കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ മുൻ മന്ത്രി തോമസ് ഐസക് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. ഇ.ഡിയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു. സ്വകാര്യത മാനിക്കണമെന്നും അത് മറികടക്കരുതെന്നും കോടതി പറഞ്ഞു. ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയ കോടതി മറ്റ് നടപടികൾ പാടില്ലെന്നും നിർദേശിച്ചു. തോമസ് ഐസക്കിനോട് ഇ.ഡി ആവശ്യപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യതയുടെ ലംഘനമുണ്ടായതായി കോടതിയുടെ നിരീക്ഷണം.

ആദ്യ നോട്ടീസിൽ ആവശ്യപ്പെടാത്ത പല രേഖകളും രണ്ടാമത്തെ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ചോദിച്ചു. ഇതിൽ കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ബുധനാഴ്ചയാണ് വിശദീകരണം നൽകേണ്ടത്. 'ഫെമ' നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്നും ചട്ടപ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു. അതോടൊപ്പം തന്നെ ഐസക്കിനെ സാക്ഷിയായിട്ടാണ് വിളിപ്പിച്ചിരിക്കുന്നതെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തന്നെ പ്രതിസ്ഥാനത്ത് നിർത്തിയാണ് ഇ.ഡി നടപടിയെന്നും അതുകൊണ്ടാണ് എന്ത് കുറ്റമാണ് ചെയ്തതെന്ന് ചോദിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. കൃത്യമായി വിശദീകരണം നൽകാതെയാണ് സമൻസ് അയക്കുന്നതും രേഖകൾ ആവശ്യപ്പെടുന്നതുമെന്നും ഐസക് കോടതിയെ അറിയിച്ചു. താൻ കിഫ്ബിയുടെ രേഖകളുടെ കസ്റ്റോഡിയനല്ലെന്നും എന്നിട്ടും തന്നോടാണ് ഇത് ചോദിക്കുന്നതെന്നും ഐസക് പറഞ്ഞു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ധവെയാണ് തോമസ് ഐസക്കിനായി ഹാജരായത്.

സാക്ഷിയാക്കിയ വ്യക്തിയോട് ചോദിക്കുന്നതുപോലെയല്ല, പ്രതിയോടെന്നപോലെയാണ് തോമസ് ഐസക്കിനോട് രേഖകൾ ആവശ്യപ്പെടുന്നത്. അതിനാലാണ് സ്വകാര്യയെ മാനിക്കണമെന്നും അത് മറികടക്കരുതെന്നും കോടതി വാക്കാൽ നിർദേശിച്ചത്. ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ഇ.ഡി നൽകുന്ന വിശദീകരണം നിർണ്ണായകമാകും. അതിനിടെ കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണത്തിന് എതിരെയുള്ള അഞ്ച് എംഎൽഎമാരുടെ ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ഈ ഹർജി ഫയലിൽ സ്വീകരിക്കാതെ വിധി പറയാൻ മാറ്റി.

അതേസമയം, ഇ.ഡിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തു വന്നു. കിഫ്ബി കേസ് ഇ.ഡിയുടെ പരിധിയിൽവരില്ല. മസാല ബോണ്ടിൽ ഇടപെടാൻ ഇ.ഡിക്ക് അധികാരമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഇന്നും ഹാജരാകില്ലെന്ന് ഐസക് രേഖാമൂലം ഇ.ഡിയെ അറിയിച്ചിരുന്നു. ഇ.ഡി സമൻസുകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്.

കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിർവചിച്ചിട്ടില്ല. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക് ഹർജിയിൽ ആവശ്യപ്പെട്ടു.