കൊച്ചി : കുടുംബങ്ങൾ തമ്മിലുള്ള ബിസിനസ് കുടിപ്പകയിൽ പീഡനമേൽക്കേണ്ടിവന്നത് വിദ്യാർത്ഥിക്ക്. കഴിഞ്ഞദിവസം എറണാകുളത്തെ സ്വകാര്യ കോളേജിലെ ഒന്നാംവർഷ ബിബിഎ വിദ്യാർത്ഥിയെ ക്വട്ടേഷൻ സംഘം ഹോസ്റ്റലിൽനിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു.

ദുബായിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർത്ഥിയുടെ പിതാവും ബിസിനസ് പങ്കാളിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോക്കിന് കാരണമായത്. കാക്കനാട് രാജഗിരി കോളേജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥി മലപ്പുറം സ്വദേശി ഫായിദ ഹൗസിൽ മുഹമ്മദിന്റെ മകൻ ഫിറാസത്തിനെയാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിയെ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ ഇന്നലെ പുലർച്ചെ ആറോടെ പൊലീസ് കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്‌ച്ച പുലർച്ചെ ആറിനാണ് കോളേജ് ഹോസ്റ്റലിൽനിന്നും വിദ്യാർത്ഥിയെ വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയത്. മകനെ തട്ടിക്കൊണ്ടുപോയത് ദുബായിൽ ബിസിനസ് നടത്തുന്ന മലപ്പുറം സ്വദേശിയായ കെ ടി റബിയുള്ളയാണെന്ന് പിതാവ് പി എം മുഹമ്മദ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 20 ലക്ഷം രൂപ നൽകിയാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയത്. നേരത്തെ താനുമായി ബിസിനസ്് ഇടപാടുകളുണ്ടായിരുന്ന റബിയുള്ള തന്റെ വളർച്ചയിൽ അസൂയ പൂണ്ടാണ് മകനെ തട്ടിക്കൊണ്ടുപോയത്.

ഇത്തരം തട്ടിക്കൊണ്ടുപോക്കും ഭീഷണിപ്പെടുത്തി പണം തട്ടുന്ന പണിയും ഇയാൾ ഇതിനുമുമ്പും നടത്തിയതിന് തന്റെ പക്കൽ തെളിവുണ്ടെന്നും മുഹമ്മദ് പറഞ്ഞു. തന്റെ മകനെ തട്ടിക്കൊണ്ടുപോയശേഷം മൊബൈൽ ഫോണിൽ വിളിച്ച് ഇയാൾ അറിയിക്കുകയായിരുന്നു. താനുമായി സംസാരിച്ച കാര്യങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഇത് പൊലീസിനു കൈമാറുമെന്നും മുഹമ്മദ് പറഞ്ഞു. മകനെ വിട്ടുനൽകാൻ 16 കോടിരൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് രണ്ടുദിവസങ്ങൾക്കുള്ളിൽ നൽകണം. ഇതിൽ മൂന്നു കോടി രൂപ ഇരുപത്തിനാലു മണിക്കുറിനുള്ളിൽ നൽകണമെന്നും അന്ത്യശാസനം നൽകിയിട്ടുണ്ട്.

റബിയുള്ള തന്റെ സുഹൃത്ത് അബ്ദുൽ ലത്തീഫ് ഉപ്പളുമായി വിലപേശൽ നടത്തിയശേഷമാണ് മകനെ വിട്ടുതരാമെന്നേറ്റത്. ഒത്തുതീർപ്പു ചർച്ചയിൽ തങ്ങൾ പണം നൽകാമെന്നേറ്റിട്ടുണ്ട്. റബിയുള്ളയുടെ ആവശ്യം അംഗീകരിച്ചതോടെ തന്റെ മകനെ തമിഴ്‌നാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. മകൻ ക്വട്ടേഷൻ സംഘത്തിന്റെ കൈയിൽനിന്നും രക്ഷപ്പെട്ട സാഹചര്യത്തിൽ പണം നൽകില്ലെന്നും റബിയുള്ളയെ നിയമത്തിന്റെ മുന്നിൽക്കൊണ്ടുവരാനുള്ള മുഴുവൻ ശ്രമവും നടത്തുമെന്നും മുഹമ്മദ് പറഞ്ഞു.

വിദ്യാർത്ഥിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കോളേജ് അധികൃതർ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്്. ഇതിൽ കക്ഷിചേരുമെന്നും മുഹമ്മദ് പറഞ്ഞു. അതേസമയം റബിയുള്ള ദുബായിലെ തന്റെ ബിസിനസുമായി ബന്ധപ്പെട്ട് മൂഹമ്മദ് നൽകാനുള്ള പണത്തിനുവേണ്ടി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോക്കും ക്വട്ടേഷൻ സംഘവും വെറും നാടകമാണെന്നും റബിയുള്ളയുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു.