ന്യൂജഴ്സി : റോക്ക്ലാൻഡ് കൗണ്ടിയിൽ സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക്ക് പള്ളിയുടെ ആഭിമുഖ്യത്തിൽ നടന്ന ‘കെസ്റ്റർ ലൈവ് 2015' സംഗീത വിരുന്ന് ആസ്വാദകർക്ക് ഹൃദ്യമായ അനുഭവമായി. പ്രശസ്ത ഗായകൻ കെസ്റ്റർ ഹൃദയവർജകമായി തന്റെ സ്വരമാധുരിയിൽ മെലഡി ഗാനങ്ങൾ ആലപിച്ച് സ്രോതാക്കളെ കീഴടക്കി. ഇതാദ്യമായാണ് കെസ്റ്റർ അമേരിക്കയിലെത്തുന്നത്. കെസ്റ്ററിന്റെ ഏറെ പ്രശംസ ഏറ്റുവാങ്ങിയ ‘നിൻ സ്നേഹ മെത്രയോ അവർണ്ണനീയം' എന്ന ഗാനത്തിന് സംഗീത സംവിധാനം നിർവ്വഹിച്ച ഗായകൻ നിലമ്പൂർ കാർത്തികേയനെ സ്റ്റേജിൽ വിളിച്ച് അദ്ദേഹം ആദരിക്കുകയും ചെയ്തു.

കെസ്റ്റർ എന്ന ക്രിസ്തീയ ഗാനഗന്ധർവൻ മലയാളി ക്രൈസ്തവ മനസുകളിൽ ഏറെ സ്ഥാനം പിടിച്ച ഗായകനാണ്. അമേരിക്കയിൽ ഉടനീളം പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം അത് റോക്ക്കൗണ്ടിയിൽ ഊട്ടിയുറപ്പിക്കുകയും ചെയ്തു. ഭക്തിഗാനങ്ങളുടെ താളലയസമന്വയത്തിന് ഗ്രേസ് പോയിന്റ് ഗോസ്പൽ ഫെലോഷിപ്പ് അങ്കണം സാക്ഷിയാവുകയും െചയ്തു. അദ്ദേഹത്തോടൊപ്പം പ്രശസ്ത ഗായകരായ ബിനോയ് ചാക്കോ, സിസിലി ഏബ്രഹാം എന്നിവരും സംഗീത സംവിധായകൻ സുനിൽ സോളമനും ലൈവ് ഓർക്കസ്ട്രായോടൊപ്പം അണിനിരന്നു.

കെസ്റ്ററിന്റെ പല മെലഡികളും രചിച്ചിട്ടുള്ള ഫാ. തദേവൂസ് അരവിന്ദത്ത് വേദിയുടെ മുൻനിരയിൽ ഇടം പിടിച്ചിരുന്നു. ഇരുവരുടെയും കൂടിച്ചേരൽ സദസും ഏറ്റെടുത്തതോടെ സംഗീത വിരുന്ന് കാണികൾക്ക് ഏറെ ഹൃദ്യമായി. ഫാ. തദേവൂസ് അരവിന്ദത്ത് രചിച്ച്, അകാലത്തിൽ പൊലിഞ്ഞ സംഗീത പ്രതിഭ വയലിൻ ജേക്കബ് സംഗീതം പകർന്ന ‘മൃദുവായി തൊടുകിൽ' എന്ന ഗാനം കെസ്റ്റർ ആലപിച്ചപ്പോൾ സദസ്സ് സംഗീതത്തിന്റെ അനിർവചനീയമായ മറ്റൊരു ലോകമാണ് അനുഭവിച്ചത്.

സംഗീത ലോകത്ത് കാൽനൂറ്റാണ്ട് പൂർത്തിയാക്കുകയും സംഗീത സപര്യയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ മനസ്സിൽ കുടിയേറുകയും ചെയ്ത പ്രമുഖ ഗായകനും സെലസ്്റ്റിയൽ സിംഗറുമായ ബിനോയ് ചാക്കോയുടെ അപ്ബീറ്റ് ഗാനങ്ങളും ആസ്വാദകർ നെഞ്ചോടു ചേർത്തു. ഈ സംഗീത പരിപാടിയുടെ അവതാരകനായ ബിനോയ് ചാക്കോ ആസ്വാദകർക്ക് സമ്മാനിച്ചത് സ്വരമാധുരിയുടെ ലയതാള വിന്യാസമാണ്. ഗായിക സിസിലി ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനങ്ങളുമായി വേദി കീഴടക്കി.

പ്രശസ്ത സംഗീതജ്ഞൻ സുനിൽ സോളമനോടൊപ്പമുള്ള ലൈവ് ഓർക്കസ്ട്രയിൽ വയലിൻ, ജോർജ് കൈകാര്യം ചെയ്തു. ലീഡ് ഗിറ്റാർ – വിജയ്, ബേസ് ഗിറ്റാർ– സാലു, റിഥം / ഡ്രംസ് – ഷാലു, തബല –ലാജി, സൗണ്ട് – എബി വിഷ്വൽ ഡ്രീംസ്.

സംഗീത പ്രോഗ്രാം മലങ്കര കാത്തലിക് എക്സാർകേറ്റ് ഡോ. തോമസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ സൈമൺ മാത്യു നന്ദി രേഖപ്പെടുത്തി. വികാരി ഫാ. അഗസ്റ്റിൻ മംഗലത്ത്, ട്രസ്റ്റി ജേക്കബ് തരകൻ എന്നിവരുടെ നേതൃത്വത്തിലുള്ള വ്യത്യസ്ത കമ്മിറ്റികൾ സ്തുത്യർഹമായ േസവനമാണ് കാഴ്ച വച്ചത്.

കാർവിങ് മൈൻഡ്സ് എന്റർടെയ്ന്മെന്റ്സ് സാരഥി ഗിൽബർട്ട് ജോർജുകുട്ടി ഏവർക്കും ആശംസകൾ നേർന്നു. നാഷണൽ സ്പോൺസേഴ്സായ സ്കൈപാസ് ട്രാവൽസ്, ടൗൺ ഹോംസ്, ഗ്ലോറിയ റേഡിയോ, സിത്താർ പാലസ് എന്നിവരെ ജോർജ് തുമ്പയിൽ പരിചയപ്പെടുത്തി.

ന്യൂജഴ്സി മലയാളികൾക്കായി കെസ്റ്റർ ലൈവ് 2015 ഒക്ടോബർ 10 ശനിയാഴ്ച 6 മണിക്ക് പരാമസ് കാത്തലിക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. (425 Paramus Road, Paramus, NJ). ഈ പ്രോഗ്രാമിലെ മറ്റ് സ്പോൺസേഴ്സിനൊപ്പം മീഡിയ സ്പോൺസറായി എമർജിങ് കേരളയും പങ്കെടുക്കുന്നുണ്ട്. ന്യൂജഴ്സിയിലെ മലയാളികൾക്ക് കെസ്റ്റർ ഷോ നേരിട്ട് ആസ്വദിക്കാനുള്ള സുവർണ്ണാവസരമാണ് കാർവിങ് മൈൻഡ്സ് എന്റർടെയ്ന്മെന്റ്സ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : ഗിൽബർട്ട് : 201 926 7477