പോയപ്പോൾ മാതൃരാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് കൊച്ചുമുഹമ്മദ് കരുതിയിരുന്നില്ല. തീർത്താൽ തീരാത്ത കലഹങ്ങളുടെ അതിർത്തി കടന്ന് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പച്ചപ്പുള്ള മലയാള നാട്ടിൽവന്ന് താമസിക്കണമെന്ന് പലവുര
ജിദ്ദ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്ന സാഹചര്യമാണിപ്പോൾ. ഉറിയിലെ ഭീകരാക്രമണവും അതിനു പിന്നാലെ നടന്ന ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കും ഏറ്റവും ഒടുവിലായി ഇന്നലെ രാത്രി ബാരാമുള്ളയിൽ നടന്ന ഭീകരാക്രമണവും ഇരുരാജ്യങ്ങളും തമ്മിലുള്ള അകൽച്ച കൂട്ടുകയാണ്. എന്നാൽ, ഇന്ത്യയിലെത്തി കൊച്ചു കേരളത്തിൽ അന്ത്യവിശ്രമം എന്ന അഭിലാഷവുമായി നടക്കുകയാണ് ഒരു പാക്കിസ്ഥാൻകാരൻ.
കൊടുങ്ങല്ലൂർക്കാരനായ കൊച്ചുമുഹമ്മദ് എന്ന വയോധികനാണു സ്വന്തം നാട്ടിൽ എത്താൻ കഴിയുമോ എന്നറിയാതെ അയൽരാജ്യത്തു കഴിയുന്നത്. ഹജ്ജ് റിപ്പോർട്ട് ചെയ്യാൻ പോയ {{മാധ്യമം}} പത്രത്തിന്റെ ലേഖകൻ പി ഷംസുദീനാണ് കൊച്ചുമുഹമ്മദിന്റെ കഥ ലോകത്തെ അറിയിച്ചത്.
64 വർഷം മുമ്പ് ജോലി മാത്രം പ്രതീക്ഷിച്ച് അതിർത്തി കടന്ന് കറാച്ചിയിലേക്ക് പോയപ്പോൾ മാതൃരാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് കൊച്ചുമുഹമ്മദ് കരുതിയിരുന്നില്ല. തീർത്താൽ തീരാത്ത കലഹങ്ങളുടെ അതിർത്തി കടന്ന് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പച്ചപ്പുള്ള മലയാള നാട്ടിൽവന്ന് താമസിക്കണമെന്ന് പലവുരു മോഹിച്ചിട്ടുണ്ട്. വിഭജനത്തിന്റെ വൻകിടങ്ങ് ചാടിക്കടക്കാനാവാത്തവിധം ആഴമേറിവന്നതോടെ കൊച്ചുമുഹമ്മദിന് ജനിച്ച മണ്ണിലേക്കുള്ള വഴി അടഞ്ഞുപോയി. ഇത്തവണ ഹജ്ജ് കർമ്മം നിർവഹിക്കാൻ എത്തിയപ്പോഴാണു മാദ്ധ്യമപ്രവർത്തകനു മുന്നിൽ മലയാളിയായ ഈ പാക് പൗരൻ എത്തിപ്പെട്ടത്.
കറാച്ചിക്കാരനായി ജീവിക്കേണ്ടി വന്ന കൊടുങ്ങല്ലൂർക്കാരൻ കൊച്ചു മുഹമ്മദിന്റെ നെഞ്ചിൽ മലയാളത്തോടുള്ള പ്രിയം പുകഞ്ഞുകത്തുന്നുണ്ട്. പാക്കിസ്ഥാനി ഹാജിമാരുടെ കൂട്ടത്തിൽ നിന്ന് ഒരാൾ മലയാളപത്രം കണ്ട് കൊതിയോടെ അടുത്ത് കൂടിയതും അതുകൊണ്ടു തന്നെ. 82 വയസ്സ് പിന്നിട്ടെങ്കിലും ഊർജ്ജം തുടിക്കുന്ന ശബ്ദത്തിൽ മലയാളത്തിൽ പാക്കിസ്ഥാനിഹാജി ചോദിച്ചു തുടങ്ങി.. 'ഇതേതാണ് മോനെ പത്രം. ചന്ദ്രിക എന്നൊരു പത്രമുണ്ടായിരുന്നല്ലോ കേരളത്തിൽ... അതിപ്പോഴില്ലേ?' മലയാളം പച്ചവെള്ളം പോലെ സംസാരിക്കുന്ന പാക്കിസ്ഥാനി! മലയാള അക്ഷരങ്ങളിൽ ആർത്തിയോടെ ആ കണ്ണുകൾ മേഞ്ഞു. പിന്നെ നിർത്താതെ കൊച്ചു മുഹമ്മദ് ആത്മകഥ മൊഴിയാൻ തുടങ്ങി. എനിക്കിഷ്ടമാണീ ഭാഷ. 1950 കളിൽ പഠിച്ച ഉള്ളൂരിന്റെയും കുമാരനാശാന്റെയും കവിതകൾ ഇപ്പോഴും മനസ്സിലുണ്ട്. അന്ന് സാഹിത്യസമാജം, നാടകവേദി എന്നിവയുടെ സെക്രട്ടറിയായിരുന്നു ഞാൻ. പാക്കിസ്ഥാനിൽ ജീവിക്കുമ്പോഴും മലയാള മനോരമ, ചന്ദ്രിക എന്നിവ പോസ്റ്റലായി വരുത്തിച്ച് വായിക്കുമായിരുന്നു.
1952-ൽ കേരളം വിട്ടതാണ്. കൊടുങ്ങല്ലൂരിൽ സാഹിബിന്റെ പള്ളിക്കടുത്തെ കൊല്ലിയിൽ അബ്ദു-തൈവളപ്പിൽ ഉമ്പാത്തു എന്നിവരുടെ ഏക മകൻ. പത്താം ക്‌ളാസ് വരെ പഠിച്ചതുകൊടുങ്ങല്ലൂൾ ഗവ. ഹൈസ്‌കൂളിൽ. ഉപ്പ മരിച്ചതോടെ വല്യുപ്പയുടെ തണലിലായിരുന്നു ജീവിതം. എനിക്ക് 15 വയസ്സായപ്പോഴേക്കും വല്യൂപ്പയും മരിച്ചു. അനാഥത്വം മനസ്സിനെ വല്ലാതെ വേട്ടയാടിയപ്പോൾ നാടു വിടാൻ തീരുമാനിച്ചു. ആദ്യം മുംബൈയിലേക്ക് വണ്ടി കയറി.
അവിടെ ജോലി അന്വേഷിക്കുന്നതിനിടയിൽ പാക്കിസ്ഥാനിൽ കച്ചവടം നടത്തിയിരുന്ന മലയാളിയായ മുല്ല അബ്ദുറഹ്മാനെ കണ്ടു മുട്ടി. കറാച്ചിയിലെ ബ്രിട്ടീഷ് കമ്പനിയിൽ തന്റെ അമ്മാവൻ ജോലി ചെയ്യുന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു. അമ്മാവന്റെ അടുത്തത്തെിക്കാമെന്നും ജോലി വാങ്ങിത്തരാമെന്നും പറഞ്ഞപ്പോൾ സന്തോഷമായി. പഞ്ചാബ് വഴിയാണ് അന്ന് പാക്കിസ്ഥാനിലേക്ക് പോയത്. തുറന്നു കിടന്ന അതിർത്തിക്കിപ്പുറത്തുള്ള ഇന്ത്യൻ സൈനികർ അന്ന് സ്‌നേഹത്തോടെ പറഞ്ഞു. അവിടേക്ക് പോവരുത്, ജോലിയൊക്കെ നമുക്ക് ഇവിടെ ശരിയാക്കാം. പക്ഷെ അതൊന്നും ചെവിയിൽ കയറിയില്ല. അമ്മാവന്റെ അടുത്തത്തെിയാൽ രക്ഷപ്പെടുമെന്നായിരുന്നു കരുതിയത്. പ്രതീക്ഷിച്ചപോലെ അമ്മാവൻ രക്ഷകനായില്ല. എന്നാൽ ദൈവം സഹായിച്ച് ബ്രിട്ടീഷ് ഓയിൽ കമ്പനിയായ 'ബർമഷെലി'ൽ ജോലി കിട്ടി. പിന്നെ പെട്ടന്നായിരുന്നു വളർച്ച.
വെറും പത്താം ക്‌ളാസുകാരനായ തനിക്ക് ഇംഗ്‌ളീഷും ഉറുദുവും നന്നായി വഴങ്ങി. നല്ല പദവിയും ശമ്പളവും. അക്കാലത്ത് ഇടക്കിടെ നാട്ടിൽ വന്ന് തിരിച്ച് പോന്നു. ഒരിക്കൽ നാട്ടിൽ വന്ന് എടവനക്കാട് സ്വദേശി ആയിഷയെ വിവാഹം ചെയ്തു. പിന്നെ അവരെയും കൂട്ടി പാക്കിസ്ഥാനിൽ വന്ന് കുടുംബജീവിതം നയിച്ചു. എട്ട് മക്കളായി. മക്കളൊക്കെ നന്നായി പഠിച്ചു. ഉയർന്ന ഉദ്യോഗം കിട്ടി. അവർക്കും മക്കളായി. അഞ്ച് വർഷം മുമ്പ് ഭാര്യ മരിച്ചു.
എറ്റവുമൊടുവിൽ 1990 ലാണ് കേരളത്തിൽ വന്നത്. ഒരുമാസം ഉമ്മയോടൊപ്പം താമസിച്ചു. പിന്നീട് പല തവണ വരാൻ ശ്രമിച്ചു. പക്ഷെ വിസ കിട്ടുന്നതിന് തടസ്സം കൂടി വന്നു. അതിനിടയിൽ ഉമ്മ മരിച്ചു. കാണാൻ പോവാൻ പറ്റിയില്ല. മക്കളൊക്കെ പാക്കിസ്ഥാനിൽ തന്നെ കഴിഞ്ഞോട്ടെ. ജനിച്ച നാട്ടിൽ തന്നെ മരിക്കണമെന്ന് പൂതിയുണ്ട്. പക്ഷെ ഈ മോഹം വെറുതെയാണെന്നു തിരിച്ചറിയുന്നുമുണ്ട് നിരാശനായ കൊച്ചുമുഹമ്മദ്.