കൊച്ചി: ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ പുതിയ റെക്കോഡുകൾ കുറിച്ച് കെജിഎഫ് ചാപ്റ്റർ 2. റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങൾ കഴിയുമ്പോൾ 550 കോടിയോളം രൂപയാണ് ചിത്രത്തിന്റെ വരുമാനം. റിലീസ് ദിവസം ഇന്ത്യയിൽ നിന്ന് 134.5 കോടിയാണ് ചിത്രം നേടിയത്.

ട്രേഡ് അനലിസ്റ്റ് മനോബല വിജയബാലനാണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. 551.830 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ഇതോടെ 500 കോടി ക്ലബ്ബിൽ ഇടംകണ്ടെത്തിയ ആദ്യത്തെ കന്നഡ ചിത്രമായിരിക്കുകയാണ് കെജിഎഫ് 2.

കൂടാതെ നിരവധി റെക്കോർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലെ ഏറ്റവും വലിയ ഓപ്പണറാണ് ഇത്. കൂടാതെ ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിച്ച് ഏറ്റവും വലിയ ഓപ്പണിങ് വീക്കൻഡിനും ചിത്രം ഉടമയായി. ഹിന്ദിയിലെ കളക്ഷൻ 200 കോടിയായി. ഏറ്റവും വേഗത്തിൽ 200 കോടി തൊടുന്ന ചിത്രമെന്ന നേട്ടവും ചിത്രത്തിനുണ്ട്. തെന്നിന്ത്യയിൽ കർണാടകയിൽ മാത്രമല്ല തമിഴ്‌നാട്, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും വൻ വിജയമാണ് ചിത്രം നേടുന്നത്.

കേരളത്തിൽ നിന്ന് മാത്രം 7.48 കോടിയോളം സ്വന്തമാക്കി. ഒരു സിനിമയ്ക്ക് ആദ്യദിനം കേരളത്തിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്. നടൻ പൃഥ്വിരാജ് സുകുമാരനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യഷ് നായകനായെത്തിയ കെജിഫ് ചാപ്റ്റർ 2 , 100 കോടി രൂപ മുതൽമുടക്കിലാണ് ഒരുക്കിയത്. ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ഠണ്ടൻ, പ്രകാശ് രാജ്, ആനന്ദ് നാഗ്, മാളവിക അവിനാശ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.

കെജിഎഫ് ആദ്യഭാഗം 2018 ലാണ് റിലീസിനെത്തിയത്. 1960-70 കാലഘട്ടത്തിൽ കോലാർ സ്വർണഖനി തൊഴിലാളികളുടെ അടിമ ജീവിതവും അവരുടെ അതിജീവനവും തുടർന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളർച്ചയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കെജിഎഫിൽ ദൃശ്യവൽക്കരിക്കുന്നത്.

ഏറെ പ്രതിസന്ധികൾ തരണം ചെയ്ത് പ്രദർശനത്തിനെത്തിയ കെജി.എഫ് ഇന്ത്യയൊട്ടാകെ തരംഗമായി. അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടെയും പ്രതീക്ഷകൾക്കപ്പുറമായിരുന്നു ചിത്രത്തിന്റെ വിജയം. 80 കോടി ബജറ്റിൽ പുറത്തിറങ്ങിയ കെജിഎഫ് ആദ്യ ചാപ്റ്റർ 250 കോടി നേടി ഏറ്റവുമധികം കളക്ഷൻ നേടുന്ന കന്നട ചിത്രമായി. ഇന്റർനെറ്റ് ഡൗൺലോഡിംഗിലും കാഴ്ചക്കാരുടെ എണ്ണത്തിലും കെജിഎഫ് റെക്കോർഡ് നേടി. ഇത് വലിയ ശ്രദ്ധ നേടിയതോടെയാണ് രണ്ടാം ഭാഗവും വൻ വിജയമായി മാറിയത്.