- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടമെടുപ്പിനെതിരെ ധനസെക്രട്ടറി; ബജറ്റിലെ കണക്കിൽ പെടുത്തണമെന്ന് ആവശ്യം; നാട്ടിൽ കുറഞ്ഞ പലിശയ്ക്കു വായ്പ ലഭിക്കുമ്പോൾ കിഫ്ബി വിദേശത്തു നിന്നും വായ്പ എടുക്കുന്നതിനും രാജേഷ് കുമാർ സിങ് എതിര്; കടമെടുപ്പ് വെട്ടിക്കുറച്ചതിൽ കേന്ദ്രത്തിനെതിരെ കേരളം കോടതിയിലേക്കും
തിരുവനന്തപുരം: കിഫ്ബിക്കെതിരെ ഇഡി അന്വേഷണം നടക്കുകയും മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരിക്കയാണ്. ഇതിനിടെയാണ് സംസ്ഥാന സർക്കാറിന്റെ ധനസെക്രട്ടറി തന്നെ സർക്കാറിന്റെ നിലപാടുകളെ തള്ളി രംഗത്തുവരുന്നത്. ബജറ്റിലെ കണക്കിൽപെടുത്തിയാൽ മാത്രമേ കിഫ്ബി വഴിയും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി വഴിയുമുള്ള സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് സുതാര്യമാകൂ എന്നാണ് ധനസെക്രട്ടറി രാജേഷ് കുമാര് സിങിന്റെ അഭിപ്രായം. പ്രത്യക്ഷത്തിൽ തന്നെ സംസ്ഥാന സർക്കാറിന്റെ നിലപാടിന് വിരുദ്ധമാണ് ഈ തീരുമാനം.
ഈ 2 സ്ഥാപനങ്ങൾ വഴിയുള്ള കടമെടുപ്പ് കേന്ദ്ര സർക്കാർ വെട്ടിയതിനെതിരെ സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രസ്താവന നടത്തുകയും കടുത്ത പ്രതിഷേധം തുടരുകയും ചെയ്യുമ്പോഴാണു ലേഖനത്തിലൂടെ ധനസെക്രട്ടറി വിരുദ്ധ നിലപാടു വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിനു കീഴിലെ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ പ്രസിദ്ധീകരണമായ 'കേരള ഇക്കോണമി'യിൽ എഴുതിയ ലേഖനത്തിലാണു സെക്രട്ടറിയുടെ പരാമർശം.
കിഫ്ബിയും പെൻഷൻ കമ്പനിയും വഴി കേരളം കടമെടുത്ത 14,000 കോടി രൂപ, കേരളത്തിന് ആകെ കടമെടുക്കാൻ കഴിയുന്ന തുകയിൽ കിഴിവു ചെയ്യുമെന്ന അറിയിപ്പ് ഈ മാസം കേരളത്തിനു ലഭിച്ചിരുന്നു. ഇതിൽ കടുത്ത പ്രതിഷേധത്തിലാണു കേരളം. കേന്ദ്ര തീരുമാനത്തിനെതിരെ കോടതിയിലേക്ക് പോകാനും നീക്കം നടത്തുകയാണ് സർക്കാർ.
തീരുമാനത്തിൽ നിന്നു പിൻവാങ്ങണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്കു കത്തെഴുതുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാട്ടിൽ കുറഞ്ഞ പലിശയ്ക്കു വായ്പ ലഭിക്കുമ്പോൾ കിഫ്ബി വഴി വിദേശത്തു നിന്നു വായ്പയെടുക്കണോ എന്ന് മുൻ ധനസെക്രട്ടറി മനോജ് ജോഷി കിഫ്ബി യോഗത്തിൽ ആരാഞ്ഞതും വിവാദമായിരുന്നു. ഇതെല്ലാം ന്യായമായ ചോദ്യങ്ങൾ തന്നൊണ് വിദേശ വായ്‌പ്പ തേട പോകുന്നതിന്റെ യുക്തി നേരത്തെയും ഉയർന്നിരുന്നു.
അതേസമയം കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സംസ്ഥാന സർക്കാർ നിയമനടപടിക്ക് ഒരുങ്ങുമെന്ന് സൂചിപ്പിച്ചാണ് കേന്ദ്രമന്ത്രി നിർമല സീതാരാമനു മന്ത്രി കെ.എൻ.ബാലഗോപാലിന്റെ കത്തയച്ചത്. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതും റവന്യു കമ്മി ഗ്രാന്റ് കുറച്ചതും കടമെടുപ്പു വെട്ടിക്കുറച്ചതും ഭരണഘടനാ തത്വങ്ങൾക്കും വിവിധ കോടതി വിധികൾക്കും എതിരാണെന്ന് അക്കമിട്ടു നിരത്തിയാണു കത്ത്. കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായുള്ള നടപടിക്രമം പാലിക്കാനാണു കത്തു നൽകിയതെന്നു സൂചനയുണ്ട്. അടുത്ത മാസം ഒന്നിന് മധുരയിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമുണ്ടായില്ലെങ്കിൽ കേരളം നിയമവഴിക്കു നീങ്ങാനാണു സാധ്യത.
സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനു കടം തിരിച്ചടയ്ക്കാനുണ്ടെങ്കിലോ കേന്ദ്ര സർക്കാരിന്റെ ജാമ്യത്തിന്മേൽ കടമെടുത്തിട്ടുണ്ടെങ്കിലോ മാത്രമേ പുതിയ വായ്പയെടുക്കാൻ കേന്ദ്ര അനുമതി തേടേണ്ടതുള്ളൂ. അതിനാൽ കേന്ദ്രം സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ അമിതമായി നിയന്ത്രിക്കുന്നതിനെ ന്യായീകരിക്കാനാകില്ലെന്നാണ് കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടുന്നത്. റവന്യു കമ്മി നികത്തുന്നതിനുള്ള കേന്ദ്ര ഗ്രാന്റ് കുറച്ചതിനാൽ 7,000 കോടി കേരളത്തിനു നഷ്ടപ്പെടും. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കുന്നതിനാൽ 12,000 കോടി വരുമാനത്തിൽ കുറവുണ്ടാകും. ഇതിനു പുറമേയാണു കടമെടുപ്പിൽ 4,000 കോടി ഈ വർഷം വെട്ടിക്കുറച്ചത്. ആകെ 23,000 കോടിയുടെ വരുമാനക്കുറവാണു കേരളത്തിനുണ്ടാകുക. ഭവന നിർമ്മാണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പ്രധാന മേഖലയിലെ ഒട്ടേറെ ക്ഷേമപദ്ധതികളെ ഇതു ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്ന വിഹിതം 25 വർഷം കൊണ്ട് 15.8 ശതമാനത്തിൽ നിന്നു 3% ആയി താഴ്ന്നിട്ടുണ്ട്. കേന്ദ്രത്തിന്റെ സാമ്പത്തികാധികാരം വ്യാഖ്യാനിക്കുകയല്ല കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ജോലി. അതു ചെയ്യേണ്ടതു ജുഡീഷ്യറിയാണ്. എത്രയോ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കു കടമെടുക്കുന്നുണ്ട്. സർക്കാർ ട്രഷറി നിക്ഷേപമായും മറ്റും സ്വീകരിക്കുന്ന പബ്ലിക് അക്കൗണ്ടിലെ പണം കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തുമെന്ന് 2017 ഓഗസ്റ്റിൽ കേന്ദ്രം അറിയിച്ചിരുന്നു. ഇതു പിൻവലിക്കണമെന്നുമാണ് കെ എൻ ബാലഗോപാൽ ആവശ്യപ്പെടുന്നത.
15ാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ധനം കൈകാര്യം ചെയ്യലും ഉൾപ്പെട്ടിരുന്നു. എന്നാൽ 2022-23ൽ ജിഡിപിയുടെ മൂന്നര ശതമാനവും 2023-24ൽ 3 ശതമാനവും മാത്രമേ സംസ്ഥാനങ്ങൾ കടമെടുക്കാവൂ എന്നു ശുപാർശ ചെയ്ത ധനകാര്യ കമ്മിഷൻ കേന്ദ്രം എത്ര തുക കടമെടുക്കണമെന്നു പറയാൻ തയാറായില്ല.
മറുനാടന് മലയാളി ബ്യൂറോ