- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിഭാരം കുറയ്ക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കണം; വിരമിച്ചവരേയും പി ജി പഠനത്തിന് പോയ ഡോക്ടർമാരേയും തിരികെയെത്തിക്കണം; ആരോഗ്യപ്രവർത്തകരുടെ ഉറ്റബന്ധുക്കൾക്ക് വാക്സിൻ ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ ജി എം ഒ എ
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ കോവിഡ് ബാധിതരാകുമ്പോൾ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ രംഗത്തെത്തി. ആരോഗ്യപ്രവർത്തകരുടെ ജോലി ഭാരം കുറയ്ക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും കെജിഎംഒഎ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
ആരോഗ്യപ്രവർത്തകരുടെ ഉറ്റബന്ധുക്കൾക്ക് വാക്സിൻ ഉറപ്പാക്കണമെന്നും കെ ജി എം ഒ എ കത്തിൽ പറയുന്നു.സംസ്ഥാനത്ത് രണ്ടാം കോവിഡ് തരംഗത്തിൽ നിരവധി ആരോഗ്യപ്രവർത്തകർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വാക്സിൻ എടുത്തിട്ടും കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയാണുള്ളത്. ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ കുറവുള്ളതിനാൽ കൂടുതൽ ജോലിയാണ് ഇവർ ചെയ്യുന്നത്. നേരത്തേതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഗുരുതരമായ സാഹചര്യമാണുള്ളതെന്നും ഡോക്ടർമാരുടെ സംഘടന ചൂണ്ടിക്കാട്ടി.
ഈ അവസ്ഥയിൽ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാണ് കെ ജി എം ഒ എയുടെ ആവശ്യം.വിരമിച്ച ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തി പഞ്ചായത്ത്, ബ്ലോക്ക് തലത്തിൽ ടെലിമെഡിസിൻ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പി ജി പഠനത്തിന് പോയ ഡോക്ടർമാരിൽ കോഴ്സ് കഴിഞ്ഞവരെ തിരികെ എത്തിക്കണം. ഡൊമിസിലറി, സിഎഫ്എൽടിസി എന്നിവിടങ്ങളിൽ ഡോക്ടർമാർ നേരിട്ടുള്ള ചികിത്സ ഒഴിവാക്കി ഓൺലൈൻ ആക്കണം. രോഗികളെ കൊണ്ടുപോകൻ ആംബുലൻസുകൾക്കൊപ്പം ടാക്സികളും സജ്ജമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ