ഇൻഡോർ: ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി വന്നതിന് 
പിന്നാലെ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും വ്യത്യസ്ത അഭിപ്രായമാണ് ഉയർന്നിരുന്നത്. ഇതിനെതിരെ പൊതു സമൂഹത്തിൽ നിന്നും പ്രതിഷേധമുണ്ടായിരിക്കുന്ന അവസരത്തിലാണ് വിശദീകരണവുമായി പാർട്ടി വക്താവും നടിയുമായ ഖുശ്‌ബു രംഗത്തെത്തിയത്. ശബരിമല വിഷയം സംബന്ധിച്ച് കോൺഗ്രസിന്റെ കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ മാത്രമാണുള്ളതെന്നും ഖുശ്‌ബു അറിയിച്ചു.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, സുപ്രീം കോടതിയുടെ പ്രായഭേദമന്യേ യുവതികളെ പ്രവേശിപ്പിക്കണമെന്ന ചരിത്രവിധി അന്തിമമാണ്. കേരളത്തിലെ ജനങ്ങൾക്ക് ഇക്കാര്യത്തിലുള്ളത് വ്യത്യസ്ത അഭിപ്രായമാണെന്നറിയാമെന്നും നൂറ്റാണ്ടുകൾ നീണ്ടുനിന്നിരുന്ന ആചാരമാണ് കോടതി വിലക്കിയിരിക്കുന്നതെന്നും ഖുശ്‌ബു കൂട്ടിച്ചേർത്തു. ലിംഗ വിവേചനത്തിൽ കോൺഗ്രസ് വിശ്വസിക്കുന്നില്ല. ലിംഗത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിക്കുന്നതിന് കോൺഗ്രസ് എതിരാണ്.

ആചാരങ്ങളും വിശ്വാസങ്ങളും ഓരോ മതത്തിനു വ്യത്യസ്തമാണെന്ന് ഞങ്ങൾ അറിയാവുന്നതാണ്. കേരളത്തിലെ സ്ത്രീകളടക്കമുള്ളവർ വർഷങ്ങളായുള്ള ആചാരത്തെയാണു പിന്തുണയ്ക്കുന്നത്. ശബരിമല വിഷയത്തിലെ പരസ്പരമുള്ള കാഴ്ചപ്പാടുകൾ മനസിലാക്കാൻ സമയമെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ശബരിമലയിലെ യുവതീ പ്രവേശത്തിന്റെ മറവിൽ വർഗീയ ധ്രുവീകരണത്തിനാണു ബിജെപി ശ്രമിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വന്തം സ്ഥലം കണ്ടെത്താനും അവർ നോക്കുന്നു. എന്നാൽ ബിജെപിയുടെ മുന്നിൽ ജനങ്ങൾ വാതിലടച്ചിരിക്കുകയാണെന്നതാണു യാഥാർഥ്യമെന്നും ഖുശ്‌ബു പറഞ്ഞു. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു അവർ.