തിരുവനന്തപുരം: ഒരാൾ മറ്റൊരാൾക്ക് വൃക്ക നൽകുന്നത് നമ്മൾ പതിവു കേൾക്കുന്ന വാർത്തയാണ്. എന്നാൽ ഈ പതിവ് കഥയ്ക്ക് ഇവിടെ മാറ്റം വന്നിരിക്കുകയാണ്. കാണാമറയത്തിരുന്ന രണ്ട് കുടുംബങ്ങൾക്ക് തണലായതാവട്ടെ ഒരു വൈദികനും. മാർത്താണ്ഡം സ്വദേശി ഫാ. പീറ്റർ ബെനഡിക്റ്റ് വൃക്ക പകുത്ത് നൽകാൻ തയ്യാറായതാണ് രണ്ട് കുടുംബങ്ങൾക്ക് ആശ്വാസമായി മാറിയത്.

ഫാ. ബെനഡിക്ട് തന്റെ വൃക്ക ആലപ്പുഴ സ്വദേശിയും കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനീയറുമായ മൊയ്തീൻകുഞ്ഞിന് നൽകുമ്പോൾ, മൊയ്തീൻ കുഞ്ഞിന്റെ ഭാര്യ റജുല തൃശൂർ സ്വദേശിയായ ഡാർവിനു വൃക്ക നൽകും. ഇതോടെ ഇവർ ഒരു കുടുംബമായി മാറും.

ഒരു വേള ജീവിതത്തെ കുറിച്ചുള്ള എല്ലാ സ്വപ്‌നങ്ങളും ഇരുളടഞ്ഞു പോയ ഇവർ നാലുപേരും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അടുത്തടുത്ത മുറികളിൽ പുത്തൻ പ്രതീക്ഷകളുമായി കാത്തിരിക്കുകയാണ്.

കഴിഞ്ഞ ദീപാവലി മുതൽ പ്രാർത്ഥനയും കണ്ണീരുമായുള്ള കാത്തിരിപ്പിനാണ് വിരാമമാകാൻ ഒരുങ്ങുന്നത്. മാർത്താണ്ഡം മലങ്കര രൂപതയുടെ കീഴിലുള്ള മാർത്താണ്ഡം ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ (മിഡ്‌സ്) ഡയറക്ടറായ ഫാ.പീറ്റർ വൃക്കദാനം ചെയ്യാൻ ഒരുക്കമായിട്ടു നാളുകളായി. 

ഫാദറിന്റെ ഈ ആഗ്രഹമാണ് ഈ രണ്ടു ജീവനുകൾക്കും തണലായി മാറിയത്. വൃക്ക കിട്ടാതെ രോഗികൾ മരിക്കുന്ന സാഹചര്യം നേരിട്ടു കണ്ടതോടെയാണ് ഫാ.പീറ്റർ ഇത്തരമൊരു തീരുമാനമെടുത്തത്. ഒടുവിൽ ഫാ.ഡേവിസ് ചിറമ്മല്ലിന്റെ കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടു.

അവിടെ നിന്നുമാണ് ആലപ്പുഴ സ്വദേശികളുടെ കഥ കേട്ടറിഞ്ഞത്. മൊയ്തീൻ കുഞ്ഞിന് വൃക്ക നൽകാൻ ഭാര്യ റജൂല തയ്യാറായിരുന്നെങ്കിലും ഇരുവരുടെയും രക്ത ഗ്രൂപ്പുകൾ വ്യത്യസ്തമായിരുന്നു. ഇതോടെ ഫാദറും ഈ കുടുംബവും ചേർന്ന് ഒരു ധാരണയിലെത്തി. മൊയ്തീന് ഫാ.പീറ്റർ വൃക്ക നൽകുമ്പോൾ ഭാര്യയുടെ വൃക്ക മറ്റൊരാൾക്കു നൽകണം.

ഇതാണ് തൃശൂർ അയ്യന്തോൾ സ്വദേശിയായ ഡാർവിന്റെ ജീവിതത്തിന് പുത്തൻ പ്രതീക്ഷകൾ നൽകിയത്. 23ാം വയസ്സിൽ വൃക്കരോഗം ബാധിച്ച ഡാർവിൻ നല്ല പ്രായത്തിൽ തന്നെ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നശിച്ചതിന്റെ വിഷമത്തിലായിരുന്നു. ഇപ്പോൾ 32 വയസ്സുള്ള ഡാർവിൻ രോഗത്തെത്തുടർന്നു ജോലിക്കു പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.

അനുജനും വൃക്കരോഗമുണ്ട്. അച്ഛൻ നേരത്തെ മരിച്ചു. അമ്മയ്ക്കു രക്തസമ്മർദമുള്ളതിനാൽ വൃക്ക നൽകാനും കഴിയില്ലായിരുന്നു. ഒടുവിൽ ദീപാവലിക്കു കൊച്ചിയിലെ ആശുപത്രി ഒപി റൂമിൽ ഇവർ പരസ്പരം കണ്ടുമുട്ടി. രക്തപരിശോധന വിജയകരമായി പൂർത്തിയാക്കി. ഇന്നിവർ പരസ്പരം ജീവൻ പകുത്തുനൽകുന്നതോടെ കുറച്ചുനാളുകൾക്കു മുൻപ് വരെ അപരിചിതരായിരുന്ന നാലുപേർ ഒരു കുടുംബമാകും.