കൊച്ചി: ചിട്ടി തവണ മുടങ്ങിയതിനാൽ 51കാരനായ കൂത്താട്ടുകുളത്തെ പച്ചക്കറി വ്യാപാരിയെ തട്ടിക്കൊണ്ടു പോയി സ്ത്രീക്കൊപ്പം നിർത്തി നഗ്നചിത്രങ്ങൾ എടുത്തു ഭിഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്‌തെന്ന ആരോപണവുമായി പച്ചക്കറി വ്യാപാരി കൂത്താട്ടുകുളം പൊലീസിൽ പരാതി നല്കി.

കുത്താട്ടുകുളത്തെ രാമപുരം കവലയിൽ പച്ചക്കറി വ്യാപാരിയായ കിഴകൊമ്പ് മില്ലുംപടി വലിയ വിരുപ്പിൽ രാധാകൃഷ്ണ (51) നാണ് പരാതിക്കാരൻ. ഇന്നലെ തന്നെ തട്ടിക്കൊണ്ടുപോയി മർദിച്ചതെന്നും പിറവം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ചിട്ടിക്കമ്പനിയായ പതികാട്ടിൽ ചിറ്റ്‌സ് ആൻഡ് ഫിനാൻസ് എന്ന സ്ഥാപനം ഉടമ തങ്കച്ചനും സംഘവുമാണ് കാറിലെത്തി തന്നെ തട്ടിക്കൊണ്ടുപോയി മർദിച്ചതെന്നും പരാതിയിൽ പറയുന്നു.

രാധാകൃഷ്ണൻ പൊലീസിൽ കൊടുത്ത പരാതി ഇപ്രകാരമാണ്: തട്ടിക്കൊണ്ടുപോയി എന്നുപറയുന്ന ചിട്ടി ഉടമയിൽ നിന്നും അഞ്ചു ലക്ഷം രൂപയുടെ ചിട്ടി ഇയാൾ മുൻപ് ചേർന്നിരുന്നു. ഇതിൽ ആദ്യ തവണകളിൽ തന്നെ ചിട്ടി വിളിച്ചു പണവും രാധാകൃഷ്ണൻ വാങ്ങി. പക്ഷെ പണം വാങ്ങിയതിന് ശേഷം തവണകൾ പലപ്പോഴായി മുടങ്ങി, അഞ്ചു ലക്ഷത്തിന്റെ ചിട്ടിയിൽ ചിട്ടി അവസാനിക്കാറായിട്ടും രാധാകൃഷ്ണൻ മൂന്നു ലക്ഷം രൂപയുടെ അടുത്ത് ചിട്ടിയുടമക്കു കൊടുക്കാനുണ്ടായിരുന്നു. പലപ്രാവശ്യം പണം ആവശ്യപ്പെട്ടുവെങ്കിലും പണം നൽകാൻ രാധാകൃഷ്ണനായില്ല.

ഇതോടെ വേറെരൊളെ പരിചയപ്പെടുത്താമെന്നും അയാളിൽ നിന്ന് പണം വാങ്ങി തനിക്ക് തന്നാൽ മതിയെന്നും രാധാകൃഷ്ണനോട് തങ്കച്ചൻ പറഞ്ഞു. ഇതനുസരിച്ച് രാധാകൃഷ്ണനെ വണ്ടിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസിനു കൊടുത്ത പരാതിയിൽ പറയുന്നു. തുടർന്ന് മുവാറ്റുപുഴ -തൊടുപുഴ റൂട്ടിലെ വഴക്കുളത്തിന് അടുത്തുള്ള ഒരു വീട്ടിൽ എത്തുകയും അവിടെ മുറ്റം അടിച്ചു കൊണ്ടിരുന്ന സ്ത്രീയെ ചിട്ടിയുടമയും സംഘവും വിളിച്ചു വീടിന്റെ അകത്തു കയറ്റി പരാതി ക്കാരനായ രാധാകൃഷ്ണനെ നഗ്‌നനാക്കി സ്ത്രീക്കൊപ്പം നിർത്തി ഫോട്ടോ എടുക്കുകയായിരുന്നു എന്നുമാണ് പരാതി.

ഫോട്ടോ എടുക്കുന്നതിനോടൊപ്പം മർദ്ദനവും ഭീഷണിയും ചിട്ടി ഉടമയിൽനിന്ന് നേരിട്ടെന്നും രാധാകൃഷ്ണൻ ആരോപിക്കുന്നു. കൂത്താട്ടുകുളം എസ്‌ഐ മനു രാജിന് ലഭിച്ച പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. തന്നെ കൊണ്ടുപോയി നഗ്‌നചിത്രം എടുക്കുകയും മർദിക്കുകയും ചെയ്ത സ്ഥലം കൃത്യമായി അറിയില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. അതിനാൽ പരാതിക്കാരനെ അതേ വഴിയിലൂടെ കൊണ്ടുപോയാൽ ചിലപ്പോൾ വീട് കൃത്യമായി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പൊലീസ്.

ഒപ്പം ആരോപണവിധേയനായ ചിട്ടി ഉടമയെയും പൊലീസ് ഇന്ന് വിളിച്ചു വരുത്തിയിട്ടുണ്ട് . അയാളുടെ മൊഴി കൂടി എടുത്താൽ കൃത്യമായ സംഭവം മനസ്സിലാകുമെന്നാണ് പൊലീസ് ഭാഷ്യം. ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി കിട്ടാനുള്ള പണം നേടിയെടുക്കാനായിരിക്കുന്ന ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പരാതിയിൽ നിരവധി അവ്യക്തതയുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നുമുണ്ട്.