കൊച്ചി : കുടുംബങ്ങൾ തമ്മിലുള്ള ബിസിനസ് കുടിപ്പകയിൽ എറണാകുളത്തെ സ്വകാര്യ കോളേജിലെ ഒന്നാംവർഷ ബിബിഎ വിദ്യാർത്ഥിയെ ക്വട്ടേഷൻ സംഘം ഹോസ്റ്റലിൽനിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം തന്നെ. ഗൾഫിലെ വ്യവസായികൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് 16 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചംഗ ക്വട്ടേഷൻ സംഘം പൊലീസ് അറസ്റ്റിൽ. ബഹ്‌റൈൻ ആസ്ഥാനമായ ആശുപത്രി ഗ്രൂപ്പ് മേധാവി മലപ്പുറം വെസ്റ്റ് കോടൂർ സ്വദേശി മുഹമ്മദ് റബിയുള്ളയാണു സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.

കാക്കനാട് രാജഗിരി കോളേജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥി മലപ്പുറം സ്വദേശി ഫായിദ ഹൗസിൽ മുഹമ്മദിന്റെ മകൻ ഫിറാസത്തിനെയാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിയെ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ പൊലീസ് കണ്ടെത്തിയിരുനനു. പുലർച്ചെ ആറിനാണ് കോളേജ് ഹോസ്റ്റലിൽനിന്നും വിദ്യാർത്ഥിയെ വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയത്. മകനെ തട്ടിക്കൊണ്ടുപോയത് ദുബായിൽ ബിസിനസ് നടത്തുന്ന മലപ്പുറം സ്വദേശിയായ കെ ടി റബിയുള്ളയാണെന്ന് പിതാവ് പി എം മുഹമ്മദ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇത് റബിയുള്ള നിഷേധിച്ചു. എന്നാൽ പൊലീസ് അന്വേഷണം വിരൽ ചൂണ്ടുന്നത് റബിയുള്ളയിലേക്കാണ്.

ഫിറാസത്ത് മുഹമ്മദിനെ കഴിഞ്ഞ 23നു രാവിലെയാണു ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. അന്നു രാത്രി ഏഴോടെ പൊള്ളാച്ചിയിൽ ഇറക്കിവിട്ടു. ആദ്യ ഗഡുവായി മൂന്നു കോടി രൂപ 24 മണിക്കൂറിനകം നൽകാമെന്ന പിതാവ് മലപ്പുറം ഫായിദ ഹൗസിൽ പി.എ. മുഹമ്മദ് നൽകിയ ഉറപ്പിലായിരുന്നു മോചനം. എന്നാൽ, വിദ്യാർത്ഥിയുടെ സഹപാഠിയുടെ പരാതിയിൽ കേസ് എടുത്ത ഇൻഫോ പാർക്ക് പൊലീസ് സംഘത്തിലെ അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.ചാവക്കാട് താഴത്തയിൽ ഉമ്മർ ഫറൂഖ് അലി (26), വാടാനപ്പള്ളി നാട്ടിക പടിയത്ത് ബിൻഷാദ് (27), ഒറ്റപ്പാലം തൃക്കോടിയേരി കുരീക്കാട്ട് അബുബക്കർ സിദ്ദീഖ് (32), ഒറ്റപ്പാലം മച്ചിങ്ങാത്തൊടിയിൽ സുൽഫിക്കർ (35), ചാവക്കാട് വടക്കേക്കാട് എടക്കാട്ട് ബഗീഷ് (24) എന്നിവരാണ് അറസ്റ്റിലായത്. മൂന്നു കോടി രൂപ പ്രതിഫലത്തിനു ക്വട്ടേഷൻ ഏറ്റെടുത്ത ചാവക്കാട് സ്വദേശി അഫ്‌സൽ, സംഘാംഗങ്ങളായ ലത്തീഫ് തങ്ങൾ, മുഫാസ് എന്നിവരെ പിടികൂടാനുണ്ട്.

ഗൾഫിലെ വ്യവസായ സംരംഭവുമായി ബന്ധപ്പെട്ടു റബിയുള്ളയും പി.എം. മുഹമ്മദും തമ്മിൽ സാമ്പത്തിക ഇടപാടും കേസുമുണ്ടായിരുന്നു. മുഹമ്മദിന് അനുകൂലമായി ഒരു വർഷം മുൻപു വിധി വന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണു മകനെ റബിയുള്ള ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോയതെന്നു മുഹമ്മദ് പൊലീസിനു മൊഴി നൽകി. വാടകയ്ക്ക് എടുത്ത കാറുമായാണു സംഘം ചിറ്റേത്തുകരയിലെ ഹോസ്റ്റലിൽ എത്തിയത്. ഫിറാസത്തിനെ പിടിച്ചിറക്കി രാസപദാർഥം മണപ്പിച്ചു ബോധം കെടുത്തിയ ശേഷമാണു കൊണ്ടുപോയത്. ഈ സമയം മസ്‌കറ്റിലായിരുന്ന മുഹമ്മദിനെ ഫോണിൽ ബന്ധപ്പെട്ട റബിയുള്ള, മകനെ വിട്ടുകിട്ടണമെങ്കിൽ 16 കോടി രൂപ നൽകണമെന്നും മൂന്നു കോടി രൂപ 24 മണിക്കൂറിനകം ഗൾഫിൽ കൈമാറണമെന്നും ആവശ്യപ്പെട്ടു. പണം നൽകാമെന്ന ഉറപ്പിന്മേൽ പൊള്ളാച്ചിയിൽ ഇറക്കിവിട്ടു. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നു പൊലീസ് പൊള്ളാച്ചിയിലെത്തി ഫിറാസത്തിനെ കണ്ടെത്തി. മകൻ സുരക്ഷിതനാണെന്ന് ഉറപ്പായതിനാൽ മുഹമ്മദ് പണം നൽകിയില്ല. 20 ലക്ഷം രൂപ നൽകിയാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയത്.

തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാറിന്റെ വിവരങ്ങൾ പിന്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു ക്വട്ടേഷൻ സംഘം കുടുങ്ങിയത്. മുൻകൂറായി ലഭിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചു ബെംഗളൂരുവിലും ഗോവയിലുമായി ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികൾ. പണം ആവശ്യപ്പെട്ടു റബിയുള്ള നടത്തിയ വിലപേശലിന്റെ ടെലിഫോൺ സംഭാഷണം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതു പ്രധാന തെളിവാകും. നേരത്തെ താനുമായി ബിസിനസ്് ഇടപാടുകളുണ്ടായിരുന്ന റബിയുള്ള തന്റെ വളർച്ചയിൽ അസൂയ പൂണ്ടാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു മുഹമ്മദ് ആരോപിച്ചിരുന്നത്. ഇത്തരം തട്ടിക്കൊണ്ടുപോക്കും ഭീഷണിപ്പെടുത്തി പണം തട്ടുന്ന പണിയും ഇയാൾ ഇതിനുമുമ്പും നടത്തിയതിന് തന്റെ പക്കൽ തെളിവുണ്ടെന്നും മുഹമ്മദ് പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പൊലീസിന്റെ അന്വേഷണത്തിൽ പുറത്തുവരുന്ന വിവരവും.

തന്റെ മകനെ തട്ടിക്കൊണ്ടുപോയശേഷം മൊബൈൽ ഫോണിൽ വിളിച്ച് ഇയാൾ അറിയിക്കുകയായിരുന്നു. താനുമായി സംസാരിച്ച കാര്യങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഇത് പൊലീസിനു കൈമാറുമെന്നും മുഹമ്മദ് പറഞ്ഞിരുന്നു.