- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികളുടെ കച്ചവടം നടത്തുന്ന പാറമടകൾ ലോൺ തിരിച്ചടയ്ക്കാതെ പറ്റിച്ചു; ബാറുടമകൾ തച്ചങ്കരി വരുമ്പോൾ കൊടുക്കാനുണ്ടായിരുന്നത് 600 കോടി; ബോക്സോഫീസിലെ ഹിറ്റ് നിർമ്മാതാക്കളും ഒളിച്ചുകളിച്ചു; ആ ഒറ്റമൂലി പരിഹാരം കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ രക്ഷിച്ചു; സിബിലിൽ ആറ്റാദായം നേടി കെ എഫ് സി
കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) 2021-22 സാമ്പത്തിക വർഷം 13.17 കോടി രൂപയുടെ അറ്റാദായം നേടുമ്പോൾ ചർച്ചയാകുന്നത് സിബിൽ ഇടപെടൽ. മുൻ വർഷം ഇത് 6.58 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം 153 കോടിയിൽനിന്ന് 193 കോടി രൂപയായി ഉയർന്നു.
മൊത്തം കിട്ടാക്കടം, വായ്പയുടെ 3.58 ശതമാനത്തിൽ നിന്ന് 3.27 ശതമാനമായി കുറയ്ക്കാൻ കെ.എഫ്.സി.ക്ക് കഴിഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തിയാകട്ടെ, 1.48 ശതമാനത്തിൽനിന്ന് 1.28 ശതമാനമായാണ് കുറഞ്ഞത്. സമ്പദ്വ്യവസ്ഥ കടുത്ത സമ്മർദത്തിലൂടെ കടന്നുപോകുന്ന സമയത്തും പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് കെ.എഫ്.സി.യുടെ സി.എം.ഡി. സഞ്ജയ് കൗൾ പറഞ്ഞു.കോവിഡ് കാലത്ത് കുടിശ്ശികക്കാർക്കെതിരേ നടപടികൾ സ്വീകരിക്കാതെ, അദാലത്ത് വഴി 83.73 കോടി രൂപ സമാഹരിക്കുകയും ചെയ്തു. എന്നാൽ ഇതിനെല്ലാം മുകളിലാണ് സിബിൽ കൊണ്ടു വന്ന സൗഭാഗ്യം.
വായ്പാ ഇടപാടുകാരുടെ വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് (സിബിൽ) കൈമാറിത്തുടങ്ങിയതോടെ, കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ (കെ.എഫ്.സി) വായ്പാത്തിരിച്ചടവിൽ വൻ വർദ്ധനവ് ഉണ്ടായി തുടങ്ങിയിരുന്നു. കെ എഫ് സിയുടെ തലപ്പത്ത് ഡിജിപി റാങ്കിലുള്ള ടോമിൻ തച്ചങ്കരി എത്തിയിരുന്നു. തച്ചങ്കരിയാണ് കെ എഫ് സിയെ ലാഭത്തിലാക്കാനുള്ള വഴിയായി സിബിൽ ഇടപെടൽ നടത്തിയത്. ഇതോടെ എല്ലാവർക്കും വായ്പ തിരിച്ചടയ്‌ക്കേണ്ട സ്ഥിതി വന്നു.
തുടക്കത്തിൽ 18,500 പേരുടെ വിവരങ്ങൾ കെ.എഫ്.സി സിബിലിൽ അപ്ലോഡ് ചെയ്തു. ആയിരം പേരുടെ വിവരങ്ങളും ഉടൻ കൈമാറും.പണം തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങളാണ് സിബിലിന് കൈമാറുന്നത്. ഇതറിഞ്ഞതോടെ വായ്പാ തിരിച്ചടയ്ക്കുന്ന പ്രവണത വർദ്ധിച്ചു. ഒറ്റത്തവണ തീർപ്പാക്കലിലൂടെ നേരത്തേ വായ്പ തിരിച്ചടച്ചവരും അവരുടെ സിബിൽ സ്‌കോർ മോശമാകുമെന്ന ഭയമുള്ളതിനാൽ മുഴുവൻ തുകയും തിരിച്ചടയ്ക്കാൻ തയ്യാറായി എത്തി.
സിബിൽ സ്‌കോർ വായ്പാ ഇടപാടുകാർക്ക് ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ നൽകുന്നതാണ് ക്രെഡിറ്റ് സ്‌കോർ. ഈ രംഗത്ത് വിവിധ ഏജൻസികളുണ്ടെങ്കിലും ഇന്ത്യയിലെ ശ്രദ്ധേയർ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ അഥവാ സിബിൽ ആണ്. 300 മുതൽ 900 വരെയാണ് സ്‌കോർ. 750നുമേൽ സ്‌കോറുള്ളവർക്കേ പൊതുവേ ബാങ്കുകൾ വായ്പ അനുവദിക്കൂ. വായ്പ കൃത്യമായി തിരിച്ചടയ്ക്കാതിരിക്കുക, പുനഃക്രമീകരിക്കുക, ഒറ്റത്തവണ തീർപ്പാക്കുക, എഴുതിത്ത്ത്തള്ളുക എന്നിവ ഉപഭോക്താവിന്റെ സ്‌കോർ കുറയ്ക്കുകയേയുള്ളൂ. സിബിൽ സ്‌കോർ കുറഞ്ഞാൽ മറ്റ് ബാങ്കുകൾ വായ്പ നൽകില്ല. ഇതു കൊണ്ടു തന്നെ കെ എഫ് സിയിൽ നിന്ന് ലോണെടുത്ത വമ്പൻ വ്യവസായികൾ പണം തിരിച്ചടയ്ക്കാൻ തുടങ്ങി. ഇത് കെ എഫ് സിക്ക് ലാഭത്തിലേക്കുള്ള വഴിയുമായി.
സർക്കാർ സ്ഥാപനത്തെ പറ്റിച്ച് മുങ്ങി നടക്കുന്നവരെ തളയ്ക്കാൻ തന്ത്രപരമായ നീക്കമാണ് സിഎംഡിയായിരിക്കെ ടോമിൻ തച്ചങ്കരി നടത്തിയത് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് കിട്ടാകടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ്. മൊത്തം ബിസിനസിന്റെ നാൽപത് ശതമാനത്തോട് അടുത്ത് കിട്ടാക്കടമായിരുന്നു അന്ന്. അന്ന് സിബിലിൽ കെ എഫ് സി അംഗമായിരുന്നില്ല. അതുകൊണ്ട് തന്നെ കെ എഫ് സിയിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കില്ലാത്തവർക്കും മറ്റ് ബാങ്കുകളിൽ നിന്ന് വായ്പ കിട്ടും. അതുകൊണ്ട് തന്നെ വൻകിടക്കാർ കൂസലില്ലാതെ കെ എഫ് സിയെ പറ്റിച്ചു.
വസ്തുവിന്റെ മൂല്യം ഉയർത്തിക്കാട്ടി പരമാവധി തുക കെ എഫ് സിയിൽ നിന്നും വായ്പ എടുക്കും. അതിന് ശേഷം തിരിച്ചടയ്ക്കില്ല. ഇങ്ങനെ വരുമ്പോഴും കുറഞ്ഞ വിലയ്ക്കുള്ള ഭൂമി കണ്ടു കെട്ടാനേ കെ എഫ് സിക്ക് കഴിയൂ. ഉദ്യോഗസ്ഥ തലത്തിലെ സഹായത്തോടെയാണ് ഈ തട്ടിപ്പുകൾ നടന്നത്. കണ്ടെത്തുകയും പ്രയാസമായിരുന്നു. കെ എഫ് സിയെ സിബിലിൽ ഉൾപ്പെടുത്തിയപ്പോൾ ഇങ്ങനെ വായ്പ മുടക്കി പറ്റിക്കുന്നവർക്ക് സിബിൽ സ്‌കോർ കുറയും. മറ്റ് ബാങ്കുകളുടെ വായ്പകളൊന്നും കിട്ടാത്ത സ്ഥിതിയും വന്നു. ഇത് കെ എഫ് സിയിലേക്കുള്ള തിരിച്ചടവ് കൂട്ടി.
ബാർ ഹോട്ടലുകാരും പാറമട ഉടമകളും സിനിമാ നിർമ്മാതാക്കളും വരെ കെ എഫ് സിയിൽ നിന്നും ലോൺ എടുക്കാറുണ്ട്. ഇത് തിരിച്ചടയ്ക്കാത്തത് വലിയ ബാധ്യതയുമാണ്. ഈ സാഹചര്യത്തിൽ ഇത്തരക്കാർക്ക് ഇനി ലോൺ നൽകില്ലെന്നും തച്ചങ്കരി തീരുമാനിച്ചിരുന്നു. സിനിമകൾ സൂപ്പർ ഹിറ്റായിട്ടും ഒരു പൈസ പോലും തിരിച്ചടയ്ക്കാത്ത സിനിമാ നിർമ്മാതാക്കളും ഉണ്ട്. ഇവരെ പൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സിബിലിൽ കെ എഫ് സിയെ ഉൾപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ