ഉദുമ: വിദ്യാർത്ഥിയെ ഓട്ടോറിക്ഷയിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേരെ കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവർ ബാര അംബാപുരം പാറക്കടവിൽ എം. മനോജ്കുമാർ (38), കോൺക്രീറ്റ് തൊഴിലാളി കൊല്ലം കൊട്ടംകരയിലെ പ്രേംകുമാർ (35), തൃശൂർ പുളിക്കലിലെ പി.കെ. ശരത്ത് (29) എന്നിവരെയാണ് മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെ ഉദുമ ഈച്ചിലിങ്കാലിൽ വച്ചാണ് കേസിനാസ്പദമായ സംഭവം. പള്ളിയിൽനിന്നും വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 13 കാരനെയാണ് സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടിയെ ഓട്ടോയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുതറിയോടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാർ നാട്ടുകാരെ അറിയിച്ച് പലവഴിയിലും അന്വേഷണം നടത്തുന്നതിനിടെ ഉദുമ വില്ലേജ് ഓഫിസിന് പിറകുവശത്തുള്ള ഇടവഴിയിൽ ഓട്ടോ കണ്ടെത്തി.

ഓട്ടോയിലുള്ളവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടുപേരെ നാട്ടുകാർ പിടികൂടി. ഒരാൾ ഓടിരക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ടയാളെ പിന്നീട് കെട്ടിടത്തിന് മുകളിൽനിന്നും പിടികൂടുകയായിരുന്നു.