തിരുവനന്തപുരം: ആഭ്യന്തരമായി കൂടുതൽ പണം വായ്‌പ്പയായി സമാഹരിക്കാൻ ഒരുങ്ങി കിഫ്ബി (കേരള അടിസ്ഥാനസൗകര്യ വികസനനിധി). ഇതിന്റെ ഭാഗമായി പൊതുമേഖലാസ്ഥാപനമായ കെ.എഫ്.സി. (കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ)യിൽനിന്ന് 1000 കോടി രൂപ വായ്പ അനുവദിച്ചു. പുറമേ നിന്നുള്ള കടമെടുപ്പിന് കേന്ദ്ര മാനദണ്ഡങ്ങൾ തടസമായതോടെയാണ് ആഭ്യന്തരമായി കിഫ്ബി കൂടുതൽ പണം സമാഹരിക്കുന്നത്.

ഏഴുവർഷത്തേക്കാണ് വായ്പ. ആദ്യവർഷം 7.95 ശതമാനമാണ് പലിശ. പലിശനിരക്ക് വർഷംതോറും പുനപ്പരിശോധിക്കും. മുതലിനും പലിശയ്ക്കും സർക്കാർ ഉപാധികളില്ലാത്ത ഗാരന്റിയും അനുവദിച്ചു. ഈ സാമ്പത്തികവർഷം 20,000 കോടി വായ്പയെടുക്കാനാണ് കിഫ്ബി ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. വായ്പവാഗ്ദാനവുമായി കെ.എഫ്.സി. കിഫ്ബിയെ സമീപിക്കുകയായിരുന്നു.

സർക്കാർ ഗാരന്റിയോടെ കിഫ്ബി എടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കുമെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനെ സംസ്ഥാനം ചോദ്യംചെയ്‌തെങ്കിലും കേന്ദ്രം തീരുമാനം മാറ്റിയിട്ടില്ല. കിഫ്ബിയുടെയും കേരള പെൻഷൻ കമ്പനിയുടെയും വായ്പകളെ പൊതുകടമാക്കി കടമെടുപ്പുപരിധി വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 3578 കോടി ഈവർഷത്തെ പൊതുകടമെടുപ്പിൽനിന്ന് കുറയ്ക്കുമെന്നും ധനമന്ത്രാലയം അറിയിച്ചിരുന്നു.

കിഫ്ബി സമാഹരിച്ച 14,312 കോടി രൂപയുടെ നാലിലൊന്നാണിത്. ചെറുകിട സമ്പാദ്യപദ്ധതികൾ, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപ നീക്കിയിരിപ്പ് എന്നിവയിൽ 10,000 കോടിയോളം രൂപയും സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമാണെന്നാണ് കേന്ദ്ര നിലപാട്. ഇവയെല്ലാം ക്രമീകരിച്ചാൽ 23,915 കോടിയുടെ കടമെടുപ്പേ സാധ്യമാകൂ.

ധന കമീഷൻ ശുപാർശയിൽ 32,425 കോടിയുടെ കടമെടുപ്പിന് കേരളത്തിന് അംഗീകാരമുണ്ട്. കഴിഞ്ഞവർഷം ഉപയോഗിക്കാത്ത 1600 കോടിയുടെ അനുമതികൂടി ഈവർഷം പ്രയോജനപ്പെടുത്താം. ആകെ 34,025 കോടി എടുക്കാനാകുന്നതിൽ 10,110 കോടി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതുവരെ അനുവാദം ലഭിച്ചത് 16,936 കോടിക്കാണ്. സംസ്ഥാനത്തിന്റെ വലിയ സമ്മർദത്താൽ മെയ്മാസം 4000 കോടി അനുവദിച്ചു. കഴിഞ്ഞ മൂന്നിന് ഒമ്പതു മാസത്തേക്കായി 12,936 കോടികൂടി നൽകി. ബാക്കി അനിശ്ചിതത്വത്തിലായി. ജിഎസ്ടി നഷ്ടപരിഹാരം നിലച്ചതിലൂടെ 9000 കോടി ഈ വർഷം നഷ്ടപ്പെടും. റവന്യൂ കമ്മി ഗ്രാന്റിലും 6717 കോടി കുറയും. കടമെടുപ്പും നിഷേധിക്കുന്നതോടെ വരുമാനത്തിൽ 25,827 കോടി രൂപയുടെ സാധ്യത അടയും.

സംസ്ഥാന വരുമാനത്തിന്റെ മുഖ്യസ്രോതസ്സായ കേന്ദ്ര നികുതി, കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതങ്ങൾ വർഷാവർഷം കുറയ്ക്കുന്നു. കേന്ദ്ര നികുതിവിഹിതം 201819ൽ 19,038 കോടി ലഭിച്ചു. 2020-21ൽ 11,650 കോടിയും കഴിഞ്ഞവർഷം 17,802 കോടിയും. കേന്ദ്രാവിഷ്‌കൃത പദ്ധതി ഗ്രാന്റ് 202021ൽ ലഭിച്ചത് 5141 കോടി. കഴിഞ്ഞവർഷം 3789 കോടിയായി. കേന്ദ്ര ആസൂത്രണ കമീഷൻ ഇല്ലാതായതോടെ ഒറ്റത്തവണ, അധിക, സാധാരണ കേന്ദ്ര സഹായങ്ങളും നിലച്ചു.

2019-20ൽ പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ മൂന്നുശതമാനം കടമെടുപ്പ് പരിധിക്കുപുറമേ 1471 കോടി രൂപയ്ക്ക് പ്രത്യേക അനുവാദമുണ്ടായി. കോവിഡിൽ 202021ൽ കടമെടുപ്പ് അഞ്ചു ശതമാനമാക്കി. കഴിഞ്ഞവർഷം നാലര ശതമാനവും. ഈ വർഷമാകട്ടെ അനുവദിച്ച മൂന്നു ശതമാനവും വെട്ടിക്കുറയ്ക്കുകയാണ്.