ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് അന്തർദേശീയ ഹിന്ദു സംഗമത്തിന്റെ ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുന്നതായി കൺവൻഷൻ ചെയർമാൻ റെനിൽ രാധാകൃഷ്ണൻ അറിയിച്ചു. 2015 ജൂലൈ രണ്ടാം തീയതി മുതൽ അഞ്ചാം തീയതി വരെ ഡല്ലസ് എയർപോർട്ടിലുള്ള  ഹയാത്ത് റീജൻസിയിൽ വച്ച് നടക്കുന്ന ഈ ഹിന്ദു സംഗമത്തിൽ മതാചാര്യന്മാർ, മതപണ്ഡിതർ, മതനേതാക്കൾ, സാമൂഹ്യ-സാംസ്‌കാരിക നേതാക്കൾ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുന്നതാണെന്നു പ്രസിഡന്റ് ടി.എൻ. നായർ അറിയിച്ചു.

ജൂലൈ രണ്ടാം തീയതി രാവിലെ ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ഈ ഹിന്ദു സംഗമത്തിൽ സ്വാമിജിമാരുടെ പ്രഭാഷണങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക മതപഠന ക്ലാസുകൾ, വിവിധ കലാമത്സരങ്ങൾ, ആത്മീയ സെമിനാറുകൾ, ബിസിനസ് സെമിനാറുകൾ, എല്ലാ ദിവസവും വൈകുന്നേരം വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, യോഗ, മെഡിറ്റേഷൻ, യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ, ചിരിയരങ്ങ്, ഫാഷൻഷോ, കരിയർ ഗൈഡൻസ് സെമിനാർ, കേരളത്തിൽ നിന്നുള്ള കലാകാരന്മാരുടെ സ്റ്റേജ്‌ഷോ കൂടാതെ മറ്റനേകം പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

നാലു ദിവസം നീണ്ടുനിൽക്കുന്ന ഈ ഹിന്ദു സംഗമത്തിൽ എല്ലാ ഹിന്ദുമത വിശ്വാസികളും പങ്കുചേർന്ന് വൻവിജയമാക്കിത്തീർക്കണമെന്ന് ട്രസ്റ്റി ചെയർമാൻ ശശിധരൻ നായർ അഭ്യർത്ഥിച്ചു. പി.ആർ.ഒ സതീശൻ നായർ അറിയിച്ചതാണിത്.