- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയിപ്പിച്ച് അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ രക്ഷാദൗത്യം; കാബൂളിൽ ഒറ്റപ്പെട്ട മലയാളി സിസ്റ്റർ ഉൾപ്പെടുന്ന സംഘത്തെ തജാക്കിസ്ഥാനിൽ എത്തിച്ചു; 80 ഓളം പേരടങ്ങുന്ന സംഘം ഉടൻ ഡൽഹിയിലേക്ക് പുറപ്പെടും; രക്ഷാ ദൗത്യത്തിന് കേന്ദ്രത്തിന് നന്ദി അറിയിച്ച് കുടുംബങ്ങൾ
കാബുൾ: അഫ്ഗാനിസ്ഥാനിൽ നിന്നും സ്വദേശികളെ രക്ഷിക്കുന്നതിൽ വീണ്ടും വിസ്മയിപ്പിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നവരുടെ വിവരമറിഞ്ഞ് വേഗത്തിലാണ് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നത്.രാജ്യത്തിന്റെ മാതൃകാപരമായ ഇടപെടലിന്റെ ഉദാഹരണമാണ് മലയാളിയായ സിസ്റ്റർ തെരേസ ഉൾപ്പെടുന്ന 80 അംഗ സംഘത്തിന്റെ രക്ഷാ ദൗത്യം.
അഫ്ഗാനിൽ കുടുങ്ങിയ മലയാളി സിസ്റ്റർ തെരേസ ക്രാസ്ത യുഎസ് വിമാനത്തിൽ തജിക്കിസ്ഥാനിലെത്തി. അഫ്ഗാനിൽ കുടുങ്ങിയ മലയാളി കന്യാസ്ത്രീ ദീർഘനേരത്തെ കാത്തിരിപ്പിനു ശേഷമാണ് കാബൂളിലെ ഹമീദ് അൻസാരി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവേശിച്ചത്. ഇവർ ഉടൻ ഡൽഹിയിലേക്ക് മടങ്ങുമെന്നു സഹോദരൻ ജോൺ ക്രാസ്ത അറിയിച്ചു.അഫ്ഗാനിസ്താനിലെ മോശമായ സാഹചര്യങ്ങളെ തുടർന്നാണ് മലയാളിയായ സിസ്റ്റർ തെരേസ ക്രാസ്റ്റയും ഏതാനും ഇന്ത്യക്കാരുമടക്കം 80 പേരെ നാറ്റോ, അമേരിക്കൻ വിമാനങ്ങൾ കാബൂളിൽനിന്ന് തജികിസ്താൻ തലസ്ഥാനമായ ദുഷാൻബെയിൽ എത്തിച്ചത്.
കാസർകോട് ബേള പെരിയടുക്ക സ്വദേശിയായ സിസ്റ്റർ തെരേസ 17ന് നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റ് എടുത്തിരുന്നു. അതിനിടെയാണ് 15ന് കാബൂൾ താലിബാന്റെ നിയന്ത്രണത്തിലായത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലേക്ക് നിരവധി പേരെ കൊണ്ടുവന്നെങ്കിലും, തിക്കുതിരക്കുകൾക്കിടയിൽ കാബൂളിൽനിന്നു പുറപ്പെട്ട വിമാനങ്ങളിൽ കയറാൻ സിസ്റ്റർ തെരേസക്കും മറ്റും കഴിഞ്ഞിരുന്നില്ല.
ഇതിനിടെ നാറ്റോ, അമേരിക്കൻ വിമാനങ്ങൾ കാബൂളിൽനിന്ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ എത്തിച്ച 146 ഇന്ത്യക്കാർ സുരക്ഷിതമായി ഡൽഹിയിൽ എത്തി. നാലു വിമാനങ്ങളിലായാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 104 പേരെ വിസ്താര വിമാനത്തിലും 30 പേരെ ഖത്തർ എയർവേസിലും 11 പേരെ ഇൻഡിഗോയിലുമാണ് കൊണ്ടുവന്നത്. ഒരാളെ എയർ ഇന്ത്യയിൽ എത്തിച്ചു. അഫ്ഗാനിലെ വിവിധ വിദേശ കമ്പനികളിൽ ജോലി ചെയ്തിരുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അഫ്ഗാൻ ജനതയുടെ പോരാട്ടത്തിന് പിന്തുണ അറിയിച്ച് ഡൽഹി മണ്ടി ഹൗസിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ, ഐസ അടക്കമുള്ള 18 സംഘടനകൾ ഒത്തുചേർന്നു. അഭയാർഥി കാർഡ് നൽകാതെ ജീവിതം ദുഷ്‌കരമാക്കുന്ന നടപടി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അഫ്ഗാൻ പൗരന്മാർ യുഎൻ ഡൽഹി ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധിച്ചു. അഫ്ഗാൻ പ്രതിസന്ധി വിശദീകരിക്കാൻ കേന്ദ്ര സർക്കാർ വ്യാഴാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ