തിരുവനന്തപുരം: പ്രഫസറായി വിരമിച്ചാൽ കിട്ടുന്നതിലും കൂടതൽ തുക പ്രിൻസിപ്പലായി പടിയിറങ്ങിയാൽ അധികമായി കിട്ടും. അതിനായി ചെറിയൊരു കൈസഹായം. നഷ്ടത്തിലാണ് ഖജനാവിലെ കണക്കുകളെന്ന് പറയുന്ന ധനമന്ത്രി തോമസ് ഐസകിന്റെ സാമ്പത്തിക ശാസ്ത്രത്തിന് വിരുദ്ധമാണ് ഇതെല്ലാം. പക്ഷേ സംഘടനാ നേതാവിനെ സഹായിച്ചില്ലെങ്കിൽ ആർക്ക് വേണ്ടിയാണ് ഭരണം? ഈ ചിന്തയിൽ സാമ്പത്തിക നഷ്ടമൊന്നും നോക്കാതെ ഇടതു സംഘടനാ നേതാവിനെ ഒരു മണിക്കൂറിന് മാത്രമായി പ്രിൻസിപ്പലാക്കി.

ആർക്കും അതുകൊണ്ട് പരാതിയില്ല. ആരുടേയും സാധ്യതയും അടയുന്നില്ല. പകരം പാവം ഒരു ഇടത് നേതാവിന് പെൻഷനിൽ വലിയൊരു തുക അധികമായി കിട്ടുകയും ചെയ്യും. എല്ലാം നടന്നത് ഇന്നലെയായിരുന്നു. അതീവ രഹസ്യമായി കെജിഒഎ സംസ്ഥാന നേതാവായ പ്രഫ. ശശികുമാറിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിചിത്ര ഉത്തരവിലൂടെ പ്രിൻസിപ്പലാക്കി. തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലായിരുന്നു സ്ഥാനക്കയറ്റം. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ ഉത്തരവ് പ്രഫ ശശികുമാറിന് കിട്ടി. ഉടൻ ജോയിൻ ചെയ്യുകയും ചെയ്തു. നാല് മണിക്ക് പ്രിൻസിപ്പലായി അഞ്ച് മണിക്ക് വിരമിക്കും. അങ്ങനെ സർവ്വീസിലെ അവസാന മണിക്കൂറിൽ സ്ഥാനക്കയറ്റം. ഇനി മറ്റെന്തെങ്കിലും ജോലിയ്‌ക്കോ സർക്കാരിൽ മന്ത്രിമാരുടെ സഹായിയായി ചേർന്നാലോ എല്ലാം വിരമിച്ച പ്രിൻസിപ്പലെന്ന് പ്രൊഫൈലിൽ എഴുതാനും കഴിയും.

കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിന് പ്രത്യേക അപേക്ഷ ക്ഷണിക്കണമെന്നാണ് ചട്ടം. എന്നാൽ ശശികുമാർ അപേക്ഷയൊന്നും നൽകിയിരുന്നില്ല. കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രഫസറായിരുന്നു ശശികുമാർ. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ എഞ്ചിനിയറിങ് കോളേജിൽ പ്രിൻസിപ്പലാക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശുപാർശ എഴുതി വാങ്ങി. എഞ്ചിനിയറിങ് കോളേജിൽ ഒരു പ്രിൻസിപ്പൽ ഒഴിവുണ്ടെന്നായിരുന്നു ശുപാർശ. ഇതു പ്രകാരം ബാക്കിയെല്ലാം വേഗത്തിൽ നടന്നു. തിരുവനന്തപുരത്തെ പ്രിൻസിപ്പലിന് പാലക്കാട്ടേക്ക് സ്ഥലം മാറ്റം. അങ്ങനെ തിരുവനന്തപുരത്തെ ഒഴിച്ചിട്ടു. അതിന് ശേഷം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയെന്ന് വരുത്തി ശശികുമാറിനെ നിയമിച്ചു. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവർ അതിവേഗം ഫയലിൽ ഒപ്പിട്ടായിരുന്നു എല്ലാം. പെൻഷൻ തുക അധികമായി സംഘടിപ്പിക്കുകയെന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം.

ഇതിനെല്ലാം കാരണം വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണെന്നാണ് ആപോപണം. ശശികുമാറിന്റെ നിലവിലെ അടിസ്ഥാന ശമ്പളത്തിൽ പ്രെമോഷൻ എത്തുന്നതോടെ വലിയ മാറ്റം ഉണ്ടാകും. രണ്ടോ മൂന്നോ ഗ്രേഡിന്റെ ഉയർച്ചയുണ്ടാകും. ഇത് പെൻഷൻ തുകയിലും പ്രതിഫലിക്കും. അങ്ങനെ മാസം കുറഞ്ഞത് വലിയൊരു നേട്ടം അടുത്തമാസം മുതൽ ശശികുമാറിനെ ലഭിക്കും. ഒരു മണിക്കൂർ മാത്രമുള്ള പ്രെമോഷനായതിനാൽ ആരും ഇതിനെ ചോദ്യം ചെയ്യില്ല. കാരണം സർവ്വീസിലുള്ള ആർക്കും ഇതുമൂലം നഷ്ടമുണ്ടാക്കുന്നില്ല. അടുത്ത ദിവസം തന്നെ അർഹതപ്പെട്ടവർക്ക് ഇവിടെ പ്രിൻസിപ്പലായി മാറുകയും ചെയ്യും. സാധാരണ സഹപ്രവർത്തകർക്കിടയിൽ പോലും ധാരണയോടെ ഇത്തരം രീതികൾ നടപ്പാകാറുണ്ട്. പക്ഷേ അതൊന്നും അവസാന നിമിഷത്തേക്കാകില്ല.

കൂട്ടുകാരന് പ്രെമോഷൻ ഉറപ്പാക്കി കൂടുതൽ പെൻഷൻ കിട്ടാൻ ചിലർ ദീർഘകാല അവധിയെടുത്ത് മാറുന്നത് പോലുള്ള തന്ത്രങ്ങൾ സംസ്ഥാന സർവ്വീസിൽ സാധാരണമാണ്. എന്നാൽ ശശികുമാറിനെ പ്രിൻസിപ്പലാക്കാൻ ഇതൊന്നും വേണ്ടി വന്നില്ല. എല്ലാം ഒറ്റ ദിവസം കൊണ്ട് സർക്കാർ തന്നെ ചെയ്തു. അപേക്ഷ പോലും കൊടുത്തില്ലെന്ന വസ്തുതയും ഉണ്ട്. ഇടതുപക്ഷവുമായി ചേർന്നായിരുന്നു ശശികുമാറിന്റെ സർവ്വീസ് യാത്ര. എല്ലാത്തിനും ഉപരി വിദ്യാഭ്യസ മന്ത്രിയും പ്രഫസറുമായ രവീന്ദ്രനാഥിന്റെ ഉറ്റ സുഹൃത്താണ് ശശികുമാർ. ഇതും സർക്കാരിന്റെ തീരുമാനത്തെ സ്വാധീനിച്ചു. ചുരുക്കി പറഞ്ഞാൽ വിദ്യാഭ്യാസ മന്ത്രി സുഹൃത്തിന് മനസ്സ് അറിഞ്ഞു നൽകിയ സമ്മാനമാണ് ഒരു മണിക്കൂർ പ്രമോഷൻ.

പ്രിൻസിപ്പലായി ഒരു മണിക്കൂർ ജോലിചെയ്ത ശശികുമാർ വിരമിച്ച ശേഷം പോകുന്നത് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കാണെന്നും സൂചനയുണ്ട്. മന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ഈ റിട്ടേയേർഡ് പ്രഫസറെ നിയമിക്കാൻ സിപിഐ(എം) തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന് പിന്നിലും മന്ത്രിയുടെ പ്രത്യേക താൽപ്പര്യം തന്നെയാണ്.