കാസർഗോഡ്: ചീമേനി പുലിയന്നൂരിലെ ജാനകി ടീച്ചറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ആസൂത്രകനുമായ ചീർക്കളം സ്വദേശി അരുണിനെ മലയാളികളായ പ്രവാസികൾ ബഹ്‌റിനിൽ നിന്നും പിടികൂടി നാട്ടിലേക്ക് കയറ്റി വിട്ടു.കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പൊലീസ് 28 കാരനായ അരുണിനെ അറസ്റ്റ് ചെയ്യും.

അരുണിന്റെ കൂട്ടു പ്രതികളായ റിനേഷ് (27), വിശാഖ് (28) എന്നിവരെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്തിരുന്നു. ജാനകി ടീച്ചറെ കൊലപ്പെടുത്തിയ ശേഷം ഇക്കഴിഞ്ഞ ഫെബ്രവരി 4 നാണ് അരുൺ ഗൾഫിലേക്ക് തിരിച്ചത്. അരുണാണ് ജാനകിയെ കത്തികൊണ്ട് കഴുത്തിന് കുത്തിയതെന്ന് പൊലീസ് കരുതുന്നു. അവധിക്ക് നാട്ടിൽ വന്ന അരുൺ കവർച്ചക്ക് വേണ്ടിയാണ് കൂട്ടാളികളുമൊത്ത് ജാനകിയുടെ വീട്ടിലെത്തിയത്.

ജാനകി പ്രതികളിൽ തന്റെ ശിഷ്യന്മാരെ തിരിച്ചറിഞ്ഞതോടെയാണ് അവരെ കൊലപ്പെടുത്താൻ കാരണമായത്. പ്രതികളിലൊരാളായ വിശാഖിന്റെ അച്ഛൻ പൊലീസിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയാളെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ സഹകരിച്ചിരുന്നില്ല. കാമുകിയുടെ സ്വർണ്ണമാണ് പണയം വെച്ചതെന്നും അതിന്റെ പണമാണ് തന്റെ കയ്യിലുള്ളതെന്നും തെറ്റിദ്ധരിപ്പിച്ചു. കാമുകിയുടെ പേര് വെളിപ്പെടുത്താൻ പറഞ്ഞപ്പോൾ അയാൾക്ക് ഉത്തരം മുട്ടി. കൂട്ടാളിയായ റെനീഷിനെക്കൂടി ചോദ്യം ചെയ്തതോടെ മോഷണവും കൊലപാതകവും തങ്ങൾ തന്നെയാണ് നടത്തിയതെന്ന് ഇവർ സമ്മതിച്ചു. ജാനകി മരിക്കുമെന്ന് ഉറപ്പായതോടെ അവരുടെ ഭർത്താവ് കൃഷ്ണൻ മാസ്റ്ററേയും കുത്തി പരിക്കേൽപ്പിച്ചിരുന്നു. ആഴ്ചകൾ നീണ്ട ആശുപത്രി വാസത്തിനു ശേഷം കൃഷ്ണൻ മാസ്റ്റർ മകളുടെ വീട്ടിലാണ് താമസിച്ചുവരുന്നത്.

കണ്ണൂരിലും മംഗളൂരുവിലുമായാണ് സ്വർണം വിൽപ്പന നടത്തിയത്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന കുടുംബമാണ് വിശാഖിന്റേത്. മാത്രമല്ല അച്ഛൻ കാൻസർ രോഗി കൂടിയാണ്. കുറ്റവാളിയായ മകനെ പൊലീസിന് കാണിച്ചു കൊടുത്തതിന്റെ പേരിൽ ആ കുടുംബത്തെ സംരക്ഷിക്കാൻ തയ്യാറെടുത്തിരിക്കയാണ് നാട്ടുകാർ. അദ്ദേഹത്തെ ആദരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ വേണ്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു. ഇന്ന് വൈകീട്ട് പുലിയന്നൂരിൽ ചേർന്ന നാട്ടുകാരുടെ യോഗം കുടുംബത്തെ സംരക്ഷിക്കാൻ തീരുമാനമെടുക്കും.

ഇതിനിടെ, ഇന്നലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ വിശാഖ്, റെനീഷ് എന്നിവരെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

ഡിസംബർ 13 നാണ് റിട്ട അദ്ധ്യാപിക വി.പി ജാനകി കൊല്ലപ്പെട്ടത്. കവർച്ച ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. കവർച്ചയ്ക്കാണ് പ്രതികൾ വയോധികദമ്പതികളുടെ വീട്ടിലെത്തിയത്. ഇതിനിടെ ജാനകി അയൽവാസികളായ പ്രതികളെ തിരിച്ചറിഞ്ഞതിനെ തുടർന്ന് കൊല നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.