തൃശൂർ: വസ്തുവിന്റെ മേൽവന്ന ജപ്തി നടപടി ഒഴിവാക്കാൻ ''റാംജിറാവ് സ്പീക്കിങ്'' കളിച്ച യുവാക്കൾ പൊലീസിനെ കബളിപ്പിച്ചത് മൂന്ന് ദിവസം. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എ ആന്റണിയുടെ പേരക്കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ അഞ്ചംഗ സംഘം തീരുമാനിച്ചത് പണം ലക്ഷ്യം വച്ചുതന്നെയെന്ന് പൊലീസ്. കേസിൽ പ്രതികളായ 5 പേരെ കഴിഞ്ഞദിവസമാണ് ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആന്റണിയുടെ അയൽവാസികളായ മനക്കത്തൊടി കരിപ്പാടത്ത് പ്രസാദ് (24) കുളങ്ങര ജോസ് പോൾ(21) കുന്നത്ത് വിഷ്ണു(20) എന്നിവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു.

ഇതിൽ പ്രസാദിന്റെ വസ്തുവും വീടും ബാങ്കിൽ ഈട് വച്ച് പണമെടുത്തത് ജപ്തിയായതാണ് ഇങ്ങനെയൊരു കടുംകൈക്ക് യുവാക്കളെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. എറണാകുളത്ത് ജോലി ചെയ്യുമ്പോൾ ലഭിച്ച സൗഹൃദമാണ് പത്തനംതിട്ട സ്വദേശി അജിത്(20) ചവറ മംഗലശ്ശേരി അനീഷ് (24) എന്നിവരെയും സംഘത്തിലെത്തിച്ചത്. സ്‌കൂളിൽ നിന്ന് തിരിച്ചുവരികയായിരുന്ന നെസ്‌വിനെ തോക്ക് കാട്ടിയാണ് അഞ്ചംഗസംഘം കാറിൽ കയറ്റിയത്.

തുടർന്ന് അത്താണി വെള്ളപ്പായയിൽ വാടകയ്ക്കെടുത്ത വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ഇവിടെ പത്തനംതിട്ട, കൊല്ലം സ്വദേശികളായിരുന്ന അജിത്തിനും, അനീഷിനുമായിരുന്നു നെസ്‌വിന്റെ സംരക്ഷണചുമതല. സ്‌കൂൾ യൂണിഫോമിൽ കുട്ടിയെ ആരെങ്കിലും കണ്ടാൽ പ്രശ്‌നമാകുമെന്ന് തിരിച്ചറിഞ്ഞ സംഘം തോർത്ത് മുണ്ട് മാത്രമായിരുന്നു കുട്ടിയെ ഉടുപ്പിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. എന്നാൽ കൃത്യസമയത്ത് കുട്ടിക്ക് ഭക്ഷണവും മറ്റും നൽകി. തൃശൂർ നഗരത്തിൽ നിന്ന് വെറും ആർ കിലോമീറ്റർ മാത്രം അകലെയുള്ള ഈ സ്ഥലത്തേക്ക് പൊലീസെത്താൻ മൂന്ന് ദിവസം കാത്തിരിക്കേണ്ടിവന്നു എന്നതാണ് വസ്തുത.

അതേസമയം പൊലീസിനെ വഴിതെറ്റിക്കാൻ വേണ്ടി പ്രതികൾ മോഹൻലാൽ ചിത്രം ദൃശ്യത്തിലെ കഥാപാത്രത്തിന്റെ തന്ത്രവും പയറ്റി. പുതുതായെടുത്ത സിം കാർഡാണ് പൊലീസിനെ കുഴപ്പിച്ചത്. പൊലീസിനെ വഴിതെറ്റിക്കാനായി സിം കാർഡ് ഓൺ ചെയ്ത് സംഘത്തിലെ ഏതെങ്കിലും ഒരാൾ സ്ഥിരം കിലോമീറ്ററുകൾ ദൂരത്തേക്ക് സഞ്ചരിക്കും കുറ്റവാളികൾ ആ ദിശയിലേക്ക് നീങ്ങുമ്പോൾ കുറ്റവാളികൾ അത്താണിയിൽ സുഖമായി തുടർന്നു. എന്നാൽ ഈ നമ്പറിലേക്ക് വന്ന കോൾ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. ആദ്യഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എ ആന്റണിയുടെയും മകൻ ടിറ്റോയുടെയും സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ഇവരുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്ന ചിലരെയും പൊലീസ് വിളിച്ചിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിൽ ഇവർക്കൊന്നും കേസുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. അരിമ്പൂരിലെ പ്രമുഖ കോൺഗ്രസ് നേതാവാണ് പി.എ ആന്റണി. സ്ഥലത്തെറൈസ് മിൽ ഉടമയും പൗരപ്രമുഖനുമായ ആന്റണിയുടെ പേരക്കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ പ്രതികൾ തീരുമാനിച്ച് ചോദിച്ച പണം ലഭിക്കും എന്ന ഉറപ്പുള്ളതാണത്രെ. തട്ടിക്കൊണ്ട് പോയതിന് ശേഷവും അയൽവാസികളായ പ്രതികൾ വീടുകളിലെത്തിയിരുന്നു. സംബഹവ്ത്തിൽ പിടിയിലായവർക്ക് മുൻപ് ഒരു ക്രിമിനൽ കേസ് പോലും ഇല്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ അഞ്ചംഗസംഘത്തെ റിമാന്റ് ചെയ്തു.