ബംഗളൂരു: ബംഗളൂരു നഗരത്തിലെ കെ.ജി. ഹള്ളിയിൽ നടന്ന ലൈംഗികാതിക്രമം യുവതിയും കാമുകനും ചേർന്നൊരുക്കിയ നാടകമെന്ന് പൊലീസ്. യുവതിയുടെ കാമുകൻ ഇർഷാദ് ഖാനെ (34) ഇതുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് അഡീഷണൽ കമ്മിഷണർ ഹേമന്ത് നിംബാൽക്കർ പറഞ്ഞു.

കെ.ജി. ഹള്ളി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിക്കഴിഞ്ഞ് നാട്ടുകാർ സംഘടിച്ചിരുന്നു. സ്ത്രീകൾ ഇവിടെ സുരക്ഷിതരല്ലെന്ന് ആരോപിച്ച് പൊലീസിനോട് തട്ടിക്കയറുവാനും മറ്റും ഇർഷാദും മുൻപിലുണ്ടായിരുന്നു. ഇർഷാദിന്റെ നടപ്പുശൈലിയും സി.സി.ടി.വി. ദൃശ്യത്തിലെ യുവാവിന്റെ നടപ്പും ഒരേപോലെയാണെന്ന് പൊലീസ് കണ്ടെത്തി. ഇതാണ് കേസിനു തുമ്പുണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- യുവതിയുടെ സഹോദരീഭർത്താവാണ് ഇർഷാദ് ഖാൻ. മൂന്നുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. യുവതിക്കു വിവാഹാലോചനകൾ വന്നതോടെ ഇരുവരും ചേർന്നൊരുക്കിയ പദ്ധതിയാണ് അരങ്ങേറിയത്. മ്മനഹള്ളിയിൽ അതിക്രൂരലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം ആസൂത്രണം ചെയ്തത്. കമ്മനഹള്ളി സംഭവത്തെ മാതൃകയാക്കിയാണ് യുവതിയും കാമുകനും പദ്ധതി തയ്യാറാക്കിയത്.

ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വിവാഹം കഴിക്കുവാൻ ആരും തയ്യാറാകില്ലെന്ന് ഇരുവരും കരുതി. അങ്ങനെവരുമ്പോൾ സഹോദരിയുടെ ഭർത്താവ് ഇർഷാദ് യുവതിയെ വിവാഹം കഴിക്കാൻ സന്നദ്ധനായിവരും. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും വിവാഹം നടത്താമെന്നായിരുന്നു പദ്ധതി. ഇരുവരുടെയും മൊബൈൽ ഫോൺ സംഭാഷണം പൊലീസ് പരിശോധിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ ബസ് സ്റ്റോപ്പിലേക്കു നടന്നുപോയ യുവതിയെ യുവാവ് കടന്നുപിടിച്ച് നാവും ചുണ്ടും കടിച്ചുമുറിച്ചതായാണ് പരാതി. യുവാവിന്റെ ദൃശ്യങ്ങൾ അടുത്തുള്ള വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇത് ഇർഷാദാണെന്നു പൊലീസ് കണ്ടെത്തി. യുവതി സ്വയം നാവിലും ചുണ്ടിലും മുറിവേൽപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.