- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഷൻ മണ്ണെണ്ണ വിഹിതം 30% വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ; തിരിച്ചടിയായത് വിഹിതം നിലനിർത്തുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തെ ധരിപ്പിക്കാത്തത്; പ്രതിസന്ധിയിലാകുന്നത് മത്സ്യത്തൊഴിലാളികളുടെ വിഹിതവും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു ഗുരുതര വീഴ്ച സംഭവിച്ചതിനെ തുടർന്ന്, റേഷൻ കടകളിൽ വിതരണം ചെയ്യേണ്ട മണ്ണെണ്ണ വിഹിതം 30% വെട്ടിക്കുറച്ചു കേന്ദ്രത്തിന്റെ ഉത്തരവ്.ഏപ്രിൽ മുതൽ ജൂൺ വരെ 92.64 ലക്ഷം ലീറ്റർ മണ്ണെണ്ണ സംസ്ഥാനത്തിനു ലഭിക്കേണ്ടതായിരുന്നു. എന്നാൽ 64.80 ലക്ഷം ലീറ്റർ മാത്രം അനുവദിച്ചുള്ള ഉത്തരവാണ് ഇന്നലെ പുറപ്പെടുവിച്ചത്.
സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം നിലനിർത്തണമെന്നാവശ്യപ്പെട്ടു ഡിസംബർ അവസാനവാരം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കത്തു നൽകണമായിരുന്നു.ഇതിൽ വന്ന വീഴ്ച്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.സംസ്ഥാന സിവിൽ സപ്ലൈസ് ഡയറക്ടർ തയാറാക്കിയ കത്ത് മന്ത്രി പി.തിലോത്തമന്റെ ഓഫിസിൽ എത്തിയിട്ട് ഏറെ നാളായി. എന്നാൽ ഈ കത്ത് ഇനിയും സെക്രട്ടേറിയറ്റിൽ നിന്നു ഡൽഹിയിലേക്ക് അയച്ചിട്ടില്ല. തിലോത്തമൻ സ്ഥലത്ത് ഇല്ലാത്തതിനാൽ ഒപ്പിടാൻ കഴിഞ്ഞില്ലെന്നാണ് ഇന്നലെ മന്ത്രിയുടെ ഓഫിസിൽ നിന്നു സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കു ലഭിച്ച മറുപടി.
ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിച്ച് ഒപ്പിട്ട് അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ക്വോട്ട നിശ്ചയിച്ച് ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിൽ ഇനി കത്തു കിട്ടിയിട്ടു കാര്യമില്ലെന്നു പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുഖ്യമന്ത്രിയോ മന്ത്രിയോ പെട്രോളിയം മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ട ശേഷം മാത്രമേ ക്വോട്ട പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യുകയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്.റേഷൻ കാർഡ് ഉടമകളിൽ വൈദ്യുതീകരിക്കാത്ത വീടുകളിൽ കഴിയുന്നവർക്കു 4 ലീറ്ററും വൈദ്യുതീകരിച്ച വീടുകളിൽ കഴിയുന്നവർക്ക് അര ലീറ്ററും മണ്ണെണ്ണയാണു മാസം ലഭിക്കേണ്ടത്. ഇപ്പോഴത്തെ സ്ഥിതിയിൽ ഇവർക്ക് ഒരു മാസത്തെയെങ്കിലും മണ്ണെണ്ണ നഷ്ടമാകും.
ഇതോടെ മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം ലഭിക്കുന്നതും പ്രതിസന്ധിയിലായിരിക്കുകയാണ്. മാർച്ച് 31നകം ഇതിനുള്ള കത്ത് പെട്രോളിയം മന്ത്രാലയത്തിനു ലഭിക്കണം. എന്നാൽ അതിനുള്ള നടപടികൾ ഇനിയും പുരോഗമിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികൾക്കു വേണ്ടി വർഷം 1.51 കോടി ലീറ്റർ മണ്ണെണ്ണയാണു ലഭിക്കേണ്ടത്. ക്വോട്ട നിലനിർത്താനും അധികം മണ്ണെണ്ണ ആവശ്യമെങ്കിൽ അതിനും ഉള്ള കത്ത് 31നകം മന്ത്രാലയത്തിനു ലഭിക്കണമെന്നാണു വ്യവസ്ഥ.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിന്റെ തുടക്കത്തിൽ മത്സ്യത്തൊഴിലാളികളുടെ എതിർപ്പു കുറയ്ക്കുന്നതിനു വേണ്ടി മണ്ണെണ്ണ വില കുറയ്ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. മാർച്ച് മുതൽ മണ്ണെണ്ണ വില 37ൽ നിന്ന് 25 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. ഇടതു നേതാക്കൾ ഇതിനു തീരപ്രദേശങ്ങളിൽ വ്യാപക പ്രചാരണമാണു നൽകിയത്. എന്നാൽ മുഖ്യമന്ത്രിയുടെ ഉറപ്പ് ഇനിയും നടപ്പായിട്ടില്ല