കോഴിക്കോട്: തുടക്കം മുതൽ ആക്ഷൻ. മറ്റൊന്നുമില്ല. യുവാക്കളുടെ ഉത്സവം. യാഷിന് വേണ്ടി കേരളത്തിലെ മലയോര ഗ്രാമങ്ങളിൽ പോലും ഉത്സവം. ഇന്നു വരെ കണ്ടിട്ടുള്ള ആക്ഷൻ സിനിമയല്ലിത്. തോക്കുമായി തകർക്കുന്ന നായകൻ. യാഷ് അങ്ങനെ തകർക്കുകയാണ്. കഥയിൽ യുദ്ധം തന്നെയാണ് ഉള്ളത്. അഥീരയായി സഞ്ജയ് ദത്ത്. റോക്കിയും അഥീരയും തമ്മിലുള്ള യുദ്ധം. എല്ലാ അർത്ഥത്തിലും പ്രേക്ഷകർക്ക് ആവേശമാകുകയാണ് കെജിഎഫ് 2.

കെ ജി എഫ് ഒന്നാം പതിപ്പിനെ എല്ലാ അർത്ഥത്തിലും മറികടക്കുന്ന രണ്ടാം പതിപ്പ്. അതിവേഗതയാണ് സിനിമയുടെ പ്രത്യേകത. എഡിറ്റിംഗിലെ മികവിലൂടെ പ്രേക്ഷകരെ മറ്റൊരു തലത്തിലെത്തിക്കുന്നു. ആഗ്രഹിക്കുന്നത് തന്നെയാണ് തിയേറ്ററുകളിൽ നിന്ന് കിട്ടുന്നത്. അങ്ങനെ കെജിഎഫും യാഷും സഞ്ജയ് ദത്തും താരമാകുന്നു. കേരളത്തിൽ ഒരു സിനിമയ്ക്കും ലഭിക്കാത്ത ആവേശ സ്വീകരണമാണ് കെജിഎഫ് 2വിന് കിട്ടുന്നത്. എല്ലാ തിയേറ്ററും നിറഞ്ഞു കവിഞ്ഞാണ് പ്രദർശനം. ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ.

കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെകഥയാണ് ചിത്രം പറയുന്നത്. കന്നട, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽഎത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്താണ് പ്രതിനായകൻ. പ്രകാശ് രാജ്, രവീണ ടൻണ്ടൻ, ശ്രീനിഥി ഷെട്ടി,മാളവിക അവിനാശ്, ഈശ്വരി റാവു എന്നിവരാണ് മറ്റു താരങ്ങൾ. പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കെ.ജി.എഫ് ഒരുക്കിയ പ്രശാന്ത് നീൽ ആണ് സംവിധാനം. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പൃഥ്വിക്ക് വലിയ ലാഭം ഈ ചിത്രം ഉണ്ടാക്കും.

എഡിറ്റിംഗാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 'കെ.ജി.എഫ്-2'ന്റെ മുഖ്യ എഡിറ്ററാണ് 19കാരനായ ഉജ്ജ്വൽ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ നായകൻ യാഷ് നൽകിയ അഭിമുഖത്തിലാണ് ഉജ്ജ്വലിന്റെ പേര് ആദ്യമായി സിനിമാ പ്രേമികൾ കേൾക്കുന്നത്. ഉജ്ജ്വൽ 'കെ.ജി.എഫ്' ടീമിലെത്തിയ കഥ കൂടി യാഷ് പറഞ്ഞതോടെ ആരാധകരുടെ ആകാംക്ഷ വർധിക്കുകയും ചെയ്തു. 'കെ.ജി.എഫ്' ആദ്യ ഭാഗം ഇറങ്ങിയ ശേഷം ഉജ്ജ്വൽ ഒരു ഫാൻ വീഡിയോ എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

സിനിമയുടെ വിജയാഘോഷത്തിന് കേക്ക് മുറിക്കൽ ആഘോഷങ്ങൾക്കുൾപ്പെടെ ഉജ്ജ്വൽ ഉണ്ടായിരുന്നു. ഉജ്ജ്വൽ തയാറാക്കിയ വീഡിയോ കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ ഭാര്യ കാണുകയും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു. ഇത് ഇഷ്ടപ്പെട്ട പ്രശാന്ത് തന്റെ ടീമിനൊപ്പം ചേരാൻ ഉജ്ജ്വലിനെ ക്ഷണിച്ചു. മൂന്ന് വർഷം പ്രശാന്ത് ഉജ്ജ്വൽ എഡിറ്റിങിൽ പരിശീലനവും നൽകി. 'ഞങ്ങളുടെ മുഖ്യ എഡിറ്റർമാരിൽ ഒരാൾ ഉജ്ജ്വലാണ്. അവന്റെ എഡിറ്റിങ് കഴിവുകൾ തിരിച്ചറിഞ്ഞ ശേഷമാണ് പ്രശാന്ത് നീൽ മൂന്നുവർഷത്തെ പരിശീലനം നൽകിയത്. ഇതോടെ ഒരു മികച്ച എഡിറ്ററായി ഉജ്ജ്വൽ മാറിയെന്ന യാഷിന്റെ വാക്കുകളാണ് സിനിമയിൽ പ്രതിഫലിക്കുന്നത്.

ഇത്രയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ എഡിറ്ററായി ഒരു 19കാരൻ വന്നതിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് സിനിമാ ലോകം. ശ്രീകാന്ത് ഗൗഡയായിരുന്നു കെ.ജി.എഫ് ആദ്യ ഭാഗത്തിന്റെ എഡിറ്റർ. രണ്ടാം ഭാഗത്തിന്റെ എഡിറ്ററായി ഉജ്ജ്വൽ കുൽക്കർണി തകർത്തു. ആദ്യഭാഗത്തിന്റെ ക്യാമാറാമാൻ ഭുവൻ ഗൗഡ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആദ്യഭാഗത്തിന് സംഗീതമൊരുക്കിയ രവി ബസ്രൂർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതം.

2018 ഡിസംബർ 21ന് റിലീസ് ചെയ്ത ആദ്യ ഭാഗതിന് 80 കോടിയായിരുന്നു ബജറ്റ്. ലോകമെമ്പാടും നിന്ന് 250 കോടിയിലേറെയാണ് സിനിമ കളക്ഷൻ നേടിയത്. നൂറ് കോടി ബജറ്റിലാണ് രണ്ടാം ഭാഗമൊരുക്കിയിരിക്കുന്നത്. ഈ സിനിമ ആയിരം കോടിക്ക് മുകളിൽ കളക്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ.

വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)