ന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സിൽ മിന്നും പ്രകടനം പുറത്തെടുത്ത ദിപ കർമാർക്കറിനു രാജ്യത്തിന്റെ ആദരം. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്‌കാരം നൽകിയാണ് രാജ്യം ഈ 23കാരിയെ ആദരിച്ചത്.

ദിപയ്ക്കു പുറമേ ഷൂട്ടിങ് താരം ജിത്തു റായിക്കും ഖേൽരത്ന പുരസ്‌കാരം ലഭിച്ചു. അതേസമയം ഇത്തവണ മലയാളികൾക്കാർക്കും അർജുന പുരസ്‌കാരം ഇല്ല.

ശിവഥാപ്പ (ബോക്സിങ്), അപൂർവി ചന്ദേല (ഷൂട്ടിങ്) ലളിത ബാബർ (അത്ലറ്റിക്സ്), വി രഘുനാഥ് (ഹോക്കി), രജത് ചൗഹാൻ (അമ്പെയ്ത്ത്), അജിങ്ക്യ രഹാനെ (ക്രിക്കറ്റ്), സൗരവ് കോത്താരി (ബില്യാർഡ്സ്) എന്നിവർക്കാണ് അർജുന പുരസ്‌കാരം ലഭിച്ചത്.

നേരത്തെ വിരാട് കോഹ്ലി, പി വി സിന്ധു എന്നിവരുടെ പേരുകളും ഖേൽരത്ന പട്ടികയിലുണ്ടായിരുന്നു. എന്നാൽ ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദിപയ്ക്ക് ഖേൽരത്ന നൽകാൻ പുരസ്‌കാര നിർണയ സമിതി തീരുമാനിക്കുകയായിരുന്നു. പുരസ്‌കാര നിർണയ സമിതിയുടെ തീരുമാനം കേന്ദ്ര കായിക മന്ത്രാലയത്തിനു സമർപ്പിക്കും. ഒളിമ്പിക്സിനു ശേഷമായിരിക്കും കായികമന്ത്രാലയം ഔദ്യോഗികമായി പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക.

ദിപയ്ക്കിത് അർഹതയ്ക്കുള്ള അംഗീകാരം

ജിംനാസ്റ്റിക്‌സിൽ ഒളിമ്പിക്‌സിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കിയപ്പോൾ തന്നെ ദിപ ജനകോടികളുടെ ഹൃദയം കീഴടക്കിയിരുന്നു. ഒന്നൊന്നായി മൂക്കുകുത്തിവീണ ഇന്ത്യൻ പ്രതീക്ഷകൾക്കിടയിലാണു ദീപ കർമാകർ ഒളിമ്പിക്‌സ് ചരിത്രത്തിലേക്ക് പറന്നിറങ്ങിയത്. ആദ്യമായി ജിംനാസ്റ്റിക്‌സ് ഫൈനലിൽ എത്തുന്ന ഇന്ത്യൻ വനിതാ താരമായ കർമാകർക്കു നേരിയ വ്യത്യാസത്തിലാണു റിയോയിൽ മെഡൽ നഷ്ടമായത്.

മെഡൽ പട്ടികയിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും ജിംനാസ്റ്റിക്‌സിനു വളക്കൂറില്ലാത്ത ഇന്ത്യൻ മണ്ണിൽനിന്നു ലോകോത്തര താരങ്ങൾക്കൊപ്പം പോരാടി സ്വർണത്തോളം പോന്ന നാലാം സ്ഥാനം നേടിയാണു റിയോയിൽ നിന്നു ദിപ മടങ്ങിയത്. നൂറുകോടി ജനതയുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയാണ് ഈ ത്രിപുരക്കാരി ഒളിമ്പിക്‌സ് വേദിയിൽ നിന്നു മടങ്ങിയത്.

ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ അൺ ഈവൻ ബാർ, ഫ്‌ളോർ എക്‌സർസൈസ്, ബീം, വ്യക്തിഗത ഓൾറൗണ്ട് വിഭാഗത്തിലെ മങ്ങിയ പ്രകടനത്തിനുശേഷം തന്റെ പ്രിയ ഇനമായ വോൾട്ടിൽ എട്ടാം സ്ഥാനത്തോടെയാണ് ദീപ ഫൈനലിന് യോഗ്യത നേടിയത്. ഏറ്റവും അപകടകരമായ 'പ്രൊഡുനോവ' പരീക്ഷിച്ചുകൊണ്ട് ദീപ 14.850 പോയൻേറാടെ എട്ടാം സ്ഥാനവും ഫൈനൽ യോഗ്യതയും നേടുകയായിരുന്നു. എട്ട് പേർ മത്സരിച്ച ഫൈനലിൽ 15.066 പോയിന്റ് നേടിയാണു ദീപ നാലാമതെത്തിയത്. വെറും 0.156 പോയിന്റിനാണ് ദിപയ്ക്ക് വെങ്കലമെഡൽ നഷ്ടമായത്. പ്രൊഡുനോവ വിജയകരമായി അവതരിപ്പിച്ച ലോകത്തെ വിരലിലെണ്ണാവുന്ന താരങ്ങളിൽ ഒരാളാണു ദിപ എന്നതു ഈ പെൺകുട്ടിയുടെ നേട്ടത്തിന് ഇരട്ടിത്തിളക്കമേറ്റുന്നു.

2014ലെ കോമൺവെൽത്ത് ഗെയിംസിലും കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വോൾട്ടിൽ വെങ്കലമെഡൽ ജേതാവാണ് 22കാരിയായ ദീപ കർമാകർ. ആറാം വയസ്സിലാണ് ത്രിപുര സ്വദേശിയായ കർമാകർ ജിംനാസ്റ്റിക്‌സ് പരിശീലിച്ചുതുടങ്ങിയത്. 2011ലെ ദേശീയ ഗെയിംസിൽ അഞ്ച് ഇനങ്ങളിലും സ്വർണം നേടി ഇന്ത്യയുടെ ഭാവിപ്രതീക്ഷയായി ഉദിച്ചുയർന്ന ദീപയിൽ ഇക്കുറി ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തിയിരുന്നു. അമ്പെയ്ത്തിലും ടെന്നിസിലുമെല്ലാം പ്രതീക്ഷിച്ച പ്രകടനംപോലും കാഴ്ചവെക്കാനാവാതെ ഇന്ത്യ തകരുമ്പോഴാണ് കർമാകർ നാലാം സ്ഥാനത്തെത്തിയത്. അർഹിക്കുന്ന അംഗീകാരം തന്നെയാണു ഏറ്റവും വലിയ കായിക പുരസ്‌കാരത്തിലൂടെ രാജ്യം ഈ ഇരുപത്തിമൂന്നുകാരിക്കു സമ്മാനിക്കുന്നത്.

ലോകനിലവാരം പരിഗണിച്ചപ്പോൾ മുന്നിലെത്തിയതു ജീത്തു

റ്റു പലപേരുകളും ഖേൽരത്‌നയ്ക്കായി പരിഗണിച്ചെങ്കിലും ലോക നിലവാരം കണക്കിലെടുത്തപ്പോൾ ജീത്തുവിനു നറുക്കു വീഴുകയായിരുന്നുവെന്നാണു റിപ്പോർട്ട്. ഷൂട്ടിങ്ങിൽ ഒന്നാം റാങ്കുവരെ സ്വന്തമാക്കിയിരുന്ന നേപ്പാൾ വംശജനായ ഈ താരം ഇപ്പോൾ മൂന്നാം റാങ്കുകാരനാണ്.

റിയോ ഒളിംപിക്‌സിൽ ഷൂട്ടിംഗിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു ജിത്തു. എന്നാൽ, 10 മീറ്റർ എയർ പിസ്റ്റൾ ഫൈനൽ അവസാന റൗണ്ടിൽ പുറത്താകുകയായിരുന്നു. 78.7 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ജിത്തു റായ് ഫിനിഷ് ചെയ്തത്. 50 മീറ്റർ എയർ പിസ്റ്റളിലും ജീത്തുവിനു മെഡൽ മേഖലയിൽ എത്താൻ കഴിഞ്ഞില്ല.

2014ൽ മ്യൂണച്ചിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിൽ 10 മിറ്റർ എയർ പിസ്റ്റളിൽ വെള്ളി മെഡൽ നേടിയാണു ജീത്തു ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്. ഇതിനു ശേഷം മാരിബറിൽ 10 മിറ്റർ എയർ പിസ്റ്റളിൽ സ്വർണവും 50 മിറ്റർ എയർ പിസ്റ്റളിൽ വെള്ളി മെഡലും നേടി. ലോകകപ്പിൽ 9 ദിവസത്തിനകം റായ് 3 മെഡലുകളാണു നേടിയത്. ഒരേ ലോകകപ്പിൽ 2 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഖ്യാതിയും നേടി. അതോടെ 10 മിറ്റർ എയർ പിസ്റ്റളിൽ ഒന്നാം റാങ്കും 50 മിറ്റർ എയർ പിസ്റ്റളിൽ നാലാം റാങ്കു കരസ്ഥമാക്കി. 2014ലെ കോമൺവെൽത്ത് ഗെയിംസിലെ 50 മിറ്റർ എയർ പിസ്റ്റളിന്റെ യോഗ്യതാ റൗണ്ടിൽ 562 പോയിന്റോടെ റെക്കോർഡിട്ടു. ആ ഇനത്തിൽ റായ് സ്വർണം നേടുകയും ചെയ്തു. 2014ലെ ഏഷ്യൻ ഗെയിംസിൽ 50 മിറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടി. ഒപ്പം 10 മിറ്റർ എയർ പിസ്റ്റൾ ടീമിനത്തിൽ വെങ്കലവും നേടി. ഒളിമ്പിക്‌സിൽ ഏറെ പ്രതീക്ഷ ജീത്തുവിൽ അർപ്പിച്ചിരുന്നെങ്കിലും മെഡൽ നേടാനായില്ല.