ന്യൂഡൽഹി: ദ ഗ്രേറ്റ് ഖാലി എന്നറിയപ്പെടുന്ന ഗുസ്തി താരം ദലിപ് സിങ് റാണ ബിജെപിയിൽ. ഡൽഹി പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാജ്യസഭാ എംപി അരുൺ സിങ്, സഹമന്ത്രി ജിതേന്ദ്ര സിങ്, ലോക്‌സഭാ എം പി സുനിത ദുഗ്ഗൽ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഖാലി ബിജെപിയുടെ ഭാഗമായത്. ബിജെപിയുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് കാലി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തിനായുള്ള പ്രവർത്തനമാണ് അദ്ദേഹത്തെ ശരിയായ പ്രധാനമന്ത്രിയാക്കുന്നതെന്ന് എനിക്ക് തോന്നുന്നത്. അതുകൊണ്ട്, രാജ്യത്തിന്റെ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഭാഗമാകാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ ചിന്തിച്ചു. ബിജെപിയുടെ ദേശീയ നയത്തിൽ ആകൃഷ്ടനായാണ് ഞാൻ ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബാറ്റിസ്റ്റ, ഷോൺ മൈക്കിൾസ്, ജോൺ സീന, കെയ്ൻ തുടങ്ങിയ പ്രൊഫഷണൽ ഗുസ്തിക്കാരുമായി പോരാടിയ ഡബ്ല്യു ഡബ്ല്യു ഇ യൂണിവേഴ്സിൽ റാണ എന്നാണ് അറിയപ്പെടുന്നത്. ഉത്തർപ്രദേശിലെ ആദ്യഘട്ട വോട്ടെടുപ്പിന്റെ ദിവസമാണ് അദ്ദേഹത്തിന്റെ ബിജെപിയിലേക്കുള്ള പ്രവേശനം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മണിപ്പൂർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കുകയാണ്.

1995,1996 വർഷങ്ങളിൽ മിസ്റ്റർ ഇന്ത്യ പട്ടവും നേടിയിട്ടുണ്ട്. ഡബ്ല്യു ഡബ്ല്യു ഇ വേൾഡ് റെസ്ലിങ് എന്റർടെയിന്മെന്റുമായി ( ഡബ്ല്യു ഡബ്ല്യു ഇ ) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ സ്മാക്ക്ഡൗൺ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. പ്രൊഫഷണൽ റെസ്ലിങ് മേഖലയിലേക്കു വരും മുൻപ് പഞ്ചാബിൽ ഒരു പൊലീസ് ഓഫീസറായിരുന്നു.

അതേസമയം, 2020ൽ ഡൽഹി അതിർത്തിയിൽ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് കാലി പിന്തുണ അറിയിച്ചിരുന്നു. എല്ലാ ഇന്ത്യക്കാരോടും ഖാലി കർഷകരെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2000ൽ ആണ് ഖാലി പ്രൊഫഷണൽ ഗുസ്തിയിൽ അരങ്ങേറ്റം കുറിച്ചത്.