- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയിലേക്ക് പോകുമ്പോൾ കൈകാലുകൾ കെട്ടി വണ്ടിയിൽ കയറ്റി കൊണ്ടുപോയി; രണ്ടര മണിക്കൂർ ഓട്ടത്തിന് ശേഷം ഒരു മുറിയിലിട്ടടച്ചു; സത്യം പറഞ്ഞില്ലെങ്കിൽ അവയവങ്ങൾ ഓരോന്നായി മുറിച്ചെടുക്കുമെന്ന് ഭീഷണി; ഒടുവിൽ ബോസ് വിടാൻ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് രാമനാട്ടുകരയിൽ ഇറക്കിവിട്ടെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രവാസി വ്യവസായി അഹമ്മദ്
കോഴിക്കോട്: മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ നിന്നാണ് തിരിച്ച് ജീവിതത്തിലേക്ക് എത്തിയതെന്ന് നാദാപുരം തൂണേരിയിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയി പിന്നീട് വിട്ടയച്ച പ്രവാസി വ്യാപാരി എംടികെ അഹമ്മദ്. ശനിയാഴ്ച പുലർച്ചെ വീടിന് സമീപത്തെ എണവള്ളൂർ പള്ളിയിലേക്ക് പോകുമ്പോഴാണ് ഒരു കാർ വന്ന് സ്‌കൂട്ടർ ബ്ലോക്ക് ചെയ്തത്. കാറിൽ നിന്നിറങ്ങി അഞ്ചു പേർ ചേർന്ന് കൈകാലുകൾ കൂട്ടിക്കെട്ടി. കരഞ്ഞപ്പോൾ മർദ്ദിക്കുകയും തുടർന്ന് കണ്ണുകൾ കെട്ടി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് അഹമ്മദ് വെളിപ്പെടുത്തി.
മൂന്നു മണിക്കൂറോളം നീണ്ട യാത്രയ്ക്ക് ശേഷം തന്നെ ഒരു ചെറിയ മുറിയിലെത്തിച്ചു. അപ്പോൾ സമയം 8.45 ആയി എന്ന് ആരോ പറയുന്നതുകേട്ടു. കൈയിലെയും കാലിലെയും കെട്ടുകൾ അവർ അഴിച്ചു മാറ്റി. വസ്ത്രങ്ങൾ അഴിപ്പിച്ച് അടിവസ്ത്രമിട്ട് ഇരുത്തിച്ചു. സത്യം പറഞ്ഞാൽ വെറുതെവിടും, അല്ലെങ്കിൽ അവയവങ്ങൾ ഓരോന്നായി മുറിച്ചു മാറ്റുമെന്നായിരുന്നു അവരുടെ ഭീഷണി.
വിദേശത്തുള്ള തന്റെ ബിസിനസ്സുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളായിരുന്നു അവർ ചോദിച്ചത്. അലി എന്ന വ്യക്തിയുമായുള്ള ബിസിനസ് ബന്ധങ്ങളെപ്പറ്റിയും അദ്ദേഹത്തിന് എത്ര രൂപ നൽകാനുണ്ട് എന്ന കാര്യവും അവർ ചോദിച്ചു. ആർക്കും താൻ പണമൊന്നും നൽകാനില്ലെന്ന് മറുപടി നൽകി. തനിക്ക് നാട്ടിൽ എത്ര രൂപ കിട്ടാനുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം അവർ ചോദിച്ചു. എല്ലാറ്റിനും മറുപടിയും നൽകി.
ഭക്ഷണം നൽകിയ സംഘം അവർ പറയുന്ന രീതിയിൽ ചിലർക്ക് സന്ദേശങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. പിറ്റേദിവസം അവർ മുറിയിലേക്ക് വന്ന് നിങ്ങളെ വിട്ടയയ്ക്കാൻ ബോസിന്റെ ഓർഡറുണ്ടെന്ന് പറഞ്ഞു. അഞ്ഞൂറ് രൂപയും തന്ന് വാഹനത്തിൽ അവർ രാമനാട്ടുകരയ്ക്കടുത്ത് ഇറക്കി വിടുകയായിരുന്നുവെന്നും എം ടി കെ അഹമ്മദ് വ്യക്തമാക്കി.
രാമനാട്ടുകരയിൽ നിന്ന് ഓട്ടോയിലും കാറിലുമായാണ് അഹമ്മദ് വീട്ടിലെത്തിയത്. അഹമ്മദിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശവും ലഭിച്ചിരുന്നു. സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അഹമ്മദിന്റെ കുടുംബം നൽകിയ പരാതിയെ തുടർന്ന് ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് അദ്ദേഹം വീട്ടിലെത്തുന്നത്. റൂറൽ എസ് പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതടക്കം അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.