കൊച്ചി: കൊച്ചിയിലെ സിനിമാക്കാർക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകം. ഇത് തിരിച്ചറിഞ്ഞ് നടത്തിയ പരിശാധനയിലാണ് സിനിമ സീരിയൽ രംഗത്തേക്കു വിതരണം ചെയ്യാനെത്തിച്ച ഏഴു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിലായത്. സിനിമാക്കാർ നിയോഗിച്ച ഏജന്റുമാരാണ് ഇവർ. സിനിമാ ലോകവുമായി അടുത്ത ബന്ധം ഇവർക്കുണ്ട്.

ആന്ധ്ര, ഒഡീഷ വനപ്രദേശങ്ങളിൽനിന്ന് ഇടനിലക്കാരില്ലാതെ കഞ്ചാവു ശേഖരിച്ചിരുന്നവരാണു പിടിയിലായത്. ഇവരുമായി ബന്ധപ്പെട്ട സിനിമ സീരിയൽ രംഗത്തുള്ളവരെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. എന്നാൽ ആരേയും അറസ്റ്റ് ചെയ്യില്ല. ആരോപണ വിധേയരെ നിരീക്ഷിക്കാനാണ് തീരുമാനം. മതിയായ തെളിവുകൾ ഉണ്ടെങ്കിലേ അറസ്റ്റുണ്ടാകൂ. സിനിമാ മേഖലയിൽ ഡിജെ പാർട്ടികൾ വ്യാപകമാണ്. ഇത് നടത്തുന്ന സിനിമാക്കാരാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് സൂചന. പാർട്ടികളിലൂടെ ഇവ വിറ്റയയ്ക്കും. ഇതുമായി ബന്ധപ്പെട്ട വലിയ മാഫിയ ഉണ്ടെന്നും പൊലീസ് സംശിക്കുന്നു.

സ്ഥിരമായി കൊച്ചിയിലേക്കു വൻതോതിൽ കഞ്ചാവു കടത്തിയിരുന്ന യുവാക്കളാണു പൊലീസിന്റെ പിടിയിലായത്. വയനാട് കൽപ്പറ്റ സ്വദേശികളായ ഇജാസ്, നൗഷീർ, ചേർത്തല സ്വദേശി അനസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൊച്ചിയിലെ സിനിമ സീരിയൽ രംഗത്തേക്കാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ആന്ധ്ര, ഒഡീഷ അതിർത്തിയിലെ വനപ്രദേശങ്ങളിൽ കഞ്ചാവ് കൃഷി ചെയ്യുന്നവരിൽനിന്ന് ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഇവർ കഞ്ചാവ് ശേഖരിച്ചിരുന്നത്. അതിർത്തി ജില്ലയായ റായ്ഗഡയിലെ മട്ടിഗോണ, ലക്ഷ്മിപൂർ, കണ്ഡേശ്വർ എന്നീ ഗ്രാമങ്ങളിൽനിന്നാണ് ഇവർ കഞ്ചാവ് എടുത്തിരുന്നത്.

കിലോയ്ക്ക് 4000 രൂപ നിരക്കിൽ ശേഖരിക്കുന്ന കഞ്ചാവ്, 20,000 രൂപയ്ക്കാണു വിറ്റിരുന്നത്. പ്രതികളിൽ ഒരാളായ അനസ് നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം നടത്തിയിരുന്ന കാറ്ററിങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു സിനിമ ലൊക്കേഷനുകളിലേക്ക് കഞ്ചാവെത്തിച്ചിരുന്നത്. ഇവരുമായി ബന്ധപ്പെട്ട സിനിമ സീരിയൽ രംഗത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്നുമാസത്തിനിടെ ഏഴു പ്രാവശ്യം കഞ്ചാവും ഹഷീഷും ഇവർ കൊച്ചിയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇത് ചൂടപ്പം പോലെ വിറ്റഴിയുകയായിരുന്നു. സിനിമാ രംഗത്തെ പ്രമുഖനാണ് ഇവർക്ക് പിന്നിലെന്നും സൂചനയുണ്ട്.

മാവോയിസ്റ്റ് പിന്തുണയോടെ കൃഷി ചെയ്യുന്ന കഞ്ചാവ് ഇടനിലക്കാരില്ലാതെ ഇവർ നേരിട്ടാണ് ശേഖരിച്ചിരുന്നത്. റായഗഡയിൽ നിന്ന് ബസ് മാർഗം കഞ്ചാവ് വിശാഖപട്ടണത്ത് എത്തിക്കും. പൊലീസ് പരിശോധന ഒഴിവാക്കാൻ കാർ കയറ്റുന്ന ട്രെയിലറിലാണ് പിന്നീട് കേരളത്തിലേക്ക് കടത്ത്. ഇവർക്ക് കഞ്ചാവ് നൽകുന്ന റായഗഡയിലെ ഒരു സ്ത്രീ, ലൊക്കേഷനുകളിലെ ഇടനിലക്കാർ എന്നിവരെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പൊലീസിനെ ഭയന്ന് ഇടുക്കിയിൽ നിന്ന് ഒഡീഷയിലെത്തി കഞ്ചാവ് കൃഷി ചെയ്യുന്നവർക്ക് സായുധ മാവോയിസ്റ്റുകളുട സഹായമുണ്ട്. ഭൂമി പാട്ടത്തിനെടുത്താണ് കൃഷി. കേരളത്തിൽ നിന്ന് മൂന്നു സ്ത്രീകൾ മൊത്തമായി കഞ്ചാവ് വാങ്ങാറുണ്ടെന്ന് പിടിയിലായവർ മൊഴി നൽകി.