തിരുവനന്തപുരം: ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഹോം. ആമസോണിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് നേടുന്നത്. മലയാളത്തിൽ നിന്നു മാത്രമല്ല പുറത്തുനിന്നുള്ളവരും ചിത്രത്തേയും ചിത്രത്തിലെ അഭിനേതാക്കളേയും പ്രശംസിച്ചുകൊണ്ട് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോൾ ഹോമിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബജറ്റ് കന്നഡ ചിത്രം കെജിഎഫ് 2ന്റെ നിർമ്മാതാവ് കാർത്തിക് ഗൗഡ.

'എന്തൊരു ഗംഭീര സിനിമയാണ് ഹോം. ഹൃദയത്തെ തൊടുന്ന ചിത്രം. ഈ ചിത്രം തെരഞ്ഞെടുത്തതിന് പ്രൈം വീഡിയോയ്ക്ക് നന്ദി. വിജയ് ബാബു, നിങ്ങളുടെ കുപ്പായത്തിൽ ഒരു പതക്കം കൂടിയാവുന്നു ഈ ചിത്രം. ശ്രീനാഥ് ഭാസിയും ഇന്ദ്രൻസും എല്ലാവരും നന്നായി. ഈ ചിത്രം റെക്കമന്റ് ചെയ്ത വിജയ് സുബ്രഹ്‌മണ്യത്തിന് നന്ദി. മികച്ച വർക്ക്, റോജിൻ തോമസ്'- ട്വിറ്ററിൽ കാർത്ത് ഗൗഡ കുറിച്ചു.

നേരത്തെ സംവിധായകൻ എ ആർ മുരുഗദോസും ചിത്രത്തെ പ്രശംസിച്ചിരുന്നു. സംവിധായകൻ റോജിന് അദ്ദേഹം പേഴ്‌സണൽ മെസേജ് അയക്കുകയായിരുന്നു. ഒലിവർ ട്വിസ്റ്റ് എന്ന ഗൃഹനാഥന്റേയും കുടുംബത്തിന്റേയും കഥ പറഞ്ഞ ചിത്രത്തിൽ ഇന്ദ്രൻസിനൊപ്പം മഞ്ജു പിള്ള, ശ്രീനാഥ് ഭാസി തുടങ്ങിയ നിരവധി താരങ്ങൾ അഭിനയിച്ചു. ഓണം റിലീസായാണ് ചിത്രം എത്തിയത്.