ടൊറന്റോ: കാനഡയിൽ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. പഠനത്തിന്റെ ഭാഗമായുള്ള സർവേ ക്യാമ്പിൽ പങ്കെടുക്കവെ തിരുവനന്തപുരം സ്വദേശി ആനന്ദ് ബൈജു (18) ആണു തടാകത്തിൽ വീണു മരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി ആനന്ദ് ബൈജു (18) ആണു മരിച്ചത്.

നീറമൺകര ശങ്കർ നഗറിൽ രാഗംവീട്ടിൽ ബൈജു നാരായണന്റെയും ശ്രീജ ബൈജുവിന്റെയും മകനാണ് ആനന്ദ്. സംസ്‌കാരം പിന്നീട് ടൊറന്റോയിൽ നടക്കും. ഹാലിബർട്ടനിലെ മിൻഡനിൽ ഗൾ തടാകത്തിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടം. പഠനത്തിന്റെ ഭാഗമായി തടാകത്തിനു സമീപം സർവകലാശാലയുടെ സർവേ ക്യാംപിൽ അന്നു രാവിലെ എത്തിയതായിരുന്നു ആനന്ദ്.

സഹപാഠികളായ അൻപതിലേറെ വിദ്യാർത്ഥികൾക്കൊപ്പമാണ് ആനന്ദ് എത്തിയത്. കഴുത്തറ്റം വെള്ളമുണ്ടായിരുന്ന ഭാഗത്തു ഫ്‌ളോട്ടിങ് ഡെക്കിൽ പിടിച്ചുനിൽക്കുമ്പോൾ കൈ വഴുതിപ്പോയതാകാമെന്നു സഹപാഠികൾ പറയുന്നു.ചൊവ്വാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ട ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആനന്ദിനു നീന്തൽ അറിയില്ലായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. ലൈഫ് ഗാർഡിന്റെ സഹായവും മേഖലയിൽ സർവകലാശാല ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ, ആരും തടാകത്തിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പരിശീലനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് നീന്തലിന് പോകേണ്ടിയിരുന്നെങ്കിൽ ജീവൻരക്ഷാ ഉപകരണങ്ങൾ നൽകേണ്ടിയിരുന്നില്ലേ എന്നും ബന്ധുക്കൾ ചോദിക്കുന്നു. അപകടത്തെ കുറിച്ച് കനേഡിയൻ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

അപകടത്തെക്കുറിച്ചു പൊലീസ് അന്വേഷണം തുടങ്ങി. ഭൂസർവേ, ഭൂപ്രകൃതി തുടങ്ങിയവ സംബന്ധിച്ച പഠനങ്ങൾക്കായാണു വിദ്യാർത്ഥികൾ പോയതെന്നു സർവകലാശാല അറിയിപ്പിൽ പറയുന്നു. എട്ടുവർഷമായി കുടുംബമായി ടൊറന്റോയ്ക്കു സമീപം മാൾട്ടനിലാണു താമസം. സഹോദരി: അശ്വതി (സ്‌കൂൾ വിദ്യാർത്ഥി).