മലപ്പുറം: ഭർത്താവിന്റെ വെട്ടേറ്റ് 43കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കിഴിശ്ശേരി പുറ്റമണ്ണയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുളിയക്കോട് മേൽമുറി മുതീരി തരുവക്കോടൻ വീട്ടിൽ പരേതനായ കോമുക്കുട്ടിയുടെ മകൾ ഖജീജ(43)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് ഭർത്താവ് ഗുലാൻ അലിയെ രക്ഷപ്പെടുന്നതിന് മുമ്പ് അറസ്റ്റ് ചെയ്തു.

കുടുംബ പ്രശ്നത്തെ തുടർന്ന് വർഷങ്ങളായി അകന്നു കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞ ആറ് മാസമായി വീണ്ടും ഒരുമിച്ചു ജീവിക്കുകയായിരുന്നു. മുമ്പ് പലതവണ പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം നാട്ടുകാർ ഇടപെട്ട് പറഞ്ഞു തീർക്കുകയാണ് ചെയ്തിരുന്നത്. പ്രശ്നങ്ങളെല്ലാം തീരുമെന്ന പ്രതീക്ഷയിൽ ആറ് മാസം മുമ്പ് ഭർത്താവുമായി ജീവിതം തുടങ്ങിയപ്പോൾ ഖദീജ അറിഞ്ഞിട്ടുണ്ടാകില്ല, ഭർത്താവിന്റെ കൈകളാൽ ദാരുണാന്ത്യം ഉണ്ടാകുമെന്നത്.

സ്വത്തിനെ ചൊല്ലിയുള്ള വഴക്കും, തലയ്ക്കു പിടിച്ച സംശയ രോഗവുമാണ് ഗുലാൻ അലി ഖദീജയുമായുണ്ടായ പ്രശ്നങ്ങളുടെയെല്ലാം കാരണം. ഗുലാൻ അലി മാനസിക രോഗമുള്ളയാളാണെന്നും പറയപ്പെടുന്നു. എന്നാൽ, ഗുലാൻ അലിയുടെ നാലാമത്തെ ഭാര്യയാണ് ഖദീജ. നേരത്തെയുണ്ടായിരുന്ന മൂന്ന് ഭാര്യമാരേയും ഒഴിവാക്കിയാണ് ഖദീജയെ വിവാഹം കഴിച്ചത്. ഓരോ വിവാഹ ബന്ധങ്ങളും തകരാൻ സ്വത്ത് തർക്കവും സംശയ രോഗവും, മാനസിക വിഭ്രാന്തിയുമെല്ലാം കാരണമായി. റുഖിയയിൽ ഗുലാൻ അലിക്ക് ഏഴ് മക്കളാണുള്ളത്. പ്രശ്‌നത്തെ തുടർന്ന് അകന്നിരുന്ന ഇവർ മൂത്ത മകളുടെ വിവാഹത്തോടെയാണ് ഈയിടെ ഒരുമിച്ചത്. എന്നാൽ മരണത്തിലേക്കുള്ള റുഖിയയുടെ കാൽവെയ്‌പ്പായിരുന്നു അത്.

കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ട് പശുവിന് പുല്ലരിഞ്ഞ് വരികയായിരുന്ന ഖദീജയെ വീട്ടിനടുത്ത് വെച്ച് ഗുലാൻ അലി തടഞ്ഞ് നിർത്തുകയായിരുന്നു. ഈ സമയം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഗുലാൻ ആക്രോശിച്ചു. ഗുലാൻ അലിയുടെ കൈയിൽ മഴു കണ്ട് ഭയന്നോടിയ ഖദീജയെ ഇയാൾ പിന്തുടർന്നു. പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും പിന്തുടർന്നെത്തി മഴു കൊണ്ട് തലയ്ക്ക്ട്ടി വെട്ടിവീഴ്‌ത്തുകയായിരുന്നു.

വർഷങ്ങളായി ഇരുവരും തമ്മിൽ കുടുംബ പ്രശ്‌നം നിലനിന്നിരുന്നതായി സമീപവാസികൾ പറയുന്നു. പലതവണ നാട്ടുകാർ ഇടപെട്ട് പ്രശ്‌നം പറഞ്ഞു തീർത്തെങ്കിലും ഗുലാൻ അലി ഖദീജയെയും മക്കളെയും നിരന്തരം പീഡിപ്പിച്ചു. ഇതേ തുടർന്ന് ഖദീജയും മക്കളും അവരുടെ വീട്ടിലേക്ക് താമസം മാറി. തുടർന്ന് നാട്ടുകാർ വാങ്ങിക്കൊടുത്ത പശുവിനെ വളർത്തിയും മറ്റു സഹായങ്ങൾ സ്വീകരിച്ചുമാണ് ഖദീജ മക്കളെ വളർത്തിയത്. പിന്നീട് ആറ് മാസം മുമ്പ് മകളുടെ വിവാഹത്തിന് മുന്നോടിയായി ഭാവിയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്ന ഉപാധിയിൽ വിവാഹബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.

ഉപാധി പ്രകാരം ഖദീജയുടെ ആഭരണങ്ങളും തറവാട്ടു സ്വത്തും വിറ്റതിനു പകരമായി ഗുലാൻ അലിയുടെ പേരിലുള്ള സ്ഥലത്തു നിന്ന് വീടടക്കമുള്ള ആറു സെന്റ് സ്ഥലം ഖദീജയുടെയും മക്കളുടെയും പേരിൽ എഴുതി വാങ്ങുകയും ചെയ്തു. തുടർന്ന് വലിയ പ്രശ്‌നങ്ങളില്ലാതെ പോകുന്നതിനിടെയാണ് ജീവിത പങ്കാളിയെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. ഖദീജയുടെ മൃതദേഹം കിഴിശ്ശേരി കാഞ്ഞിരത്തിങ്ങൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് ഖബറടക്കും.