റോം: ഖാബി ലെയിമെന്ന പേരുകേട്ടാൽ അത്രപെട്ടെന്ന് ആളെ പിടികിട്ടിയെന്ന് വരില്ല.എന്നാൽ മുഖത്ത് ഒരുലോഡ് പുച്ഛവുമായി നിൽക്കുന്ന ലെയിമിന്റെ പടം കണ്ടാൽ ഈ താരത്തെ എല്ലാവരും തിരിച്ചറിയും.അത്രയ്ക്കുണ്ട് സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന്റെ പ്രസിദ്ധി.ടിക് ടോക്കിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള, മീമുകളിലേയും ട്രോളുകളിലേയും വാട്ട്സ്ആപ്പ് സ്റ്റിക്കറുകളിലേയും സ്ഥിരം സാന്നിധ്യമായ ഈ 22 വയസുകാരൻ സോഷ്യൽ മീഡിയയിലെ കിരീടം വയ്ക്കാത്ത രാജാവാണ്.

വളരെ സിംപിളായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ലൈഫ് ഹാക്കുകൾ എന്ന പേരിൽ വളരെ പ്രയാസപ്പെട്ട് ചെയ്യുന്നവരെ റോസ്റ്റ് ചെയ്താണ് ഖാബി ശ്രദ്ധ നേടുന്നത്. പിന്നീട് ഒരു കഥയുമില്ലാത്ത കാര്യങ്ങളെ പൊലിപ്പിച്ച് പറയുന്നവരെ ട്രോളാനുള്ള ഒരു ഐക്കൺ തന്നെയായി ഒരു ലോഡ് പുച്ഛമൊളിപ്പിച്ച ഖാബിയുടെ മുഖം മാറുകയായിരുന്നു.

വാഴപ്പഴത്തിന്റെ തൊലി കളയുന്നതിനും നാരങ്ങ പിഴിയുന്നതിനും ചെരുപ്പിടുന്നതിനുമൊക്കെ എളുപ്പ വഴികൾ എന്ന രീതിയിൽ സോഷ്യൽ മീഡിയ അവതരിപ്പിക്കുന്ന ഹാക്കുകളെ കണക്കിന് ട്രോളുന്ന ഖാബിക്ക് ടിക്ടോക്കിൽ 148 മില്യനോളം ഫോളോവേഴ്സാണുള്ളത്.

വളരെ കഷ്ടതകൾ നിറഞ്ഞ ഭൂതകാലത്ത് നിന്ന് തന്റെ വിഷമങ്ങളെയൊക്കെ ഉള്ളിലൊതുക്കി ഏവരെയും ചിരിപ്പിക്കാൻ ഇറങ്ങിയ ഖാബി ലെയിമിനെ ഏവരും ഏറ്റെടുക്കുകയായിരുന്നു. ഒടുവിൽ തന്റെ പ്രേക്ഷകരെപ്പോലെ ഖാബി ലെയിമിന്റെ മുഖത്തും ചിരി പടർന്നു.എങ്കിലും തന്റെ സ്വന്തം രാജ്യത്ത് പൗരത്വമില്ലാത്തത് അദ്ദേഹത്തിന്റെ വേദനയായിരുന്നു.ഇറ്റലിയിലെ ചിവാസ്സോയിലാണ് ഖാബി ലെയിമിന് ബുധനാഴ്ച പൗരത്വം ലഭിച്ചത്. സെനഗർ വംശജനായ ഖാബി തീരെ കുഞ്ഞായിരുന്നപ്പോഴാണ് കുടുംബം ഇറ്റലിയിലേക്ക് കുടിയേറുന്നത്. എന്നാൽ ഖാബിക്ക് ഇറ്റാലിയൻ പൗരത്വമുണ്ടായിരുന്നില്ല.

ഒടുവിൽ തങ്ങളുടെ പ്രിയ താരത്തിന് വേണ്ടി ആരാധകർ തന്നെ രംഗത്തിറങ്ങി.ഇറ്റലിയുടെ ടിക് ടോക് രാജാവിന് ഇറ്റാലിയൻ പൗരത്വമില്ലെന്ന വാർത്ത അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതേത്തുടർന്നായിരുന്നു ഭരണകൂടത്തിന്റെ നടപടി.വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ ദിവസമാണ് ജനപ്രിയ ടിക്ക്ടോക്കർക്ക് സ്വന്തം രാജ്യത്ത് പൗരത്വം ലഭിച്ചു.

ഇറ്റാലിയൻ പൗരത്വ നിയമങ്ങൾ കർശനമാക്കിയതിനാൽ ഖാബിക്ക് ഇപ്പോൾ മാത്രമാണ് പൗരത്വം ലഭിച്ചത്. ജൂൺ 24ന് ലാമിന്റെ പൗരത്വ അപേക്ഷ അംഗീകരിച്ചതായി ഇറ്റലിയുടെ ആഭ്യന്തര മന്ത്രി കാർലോ സിബിലിയ അറിയിച്ചു. ഈ ബുധനാഴ്ചയാണ് ഖാബി പൗരത്വ സത്യപ്രതിജ്ഞ ചെയ്തത്.