തിരുവനന്തപുരം: ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ മത്സ്യബന്ധനം പാടില്ലെന്നിരിക്കെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ അത് പാലിക്കപ്പെടുന്നില്ല. അതിന് തെളിവാണ് ഇന്നലെ തിരുവനന്തപുരത്ത് തുമ്പ - പള്ളിത്തുറ ഭാഗത്ത് കടലിൽ നടന്ന സംഭവ വികാസം. അനധികൃത മത്സ്യബന്ധനം പിടിക്കപ്പെട്ടതോടെ രക്ഷപ്പെടാൻ പൊലീസ് സംഘത്തെ ഒന്നാകെ റാഞ്ചി തങ്ങളുടെ കേന്ദ്രത്തിലെത്തിച്ച് വിലപേശി കേസിൽ നിന്ന് രക്ഷപ്പെടുകയെന്ന സിനിമാസ്റ്റെൽ തന്ത്രമാണ് കോസ്റ്റൽ,മറൈൻ സേനകൾ ചേർന്ന് പൊളിച്ചത്.

പെരുമാതുറ സ്വദേശികളായ റാസി(39), ഫൈസൽ(33), ഇക്‌ബാൽ(58), അൻവർ(36), ബഷീർ (52) ഫ്രാൻസിസ്(60), അൻസാരി(47), അബു താഹിൽ (33), നജീബ്(55), വാഹിദ്(40), റാസി(42),റസാഖ് (48) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ തുമ്പ ഭാഗത്ത് പതിനഞ്ചോളം വള്ളങ്ങളിലെത്തിയവർ ട്രോളിങ് നിരോധന കാലത്ത് ഉപയോഗിക്കാൻ പാടില്ലാത്ത റിങ് വലയുപയോഗിച്ച് മീൻപിടിത്തം നടക്കുന്നതായി വിവരം ലഭിതോടെയാണ് വിഴിഞ്ഞത്തെ കോസ്റ്റൽ പൊലീസ് സംഘം ബോട്ടിൽ തുമ്പ പള്ളിത്തുറ ഭാഗത്ത് കടലിൽ എത്തിയത്.

അഞ്ചു തെങ്ങ് സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ റിങ് വല ഉപയോഗിച്ച് മീൻപിടിത്തം നടത്തുന്നത് കണ്ടതോടെ വള്ളം കസ്റ്റഡിയിൽ എടുക്കുന്നതിനായി കോസ്റ്റൽ പൊലീസ് ഗ്രേഡ് എഎസ്ഐ അജിത്, സി.പി.ഒ വിനോദ്, കോസ്റ്റൽ വാർഡൻ സൂസ മരിയൻ എന്നിവർ വള്ളത്തിൽ കയറി. വള്ളം വിഴിഞ്ഞത്തേക്കു വിടാൻ നിർദേശിച്ചപ്പോൾ ഉദ്യോഗസ്ഥരുമായി അഞ്ചുതെങ്ങു ഭാഗത്തേക്ക് തിരിച്ച് പാഞ്ഞു. പൊലീസുകാർ എതിർത്തെങ്കിലും ബന്ദികളാക്കി വധ ഭീഷണിയും അസഭ്യങ്ങളുമായി.

ഇതിനിടെ വാക്കേറ്റവും അരങ്ങേറി. അതേസമയം പൊലീസുകാർ വയർലെസിലൂടെ കരയിൽ വിവരം കൈമാറിയതിനെ തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്മെന്റും ബോട്ടിനെ പിന്തുടർന്നു. മുതലപ്പൊഴിക്ക് സമീപം സംഘം വള്ളം വളഞ്ഞു. മണിക്കൂറുകൾ നീണ്ട പരിശ്രമമായിരുന്നു ഇത്.

തട്ടിക്കൊണ്ട് പോയ പൊലീസ് ഉദ്യോഗസ്ഥരേയും പിടികൂടിയ മത്സ്യ തൊഴിലാളികളേയും മുതലപ്പൊഴി ഹാർബറിലെ താഴംപള്ളി ലേല പുരക്ക് സമീപം എത്തിച്ച് കരക്കിറക്കി. വിവരമറിഞ്ഞ് വർക്കല ഡി വൈ എസ് പി യുടെ നേതൃത്തിൽ റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നായി വൻ പൊലീസ് സംഘം മുതലപ്പൊഴിയിലെത്തി. കസ്റ്റഡിയിലെടുത്ത മത്സ്യ തൊഴിലാളികളെ ആദ്യം കോസ്റ്റൽ പൊലീസ് സ്റ്റേഷനിലും പിന്നിട് ആറ്റിങ്ങൾ സ്റ്റേഷനിൽ എത്തിച്ച ശേഷം വിഴിഞ്ഞം പൊലീസിന് കൈമാറി. സൗഭാഗ്യ എന്ന വള്ളവും പൊലീസ് പിടിച്ചെടുത്തു.

പ്രതികളിൽ നാലു പേർ ഓടിരക്ഷപ്പെട്ടെങ്കിലും രാത്രിയോടെ പിടികൂടുകയായിരുന്നു. പിടിയിലായവർക്കെതിരെ ജോലി തടസപെടുത്തൽ, തട്ടിക്കൊണ്ടു പോകൽ, വധഭീഷണി എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു. 2020 ഡിസംബർ 21ന് കാസർകോടും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. മഞ്ചേശ്വരത്ത് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ രണ്ട് സിവിൽ പൊലീസ് ഓഫീസർമാരെയാണ് തട്ടിക്കൊണ്ടുപോയി. രാവിലെ 11.30 ഓടെ മഞ്ചേശ്വരം ഹാർബറിന് സമീപമായിരുന്നു സംഭവം.

ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ പൊലീസുക്കാരായ സുധീഷ്, രഘു എന്നിവരെയാണ് മംഗളൂരു ഹാർബറിലേക്ക് തട്ടിക്കൊണ്ട് പോയത്. തീരദേശത്ത് നിന്നും 12 നോട്ടിക്കൽ മൈൽ ഉള്ളിൽ നിന്നും ഇതരസംസ്ഥാന ബോട്ടുകൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് വിലക്കുണ്ട്.
ഈ വിലക്ക് മറികടന്ന് മംഗളൂരിൽ നിന്നും വന്ന ബോട്ട് മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ വിവരം കോസ്റ്റൽ പൊലീസിനെ അറിയിക്കുകയും, പൊലീസ് ഇവരെ പരിശോധിക്കുകയും ചെയ്തു.

കോസ്റ്റൽ എസ്‌ഐ രാജീവൻ, പൊലീസുക്കാരായ പ്രജേഷ്, സുധീഷ്, രഘു എന്നിവരുടെ നേത്രത്വത്തിൽ നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയതോടെ ബോട്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി സുധീഷ്, രഘു എന്നീ പൊലീസുകാരെ മംഗളൂരിൽ നിന്നും വന്ന ബോട്ടിൽ കയറ്റിയതോടെ ഇവരെയും കൊണ്ട് ബോട്ട് മംഗളൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപ്പെട്ട് രണ്ട് പൊലീസുകാരെ ബോട്ടിൽ നിന്നും രക്ഷപ്പെടുത്തി റോഡ് വഴി രാത്രിയോടെ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു.