ന്യൂഡൽഹി : പാക്കിസ്ഥാൻ കോൺഗ്രസ് നേതാക്കളുമായി ചേർന്ന് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആലോചന നടത്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം ഉന്നയിച്ചിരുന്നു, ഇതിനെതിരെ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ആരോപണത്തിന് മറുപടിയുമായി പാക്കിസ്ഥാന്റെ മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മുഹമ്മദ് കസൂരിയും രംഗത്തെത്തി. കോൺഗ്രസ് നേതാക്കളുമായി മാത്രമല്ല, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മേധാവിയുമായും താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അവിടെയും ഗൂഢാലോചന നടന്നുവെന്ന് അതിന് അർഥമുണ്ടോയെന്നുമാണ് പരിഹാസ രൂപേനയുള്ള കസൂരിയുടെ ചോദ്യം.

ഈ മാസം ആറാം തീയതി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വീട്ടിൽ പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മുഹമ്മദ് കസൂരിയുടെ ബഹുമാനാർഥം വിരുന്നു സംഘടിപ്പിച്ചിരുന്നു, ഇതിനെയാണ് മോദി ഗൂഢാലോചന നടന്നുവെന്ന് പറഞ്ഞത്. മുതിർന്ന നേതാക്കളും നയതന്ത്രജ്ഞരും മാധ്യമപ്രവർത്തകരും വിരുന്നിൽ പങ്കെടുത്തിരുന്നു. ഇതേക്കുറിച്ച് ഒരു ഇംഗ്ലീഷ് ചാനൽ പുറത്തുവിട്ട വാർത്തയാണ് ബിജെപിയുടെ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏറ്റെടുത്തത്.

മോദിയുടെ ആരോപണങ്ങൾ വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. ഇത്തരം സംഭവങ്ങൾക്ക് ഒരു പാക്കിസ്ഥാൻ ബന്ധം ആരോപിക്കുന്നതിലൂടെ വോട്ട് നേടാമെന്നാണ് അവരുടെ വിചാരം എന്നും ചില മുൻ യാത്രകളിൽ റോ മേധാവിയുമായിപ്പോലും ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇവരെല്ലാം ഞാനുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ഇതിന് അർഥമുണ്ടോയെന്നും പാക്ക് ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കസൂരി ചോദിച്ചു.