ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം ടെന്നീസ് താരം സാനിയ മിർസയ്ക്ക്. ഇന്ത്യൻ ഹോക്കി ടീം വൈസ് ക്യാപ്റ്റനും മലയാളിയുമായ പി.ആർ. ശ്രീജേഷിന് അർജുന പുരസ്‌കാരവും ലഭിച്ചു. രോഹിത് ശർമ(ക്രിക്കറ്റ്), എം.ആർ. പൂവമ്മ(അത്‌ലറ്റിക്‌സ്), ശരത്(പാരാലിമ്പിക്‌സ്), മൻവീർ ജഹാംഗീർ(ബോക്‌സിങ്), ദീപ കർമാക്കർ(ജിംനാസ്റ്റിക്‌സ്) എന്നിവർക്കും അർജുന പുരസ്‌കാരം ലഭിച്ചു. ആകെ 17 പേരെയാണ് ഇത്തവണത്തെ അർജുന പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. എറണാകുളം കിഴക്കമ്പലം സ്വദേശിയാണ് ശ്രീജേഷ്. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ശ്രീജേഷ് അംഗമായിരുന്നു.

വിമ്പിൾഡൺ വനിത ഡബിൾസിൽ കിരീടം നേടുകയും വനിത ഡബിൾസിൽ ലോക ഒന്നാം നമ്പർ താരമാകുകയും ചെയ്തതിനാലാണ് സാനിയയെ ഖേൽ രത്‌ന പുരസ്‌കാരത്തിന് ശുപാർശ ചെയ്തത്. ടെന്നിസിൽ നിന്നും ആദ്യമായാണ് ഒരു വനിതയ്ക്ക് ഖേൽരത്‌ന ലഭിക്കുന്നത്. കരിയറിൽ മൂന്ന് മിക്‌സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങളും സാനിയ സ്വന്തമാക്കിയിട്ടുണ്ട്. ഈ സഖ്യം ലോക റാങ്കിങ്ങിൽ ഒന്നാമതാണിപ്പോൾ. മാർട്ടിന ഹിംഗിൻസുമായി

സാധാരണ നടപടിക്രമമനുസരിച്ച് ഏപ്രിൽ 31ന് മുൻപ് നാമനിർദ്ദേശം ചെയ്യണമെന്നാണ് നിയമം. എന്നാൽ കായിക മന്ത്രാലയത്തിന്റെ പ്രത്യേക അധികാരമനുസരിച്ച് രണ്ടാഴ്ചയ്ക്ക് മുൻപാണ് സാനിയയെ ശുപാർശ ചെയ്തിരുന്നത്. ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ, ബാഡ്മിന്റൺ താരം പി.വി. സിന്ധു, സീമ പുനിയ തുടങ്ങിയവരുടെ പേരും സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ സാനിയയുടെ പേര് കായിക മന്ത്രാലയം നേരിട്ട് നിർദ്ദേശം ചെയ്യുകയായിരുന്നു.

ഹൈദരാബാദിന്റെ സ്വപ്ന കുമാരിയെന്നും ഇന്ത്യൻ കുർണിക്കോവയെന്നും വിശേഷിപ്പിക്കപ്പെടുന്ന സാനിയ ഗ്രാൻസ്‌ലാം ടൂർണമെന്റിൽ മൽസരിച്ച പ്രായംകുറഞ്ഞ ഇന്ത്യക്കാരിയുമാണ്. സാനിയ മിർസ 2002 ബുസാൻ ഏഷ്യൻ ഗെയിംസിൽ ലിയാൻഡർ പെയ്‌സിനൊപ്പം മിക്‌സ്ഡ് ഡബിൾസിൽ വെങ്കലം നേടിയിരുന്നു.

ബിസിനസുകാരനായ ഇമ്രാൻ മിർസയുടെ മകൾ ആറര വയസ്സിലാണു റാക്കറ്റേന്തിയത്. ജൂനിയർ നിരയിലെ ഇന്ത്യയുടെ ഒന്നാംനമ്പർ താരമായിരുന്ന സാനിയയുടെ നേതൃത്വത്തിൽ ഫ്രാൻസിലെ ജൂനിയർ ഫെഡറേഷൻ കപ്പിൽ ഇന്ത്യ എൺപതോളം രാജ്യങ്ങളെ പിന്നിലാക്കി അഞ്ചാമതെത്തി. പതിനായിരം ഡോളർ ടൂർണമെന്റുകളിൽ മൂന്നെണ്ണം തുടർച്ചയായി ജയിച്ച ബഹുമതിയും സാനിയയ്ക്കു സ്വന്തം. മുംബൈയിലാണു ജനിച്ചതെങ്കിലും ചെറുപ്പത്തിലേതന്നെ ഹൈദരാബാദിൽ വന്നു. ഏഴാം വയസ്സിൽ ടെന്നിസ് കളിക്കാൻ തുടങ്ങി. നീന്തലിലും പരിശീലനം നടത്തിയിരുന്ന സാനിയയുടെ വിനോദം റാപ്പ് മ്യൂസിക്കിന്റെ താളത്തിനൊത്തു ചുവടുകൾ വയ്ക്കുകയാണ്.

ഹോക്കിയിൽ, മാനുവൽ ഫ്രെഡറിക്‌സ് എന്ന മലയാളി ഗോൾ കീപ്പറുടെ പാരമ്പര്യത്തിൽ ഇങ്ങേത്തലയ്ക്കലെ വീറുറ്റ കണ്ണിയാണ് എറണാകുളം കിഴക്കമ്പലം കുമാരപുരം എരുമേലി പറാട്ട് വീട്ടിൽ പി.വി. രവീന്ദ്രന്റെയും ഉഷയുടെയും മകൻ ശ്രീജേഷ്. ഇന്ത്യൻ ടീമിലെ ലോകനിലവാരമുള്ള കളിക്കാരൻ എന്ന് ക്യാപ്റ്റൻ സർദാർ സിങ് വിശേഷിപ്പിച്ച കളിക്കാരൻ. ലോക നിലവാരമുള്ള പ്രകടനം കൊണ്ട് മലയാളത്തിന്റെ ശ്രീ ഇന്ത്യയെ ഏഷ്യൻ ചാംപ്യന്മാരാക്കിയിരുന്നു.

ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗമായിരുന്ന ശ്രീജേഷ് ഒളിംപിക്‌സ്, ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് ഫൈനലിൽ പാക്കിസ്ഥാനെതിരെ ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചതു ശ്രീജേഷിന്റെ മികവായിരുന്നു. തിരുവനന്തപുരം ജിവി രാജാ സ്‌കൂളിലൂടെ വളർന്ന ശ്രീ, ലോക ഹോക്കിയിലെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്. മികച്ച ഗോൾകീപ്പർക്കുള്ള ബൽജിത് സിങ് പുരസ്‌കാരത്തിനും ശ്രീജേഷിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.