ജയ്പുർ: സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ട്യൂട്ടറായിരുന്ന യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ചാത്തങ്കരി അമ്പൂരിൽ ടി.ടി. പ്രകാശിന്റെ മകൾ സി.പി. ശ്യാമയാണ് (26) മരിച്ചത്. ഈ മാസം എട്ടിന് നാട്ടിലേക്കു വരാനായി അവധിയെടുത്തിരുന്നെങ്കിലും വീട്ടിൽ എത്തിയിരുന്നില്ല. അമ്മയ്ക്ക് നൽകാനായി ചില സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് മകൾ ഫോണിൽ പറഞ്ഞിരുന്നു. എന്നാൽ മകൾ മരിച്ചുവെന്ന സന്ദേശമാണ് നാട്ടിലേക്ക് എത്തിയത്.

വിഷം ഉള്ളിൽ ചെന്ന് മരിച്ചതായാണ് പൊലീസിൽ നിന്നു കിട്ടിയ വിവരം. ഇതു സംബന്ധിച്ച് ബന്ധുക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകി. നഴ്സിങ് ബിരുദധാരിയായ ശ്യാമ ഈ വർഷം ആദ്യമാണ് ജയ്പുരിലെ അപ്പോളോ സ്പെക്ട്രം ആശുപത്രിയിൽ ജോലിക്കു ചേർന്നത്. വിഷ്ണു എന്ന രാജസ്ഥാൻ സ്വദേശിയുമായി ശ്യാമ പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കൾക്ക് അറിവു ലഭിച്ചിരുന്നുവെന്ന് പറയുന്നു. ജയ്പുരിന് അടുത്തുള്ള കരോളി എന്ന ഗ്രാമത്തിൽ വിഷ്ണു എന്നയാളുടെ വീട്ടിലാണ് ശ്യാമയെ മരിച്ച നിലയിൽ കണ്ടതെന്നാണ് പൊലീസ് നൽകിയ വിവരം.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അഴുകിയ നിലയിലാണെന്ന് അവിടെയെത്തിയ ബന്ധുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പറ്റാത്ത അവസ്ഥയിലായതിനാൽ കരോളിയിൽ തന്നെ സംസ്‌കരിക്കാനുള്ള ശ്രമം തുടരുകയാണ്.
സഹപാഠിയായിരുന്ന യുവാവാണ് വിഷ്ണുവെന്നാണ് ലഭിക്കുന്ന വിവരം. മരണ വിവരം അറിഞ്ഞ് ശ്യാമയുടെ അച്ഛൻ പ്രകാശനും ബന്ധുക്കളുമാണ് കരോളിയിലെത്തിയത്. ശ്യാമ കൊല്ലപ്പെട്ടതാണെന്ന സംശയത്തിലാണ് ബന്ധുക്കൾ.

ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് അദ്ധ്യാപികയായിരുന്നു തിരുവല്ല കുറ്റപ്പുഴ സ്വദേശി ശ്യാമ. ജയ്പൂരിൽനിന്ന് 180 കിലോമീറ്റർ അകലെയുള്ള കരോളി എന്ന സ്ഥലത്തുവച്ചാണ് ശ്യാമ മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ കരോളി പൊലീസ് തിരുവല്ലയിലുള്ള വീട്ടിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ വീട്ടിലെത്തിയ ശ്യാമ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് വിഷ്ണുവും അമ്മയും പൊലീസിനെ അറിയിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ശ്യാമയുടെ വീട്ടുകാർക്കറിയില്ല.

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ശ്യാമ ബി.എസ്.സി നഴ്സിങ് പഠിച്ചത്. ഇവിടെ ശ്യാമയുടെ സഹപാഠിയായിരുന്നു വിഷ്ണു ഗുരുജർ. ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് ശ്യാമയുടെ സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞ ഡിംസബറിലാണ് ജോലിക്കായി 25 വയസുകാരിയായ ശ്യാമ ജയ്പൂരിൽ പോകുന്നത്. പിന്നീട് നാട്ടിലേക്ക് വന്നിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് ആശുപത്രിയിൽനിന്ന് അവധിയെടുത്ത് പോയതായി വീട്ടുകാർക്ക് വിവരം കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെ അമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ച ശ്യാമ രണ്ട് ദിവസത്തിനകം നാട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. കുറ്റപ്പുഴ സ്വദേശി പ്രകാശിന്റെയും ഹോമിയോ ഡോക്ടറായ സരോജത്തിന്റെയും മകളാണ് ശ്യാമ.