തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികൾ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുന്നുവെന്ന് സൂചന.ഈ സാഹചര്യത്തിൽ മുൻധനമന്ത്രി ടി.എം. തോമസ് ഐസക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.)ന് മുൻപിൽ ഹാജരായേക്കില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇ.ഡി. നോട്ടീസിന് നിയമപരമായി മറുപടി നൽകാനുമാണ് ആലോചന. പിണറായിയേയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന ധാരണയിലാണ് ഇത്. സ്വർണ്ണ കടത്തിൽ സ്വപ്‌നാ സുരേഷിന്റെ മൊഴികൾ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയേയും കുടുംബത്തേയും ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്. ഇതിനിടെയാണ് കിഫ്ബിയിലെ ഇഡി നീക്കങ്ങൾ.

ഓഗസ്റ്റ് 11-നാണ് ഇ.ഡിക്ക് മുൻപിൽ ഹാജരാകാൻ തോമസ് ഐസക്കിന് സമൻസ് ലഭിച്ചിരിക്കുന്നത്. ഈ സമൻസിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച അദ്ദേഹം നിയമവിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്കു ശേഷമാണ്, ഇ.ഡിക്കു മുൻപിൽ ഹാജരാകേണ്ടതില്ല പകരം നിയമപരമായി നേരിട്ടാൽ മതിയെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സിപിഎമ്മും ഇതേ അഭിപ്രായത്തിലാണ്. തോമസ് ഐസക്ക് മന്ത്രിയായിരുന്ന സമയത്ത്, അദ്ദേഹം ഡയറക്ടറായിരുന്ന കമ്പനിയുടെയും മറ്റും അക്കൗണ്ട് വിവരങ്ങളുമായി ചെല്ലണം എന്നായിരുന്നു ഇ.ഡി. അദ്ദേഹത്തോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹത്തോട് ഇപ്പോൾ ഓറൽ സബ്മിഷൻ ഉൾപ്പെടെയുള്ളവ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അദ്ദേഹത്തിന്റെ പത്തുകൊല്ലക്കാലത്തെ വ്യക്തിഗത അക്കൗണ്ടുകളുടെ വിവരങ്ങളും അദ്ദേഹം ഡയറക്ടറായിരുന്ന കമ്പനികളുടെ വിവരങ്ങളും കൊണ്ട് ചെല്ലണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഇ.ഡിയുടെ നോട്ടീസിനെ നേരിടാനാണ് തോമസ് ഐസക്കിന്റെ തീരുമാനം. ഇ.ഡിയുടെ നോട്ടീസ് പ്രകാരം ഐസ്‌ക ഹാജരായാൽ, മുഖ്യമന്ത്രിയെ കൂടി ഇ.ഡി. വിളിപ്പിക്കാനുള്ള സാഹചര്യം ഉണ്ടായേക്കുമെന്ന് സിപിഎം കണക്കൂകൂട്ടുന്നു. ഈ സാഹചര്യത്തിൽ ഐസക് കോടതിയെ സമീപിച്ചേക്കും. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചാൽ അത് തിരിച്ചടിയുമായി. അതുകൊണ്ട് തന്നെ വല്ലാത്ത സാഹചര്യത്തിലാണ് സിപിഎം.

ഫെമ നിയമലംഘനം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇ.ഡി. തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ കിഫ്ബി മസാല ബോണ്ട് വിൽക്കുന്ന സമയത്ത് അതിന് അനുമതിയുണ്ടായിരുന്നു. വിഷയത്തിൽ ആർ.ബി.ഐ. ഇതുവരെ കിഫ്ബിക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. അതിനാൽ തന്നെ ഫെമ നിയമലംഘന ആരോപണം നിലനിൽക്കില്ലെന്ന് സിപിഎം ചൂണ്ടിക്കാണിക്കുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയേയും ഇഡി ചോദ്യം ചെയ്‌തേയ്ക്കുമെന്ന വിവരം പുറത്തു വരുന്നത്. ലാവ്‌ലിൻ കേസിൽ പുതിയ നീക്കങ്ങളും കേന്ദ്ര സർക്കാർ ആലോചനയിലുണ്ട്. താമസിയാതെ കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ വരും. ഓഗസ്റ്റ് അവസാന വാരം കേസ് കോടതി എടുക്കുമ്പോൾ അതിശക്തമായ നിലപാടുകൾ സിബിഐ എടുക്കും.

അതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനായ പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റും ചർച്ചയാണ്. സ്വർണക്കടത്തു മാത്രമല്ല, ലാവ്ലിൻ കേസും തീർന്നു എന്ന് പിണറായി വിജയൻ കരുതരുത് ....നീതി നടപ്പിലാകുന്ന ദിവസം നിങ്ങൾ വഞ്ചിച്ച ഇ നാടും സ്വന്തം പാർട്ടിയും താങ്കളെ തിരിച്ചറിയും ... കാരണം താങ്കൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന് സാധാരണ സഖാക്കളുടെ ചോരയുടെ മണമുണ്ട് ... എല്ലാത്തിനും ഉപരി ഇതിൽ ചതിക്കപ്പെടുന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാര് കൂടിയാണ് എന്ന് പ്രതീഷ് കുറിക്കുന്നു. ലാവ്‌ലിനിൽ കേന്ദ്രം നിലപാട് കടുപ്പിക്കുമെന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.

ലാവലിൻ കേസ് പരിഗണിക്കാനുള്ള സാധ്യതാ ദിവസം ഓഗസ്റ്റ് 22 എന്ന് സുപ്രീം കോടതി വെബ് സൈറ്റ് പറയുന്നു. എന്നാൽ കോടതിയുടെ തിരക്ക് കൂടി പരിഗണിച്ചാകും അന്തിമ ലിസ്റ്റിൽ ഉൾപ്പെടുത്തുക. ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. ഈ കേസിലും ഇഡി അന്വേഷണത്തിന് സാധ്യത ഏറെയാണ്.

1995 ഓഗസ്റ്റ് 10ന് ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി.

ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്. ഈ വീഴ്ചയാണ് പിണറായി വിജയനെതിരായ ആരോപണമായി മാറിയത്. വിചാരണ കോടതി തന്നെ വിചാരണയ്ക്ക് മുമ്പ് പിണറായിയെ കുറ്റ വിമുക്തനാക്കി. ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.