ലണ്ടൻ: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ പറ്റി കേരളത്തിലും വിവാദമുയരുന്ന പശ്ചാത്തലത്തിൽ, ബ്രിട്ടനിൽ നിന്നും ഞെട്ടിക്കുന്ന ഒരു അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ കഥ പുറത്തുവരുന്നു. നൈജീരിയയിലെ ഒരു എം പിയും ഭാര്യയുമാണ് ഇവിടെ പ്രതിസ്ഥാനത്ത്. സ്വന്തമായി വീടുപോലുമില്ലാത്ത ഒരു പാവപ്പെട്ട ബാലനെ യു കെയി എത്തിച്ച്, ആ ബാലന്റെ വൃക്ക സ്വന്തം മകൾക്ക് വെച്ചു പിടിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ പക്ഷെ എം പി യും ഭാര്യയും പിടിക്കപ്പെടുകയായിരുന്നു.

നൈജീരിയയിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ ഉപരാഷ്ട്രപതിയും നിലവിൽ എം പി യുമായിരുന്ന ഐക്കെ ഏക്വേരേമാഡുവും ഭാര്യ ബിയാട്രീസുമാണ് പിടിയിലായത്. ലാഗോസിൽ നിന്നും 15 കരനെ യു കെയിൽ എത്തിക്കുകയായിരുന്നു. വടക്കൻ ലണ്ടനിലെ വില്ലെസ്ഡെനിൽ സ്വന്തമായി വീടുള്ള ഇവർക്ക് നാലു മക്കളാണ് ഉള്ളത്. മകൾ വൃക്ക സംബന്ധമായ രോഗത്തിന് ടിമയാണ്. ആധുനിക അടിമത്തത്തിനെ ചെറുക്കുന്ന നിയമത്തിൻ കീഴിലാണ് ഈ ദമ്പതികളെ യു കെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തുർക്കിക്കുള്ള വിമാനത്തിൽ യാത്ര തിരിക്കുവാനായി രണ്ടു ദിവസം മുൻപ് ഹീത്രൂ വിമാനത്താവളത്തിലെത്തിയ അവരെ വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ് ചെയ്തത്. തുർക്കിയിൽ വച്ചായിരുന്നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ ഉദ്ദേശിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഏക്വേരെമാഡുവിന്റെ കൈവശം 20,000 പൗണ്ട് ഉണ്ടായിരുന്നതായും റിപ്പൊർട്ടുകൾ പുറത്തുവരുന്നു. വൃക്കയെടുക്കാനായി യു കെയിൽ എത്തിച്ച ബാലൻ ഇപ്പോൾ പൊലീസിന്റെ സംരക്ഷണയിലാണ്.

60 കാരനായ എം പിയേയും 55 കാരിയായ ഭാര്യയേയും, ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ മറ്റൊരു വ്യക്തിക്ക് യാത്ര ചെയ്യുവാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു എന്നതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ വരെ അക്സംബർഗിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അവയവം എടുക്കുന്നതിനായി മനുഷ്യക്കടത്ത് നടത്തി എന്ന് പ്രോസിക്യുട്ടർ കോടതി മുൻപാകെ ബോധിപ്പിച്ചു. മാത്രമല്ല, ഇര 15 വയസ്സ് മാത്രം പ്രായമുള്ള ബാലനാണെന്നും എടുത്തു പറഞ്ഞു.

അതേസമയം, നൈജീരിയൻ എം പിയും ഭാര്യയും ഈ ആരോപണങ്ങൾ ഒക്കെയും തന്നെ നിഷേധിക്കുകയാണ്. ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ തങ്ങൾ ആർക്കും യാത്രാ സൗകര്യം ചെയ്തിട്ടില്ല എന്നാണ് ഇരുവരും പറഞ്ഞത്. എം പി എന്ന നിലയിലും അതിനു മുൻപ് ഉപരാഷ്ട്രപതി എന്ന നിലയിലും പരാതികൾക്ക് ഇടം നൽകാതെ പൊതു ജീവിതം നയിച്ച വ്യക്തിയാണ് ഏക്വേറെമാഡു എന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. മാത്രമല്ല, അദ്ദേഹം ഒരു നിയമജ്ഞനും കൂടിയാണ്. ഈ ആരോപണങ്ങൾ എല്ലാം തന്നെ കെട്ടിച്ചമച്ചതാണെന്നും എം പിക്കും ഭാര്യയ്ക്കും വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.