- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംബുലൻസ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു; ആയുധങ്ങളുമായി എത്തിയ സംഘം കാറിന്റെയും ആംബുലൻസിന്റെയും താക്കോലുകളും ട്രാവലറും കൈക്കലാക്കിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി; അതിക്രമം വാഹനത്തിന്റെ അടവ് മുടങ്ങിയപ്പോൾ
കൊടുങ്ങല്ലൂർ: ട്രാവലർ പിടിച്ചെടുക്കാൻ എത്തിയ ഫിനാൻസുകാർ ആംബുലൻസ് ജീവനക്കാരെ തട്ടിയെടുത്ത് മർദിച്ച് വഴിയിൽ തള്ളി. ശ്രീനാരായണപുരം പത്തായക്കാടിനും പനങ്ങാടിനുമിടയിൽ ചൊവ്വാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ പത്തായക്കാട് കറപ്പം വീട്ടിൽ മുഹമ്മദിന്റെ മകൻ അനീസ് (24), വലിയകത്ത് അഷറഫിന്റെ മകൻ അൻഷാദ് (24) എന്നിവരെ കൊടുങ്ങല്ലൂർ ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പത്തായക്കാട് ദയ ചാരിറ്റബ്ൾ ട്രസ്റ്റ് ആംബുലൻസിലെ ജീവനക്കാരാണ്.
ആയുധങ്ങളുമായെത്തിയ സംഘം സ്ഥലത്തുണ്ടായിരുന്ന കാറിന്റെയും ആംബുലൻസിന്റെയും താക്കോലുകളും ട്രാവലറും കൈക്കലാക്കിയ ശേഷം ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു. ആംബുലൻസും ട്രാവലറും ഉൾപ്പെടെയുള്ള പ്രദേശത്തെ സർവിസ് വാഹനങ്ങൾ സ്ഥത്തെ ഒരു പറമ്പിലാണ് പാർക്ക് ചെയ്യാറ്. 24 മണിക്കൂർ സർവിസ് ഉള്ളതിനാൽ ആംബുലൻസ് ജീവനക്കാർ സ്ഥലത്തുണ്ടാകും. ഇതിനിടക്കെത്തിയ സംഘം തട്ടിക്കൊണ്ടു പോകലിന് ശേഷം വാഹനത്തിൽ വച്ചായിരുന്നു മർദ്ദിച്ചത്.
ഇടക്ക് ഉല്ലാസ് വളവിൽ ഇരുവരുടെയും ഫോണുകൾ ഉപേക്ഷിച്ചു. ഒരാളുടെ ഫോൺ നശിപ്പിച്ച നിലയിലായിരുന്നു. പിന്നെയും കിഴക്കോട്ട് പോയി. എൻ.എച്ചിൽ പനങ്ങാട് എത്തിയാണ് അക്രമിസംഘം ആംബുലൻസ് ജീവനക്കാരെ പുറന്തള്ളിയത്. പിന്നീട് ഫോൺ കണ്ടെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. വാഹനങ്ങൾക്ക് കേടുപാടുകളും വരുത്തിയിട്ടുണ്ട്.
തീരദേശത്തെ പ്രമുഖ ഫിനാൻസിന്റെ തൃശൂർ ഓഫിസ് വഴി വാങ്ങിയ ട്രാവലർ ഉടമ വൈശാഖ് ഇപ്പോൾ ഗൾഫിലാണെന്ന് വാഹനം ഇപ്പോൾ കൈകാര്യം ചെയ്യുന്ന പത്തായക്കാട് കുഴികണ്ടത്തിൽ ഷാജഹാൻ പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ടതാണ് പണം അടവ് മുടങ്ങാൻ കാരണമെന്നും ട്രാവലർ ഫിനാൻസ് സ്ഥാപനത്തിന്റെ അധീനതയിലുണ്ടെന്ന് അവർ അറിയിച്ചതായും ഷാജഹാൻ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച വൈകീട്ടോടെ മതിലകം പൊലീസ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു.
മറുനാടന് മലയാളി ബ്യൂറോ