ഹ്യൂസ്റ്റൻ: കേരളപ്പിറവി ദിനമായ നവംബർ ഒന്നാം തീയതി മധ്യാഹ്നത്തോടെ ഗ്രെയിറ്റർ ഹ്യൂസ്റ്റനിലും പരിസരത്തുമുള്ള മലയാളി സീനിയേഴ്‌സ് ഹ്യൂസ്റ്റനിലെ ലേക്ക് വിൻഡ്‌സ് ഹാളിൽ ഒത്തുചേർന്ന് കേരളപ്പിറവി കൊണ്ടാടി. ഇക്കൊല്ലത്തെ കേരളപ്പിറവി ആഘോഷങ്ങളുടെ മുഖ്യ സംഘാടകയായ പൊന്നു പിള്ള ഏവരേയും സദസ്സിലേക്ക് സ്വാഗതം ചെയ്തു.

കേരളം വിട്ടുപോന്നിട്ട് ദശകങ്ങൾ ആയെങ്കിലും കേരള ജീവിതത്തിന്റെ ഹൃദയത്തുടിപ്പുകളും സ്പന്ദനങ്ങളും ഏക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന ഹ്യൂസ്റ്റനിലെ മുതിർന്ന മലയാളി പൗരന്മാർക്ക് പറയാനും അയവിറക്കാനും അനവധി കഥകളും മധുരിക്കുന്ന ഓർമ്മകളുമുണ്ടായിരുന്നു.
ജീവിതത്തിലെ ഏറിയകാലം വെളിനാട്ടിൽ കഴിഞ്ഞ ഇവരുടെ കേരളത്തിലെ ചെറുപ്പകാലാനുഭവങ്ങൾ ഓരോരുത്തരായി വർണ്ണിച്ചപ്പോൾ ഏവരും അക്കാലങ്ങളിലെ കൊച്ചു കേരളത്തിലേക്ക് ഒരിക്കൽ കൂടെ ഈ കേരളപ്പിറവി ദിനത്തിൽ യാത്രപോയതായി  തോന്നി. മുതിർന്ന പൗരന്മാരിൽ ചിലർ മക്കളും കൊച്ചുമക്കളുമായിട്ടാണ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്. 1956 നവംബർ ഒന്നിന് ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്റ്റെയിറ്റുകൾ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായി തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്നു മലയാള ഭാഷാ ദേശങ്ങൾ കേരള സംസ്ഥാനമായി നിർണ്ണയിക്കപ്പെട്ടതിന്റെ ഓർമ്മായിരുന്നു ഇങ്ങു സപ്തസാഗരങ്ങൾക്കിപ്പുറം ഗ്രെയിറ്റർ ഹ്യൂസ്റ്റനിലും ആഘോഷിച്ചത്.

കേരളീയ ഗാനങ്ങൾ, കടങ്കഥകൾ, ഐതിഹ്യങ്ങൾ, പുരാണകഥകൾ ഏവരും സ്മൃതിയിൽ കൊണ്ടുവന്ന് സംസാരിച്ചു. എബ്രഹാം തോമസ്, മേരിക്കുട്ടി തോമസ്, കെ.കെ. ചെറിയാൻ, കുഞ്ഞമ്മ ചെറിയാൻ, ജോൺ കുന്നക്കാട്ട്, അച്ചാമ്മ കുന്നക്കാട്ട്, മാർത്ത ചാക്കൊ, അന്നമ്മ ചെറിയാൻ, മാത്യു മത്തായി, മാണി കുരുവിള, ഷെർലി കുരുവിള, മത്തായി മത്തായി, ക്ലാരമ്മ മത്തായി, തോമസ് തയ്യിൽ, നൈനാൻ മാത്തുള്ള, ആൽബി, അനിത, ജോസഫ് കോശി, റോസമ്മ കോശി, രാമമൂർത്തി, ചിത്തിര, രാജേഷ് പിള്ള, സ്മിത രാജേഷ്, ജസ്റ്റിൻ പിള്ള, മിത്ര പിള്ള, എ.സി. ജോർജ്, മോളി ജോർജ് തുടങ്ങിയവർ വിവിധ കലാ ചർച്ചാ പരിപാടികളിൽ സജീവമായി പങ്കെടുത്തു. വിഭവ സമൃദ്ധമായ കേരളീയ സദ്യക്കു ശേഷം അമേരിക്കനും ഇന്ത്യനുമായ ദേശീയ ഗാനാലാപത്തോട കേരളപ്പിറവി ആഘോഷങ്ങൾക്ക് തിരശ്ശീല വീണു.