കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരം തുടങ്ങി. രോഗികൾ വലയുകയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. സ്വകാര്യ കുത്തകകളിൽ നിന്ന് പൊതുജനരാഗ്യത്തെ രക്ഷിക്കാനുള്ള സർക്കാർ നടപടിയാണ് ഡോക്ടർമാർക്ക് പിടിക്കാത്തത്. മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് കുമരംപത്തൂരിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്.

സമരം അറിയാതെ വെളുപ്പിനെ മുതൽ പലവിധ അസുഖങ്ങളാൽ ദൂര സ്ഥലങ്ങളിൽ നിന്നു പോലുമെത്തിയ രോഗികൾ ആശുപത്രികളിൽ കാത്തിരിക്കുകയാണ്. വലിയ ദുരിതമാണ് ഡോക്ടർമാരുടെ മിന്നൽ സമരം രോഗികൾക്ക് സമ്മാനിച്ചത്. നിലവിൽ ഒരു മണി വരെയുള്ള ഒപി സമയം സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി 6 മണിവരെ ദീർഘിപ്പിച്ചതാണ് ഡോക്ടർമാരെ ചൊടിപ്പിച്ചത്. ഇതിന്റെ ഭാഗമായി സമരം നടത്താൻ മുൻകൈയെടുത്ത ഡോക്ടറെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ ജോലികളും നിർത്തിവെച്ച് സമരം തുടങ്ങിയത്. ഒപി സമയം കൂട്ടിയതും പുതിയ നിയമനങ്ങൾ നടത്താത്തതുമാണ് സമരകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി ഒപി ബഹിഷ്‌കരണമാണ് സമരത്തിന്റെ ആദ്യഘട്ടം. ഡോക്ടർമാരുടെ സമര സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. എൻആർഎച്ച്എം ഡോക്ടർമാരെ നിയോഗിച്ച് സമരത്തെ നേരിടാനാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്.

വൈകുന്നേരം ആറുവരെ ജോലി ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കുമരംപത്തൂരിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഇത് ന്യായമായ സർക്കാർ നടപടിയായിരുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് രോഗീസൗഹൃദപരിചരണം സാധ്യമാക്കി മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതിയാണ് ആർദ്രം മിഷൻ. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി ഒരു നിശ്ചിത പ്രദേശത്തെ ജനങ്ങൾക്ക് സമഗ്രമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഉച്ചവരെ മാത്രമുണ്ടായിരുന്ന ഒപി, രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണിവരെയായി മാറി. ഇതിന് വേണ്ടി ഓരോ കേന്ദ്രത്തിലും 3 ഡോക്ടർമാരെയാണ് നിയമിച്ചത്. ഒരു പരാതിയും കൂടാതെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നത്. എന്നാൽ പാലക്കാട് കുമരംപത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 4 ഡോക്ടർമാർ ഉണ്ടായിട്ടും വൈകുംന്നേരം വരെ ഒ.പി. നടത്താൻ അവർ തയ്യാറാകുന്നില്ല. ഇതായിരുന്നു നടപടിക്ക് കാരണം.

3 ഡോക്ടർമാർ, 4 സ്റ്റാഫ് നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയ എല്ലാവരുടേയും പ്രവൃത്തിസമയവും ഉത്തരവാദിത്വവും നിർവചിച്ചുകൊണ്ടുള്ള ഗൈഡ്ലൈൻ ഇറക്കിയിട്ടുണ്ട്. അതനുസരിച്ച് ആശുപത്രിക്കകത്തും പുറത്തും ചെയ്യേണ്ടുന്ന സേവനങ്ങൾ കൃത്യനിഷ്ഠയോടെ ചെയ്യാൻ തയ്യാറാകുന്നവരാണ് മഹാഭൂരിപക്ഷം ജീവനക്കാർ. പുതിയ സംവിധാനം നിലവിൽ വന്നപ്പോൾ പ്രവൃത്തി സമയത്തിലോ ജോലിയിലോ അധികഭാരമാകുന്നതായി പറയാൻ കഴിയില്ല. ഉച്ചവരെ ഒരു ഡോക്ടർമാർ മാത്രമുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് 3 ഡോക്ടർമാരെ നൽകിക്കൊണ്ട് ഒ.പി. സമയം വൈകുന്നേരം വരെയാക്കിയത്. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ പദ്ധതി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ പേര് പറഞ്ഞ് ചിലർ ശ്രമിക്കുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങൾ ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. ഡോക്ടർമാരുടെ സംഘടന സമരവുമായെത്തിയത്.

കുടുംബാരോഗ്യ കേന്ദ്രങ്ങളും ഒരു പ്രശ്നവുമില്ലാതെ വൈകുന്നേരം വരെ ഒ.പി. നടത്തുമ്പോൾ കുമരംപത്തൂർ കേന്ദ്രം മാത്രം മാറി നിൽക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ഈ കേന്ദ്രം മാത്രം മാറിനിൽക്കുന്നതിനെ ഒരു വെല്ലുവിളിയായാണ് സർക്കാർ കാണുന്നത്. ഒരു നാട്ടിലെ ജനങ്ങൾക്ക് മികച്ച ചികിത്സ നൽകാനുള്ള അവസരമാണ് ഇവർ ഇല്ലാതാക്കുന്നത്. ആർദ്രം പദ്ധതിയുടെ ലക്ഷ്യത്തെ തന്നെ തകർക്കാനുള്ള ചിലരുടെ ശ്രമമാണ് ഡോക്ടർമാർ നടത്തുന്നതെന്നാണ് സർക്കാർ നിലപാട്. ഏതായാലും അനിശ്ചിതകാല സമരത്തിലൂടെ ഡോക്ടർമാർ വെല്ലുവിളിക്കുന്നത് അസുഖ ബാധിതരെയാണ്. വീട്ടിൽ രാപകൽ പ്രാക്ടീസ് ചെയ്യുന്നവർക്ക് സർക്കാർ ആശുപത്രിയിൽ അതിന് കഴിയില്ലെന്ന് വ്യക്തമാക്കുന്ന സമരം. ഇതോടെ വീണ്ടും രോഗികൾ സ്വകാര്യ ആശുപത്രികളിലേക്ക് നീങ്ങും. അവിടെ കൊള്ള ലാഭവും.

അതിനിടെ താൽക്കാലിക നിയമനങ്ങൾ കൊണ്ട് ആർദ്രം പദ്ധതി വിഭാവനം ചെയ്യുന്ന സേവനങ്ങൾ നൽകാനാവില്ല എന്ന യാഥാർത്ഥ്യം ഈ പദ്ധതിയുടെ തുടക്കം മുതലേ അധികാരികളെ ബോധ്യപ്പെടുത്തുവാൻ കെ.ജി എം ഒ.എ ശ്രമിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരും പറയുന്നു. എന്നാൽ അതെല്ലാം അവഗണിച്ച് യാതൊരു മുന്നൊരുക്കങ്ങളും സൗകര്യങ്ങളും ആവശ്യത്തിന് സ്റ്റാഫും ഇല്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രഖ്യാപിക്കപ്പടുകയാണ്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ വെറും ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്നാണ് ഇവരുടെ നിലപാട്. ഒരുപാട് ചുമതലകൾ നിർവ്വഹിക്കേണ്ട ഡോക്ടർമാർ ഒ.പി മാത്രം നോക്കിയാൽ മതി എന്ന തരത്തിൽ പ്രചാരണം നടത്തി പൊതുജനാരോഗ്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നയമാണ് സർക്കാരിന്റേതെന്ന വിചിത്ര ന്യായവും കെജിഎംഒഎ ഉയർത്തുന്നു.

ജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനം നൽകാനാവശ്യമായ ഭൗതിക മാനവ വിഭവശേഷി ഉറപ്പ് വരുത്തിയാകണം ആർദ്രം പോലുള്ള പദ്ധതികൾ നടപ്പിലാക്കേണ്ടത്. ആവശ്യത്തിന് ഡോക്ടർമാരെ സ്ഥിരമായി നിയമിക്കാതെ ഒ.പി സമയം ദീർഘിപ്പിച്ച് രോഗ പ്രതിരോധ പ്രവർത്തനങ്ങളെ അവതാളത്തിലാക്കി ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടിക്ക് കൂട്ട് നിൽക്കാനാവില്ല എന്നതാണ് കെ.ജി.എം.ഒ യുടെ നിലപാട്. ഇതും തീർത്തും വിചിത്രം. ഇന്ന് മുതൽ സ്വകാര്യ പ്രാക്ടീസും ഉണ്ടാകില്ലെന്ന് സംഘടന പറയുന്നു. എന്നാൽ വീട്ടിലെത്തുന്ന രോഗികളെ കാശ് വാങ്ങി ഡോക്ടർമാർ പരിശോധിക്കുന്നുണ്ടെന്നതാണ് വസ്തുത. ഇന്ന് രാവിലേയും പല ഡോക്ടർമാരും പരിശോധിച്ചു. കാശ് കൊടുക്കാനില്ലാത്ത പാവങ്ങളെ മാത്രമേ അതുകൊണ്ട് തന്നെ ഡോക്ടർമാരുടെ സമരം വലയ്ക്കൂവെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഡോക്ടർ സമരത്തെ സർക്കാരും കർശനമായി നേരിടും.