വയവദാനം മഹാദാനം തന്നെയാണ്. എന്നാൽ, ഒരാളുടെ അറിവില്ലാതെ അയാളുടെ അവയവങ്ങൾ മോഷ്ടിക്കുന്നതോ? ഇന്ത്യയിൽ അവയവ മാഫിയ ശക്തിപ്പെട്ടതോടെ കിഡ്‌നി മോഷണം വ്യാപകമാവുകയാണെന്നാണ് സൂചന. വൻകിട ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അവയവ മോഷണം നടക്കുന്നത്.

വൃക്കമോഷണവുമായി ബന്ധപ്പെട്ട് നേരത്തെ അപ്പോളോ ആശുപത്രിക്കെതിരെ നടപടിയെടുത്തിരുന്നു. ഇപ്പോൾ മുംബൈയിലെ പ്രശസ്ത ഹോട്ടലായ എൽ.എച്ച് ഹിനാനന്ദാനി ആശുപത്രിയുടെ ഉടമയടക്കം അഞ്ചു ഡോക്ടർമാരും ഇതേ കുറ്റത്തിന് അറസ്റ്റിലായി. ആശുപത്രിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സുജിത് ചാറ്റർജിയും മെഡിക്കൽ ഡയറക്ടർ അനുരാഗ് നായിക്കും അറസ്റ്റ് ചെയ്യപ്പെട്ടവരിൽപ്പെടുന്നു.

പ്രമുഖ ആശുപത്രിയിലെ സീനിയർ ഡോക്ടർമാർ വൃക്കമോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത് ആദ്യമായാണ്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 14 ആയി. കിഡ്‌നി രോഗിയായ യുവാവും അയാളുടെ വ്യാജഭാര്യയും അറസ്റ്റിലായവരിൽപ്പെടുന്നു. സാമൂഹിക പ്രവർത്തകനായ നിലേഷ് കാംബ്ലെയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഡി.സി.പി അശോക് ദൂത് പറഞ്ഞു. പോവൈ പൊലീസാണ് നടപടി സ്വീകരിച്ചത്. എന്നാൽ, കാംബ്ലെ പൊലീസിന്റെ മുന്നിൽ നടത്തിയ കുറ്റസമ്മതമാണ് ഇവരുടെ അറസ്റ്റിലേക്ക് വഴിവച്ചതെന്നും റിപ്പോർട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട ഡോക്ടർമാരെ ഇന്ന് അന്ധേരിയിലെ മെട്രൊപൊലിറ്റൻ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.

കാംബ്ലെയാണ് കിഡ്‌നി മാഫിയയുമായി ആശുപത്രിയെ ബന്ധപ്പെടുത്തിയതെന്നാണ് സൂചന. മുകേഷ് ഷെത്യെ, മുകേഷ് ഷാ, പ്രകാശ് ഷെട്ടി എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റു ഡോക്ടർമാർ. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും അവയവ മാറ്റ നിയമവും അനുസരിച്ചാണ് ഇവർക്കെതിരെ കേസ്സെടുത്തിട്ടുള്ളത്. 

കുറ്റക്കാർക്ക് പത്തുവർഷം കഠിനതടവും ഒരു കോടി രൂപ പിഴയും വിധിക്കുന്ന തരത്തിൽ കടുത്ത വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഹിരാനന്ദാനി ആശുപത്രിയുടെ ഉടമയും നിരഞ്ജൻ ഹിരാനന്ദാനിയുൾപ്പെടെ നാലുപേരെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. സർക്കാർ നിയോഗിച്ച കമ്മറ്റിയാണ് ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്.